Top

ഡിമെന്‍ഷ്യയെ കുറിച്ച് മനസിലാക്കുക, അള്‍ഷൈമേഴ്‌സിനെ കുറിച്ചും..

പൊതു സമൂഹത്തില്‍ ഡിമെന്‍ഷ്യ എന്ന അവസ്ഥയെ കുറിച്ചുള്ള അറിവില്ലായ്മയും, മിഥ്യാധാരണയും നിലനില്‍ക്കുന്നതുമൂലം ഡിമെന്‍ഷ്യ എന്ന രോഗാവസ്ഥയെ മുന്‍കൂട്ടി തിരിച്ചറിയുന്നതും ചികിത്സ നേടുന്നതും രോഗാവസ്ഥ മൂര്‍ച്ചിച്ചതിനു ശേഷമായിരിക്കും. രോഗാവസ്ഥ മുന്‍കൂട്ടി തിരിച്ചറിയുന്നത് ആ വ്യക്തിയുടെ ആരോഗ്യത്തെയും, സ്വഭാവത്തെയും കൂടുതല്‍ മോശമാവാതെ നിലനിര്‍ത്തുവാന്‍ കഴിയും.

21 Sep 2021 5:34 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

ഡിമെന്‍ഷ്യയെ കുറിച്ച് മനസിലാക്കുക, അള്‍ഷൈമേഴ്‌സിനെ കുറിച്ചും..
X

ഇതളൂര്‍ന്ന് വീണ പനിനീര്‍ ദളങ്ങള്‍... മലയാളികള്‍ക്ക് മുന്നില്‍ അല്‍ഷൈമേഴ്‌സ് അഥവാ മറവി രോഗം എന്നതിന്റെ നിസ്സഹായവസ്ഥ വരച്ചുകാട്ടിയ തന്‍മാത്രയിലെ ഗാനത്തിലെ വരികളാണിവ. ഒരിക്കലും തിരികെ കിട്ടാതെ ഒരു മനുഷ്യന്റെ ഓര്‍മ്മകള്‍ നഷ്ടപ്പെടുന്ന അവസ്ഥ അതാണ് അല്‍ഷൈമേഴ്‌സ്. ഡിമെന്‍ഷ്യ വിഭാഗത്തില്‍ ഏറ്റവും കൂടുതലായി കാണപ്പെടുന്ന രോഗമാണ് സ്മൃതിനാശം അഥവാ അല്‍ഷിമേഴ്‌സ് രോഗം (Alzheimer's disease). നിലവില്‍ ചികിത്സയില്ലാത്തതും സാവധാനം മരണകാരണമാവുന്നതുമായ ഒരു രോഗമാണിത്.

'ഡിമെന്‍ഷ്യയെ കുറിച്ച് മനസിലാക്കുക, അള്‍ഷൈമേഴ്‌സിനെ കുറിച്ച് മനസിലാക്കുക'

നമ്മുടെ തലച്ചോറിനെ ബാധിക്കുന്ന ഒരു കൂട്ടം അസുഖങ്ങളെക്കുറിച്ച് പറയുന്ന പേരാണ് ഡിമെന്‍ഷ്യ, ഇത് ഓര്‍മ്മകള്‍, ചിന്തിച്ചു പ്രവര്‍ത്തിക്കാനുള്ള കഴിവ്, സ്വഭാവം എന്നിവയെ ബാധിക്കുന്നു. മറവിമൂലം ജോലിയിലോ, ദൈനംദിന ജീവിതത്തിലോ പ്രശ്‌നങ്ങള്‍ ഉണ്ടാവുക, സുപരിചിതമായ ജോലികള്‍ ക്ലേശകരമാവുക, ഭാഷാസംസന്ധമായ ബുദ്ധിമുട്ടുകള്‍, സ്ഥലവും കാലവും തിരിച്ചറിയാനുള്ള ബുദ്ധിമുട്ട്,

കാര്യകാരണസഹിതം ചിന്തിക്കാനുള്ള ബുദ്ധിമുട്ട്, സാഹചര്യത്തിനൊത്തവണ്ണം തീരുമാനമെടുക്കുവാനും പ്രവൃത്തിക്കാനുമുള്ള ബുദ്ധിമുട്ട്, ഇപ്പോഴത്തെ കാര്യങ്ങള്‍ മറക്കുകയും, പഴയ കാര്യങ്ങള്‍ വ്യക്തമായി ഓര്‍ക്കുകയും സംസാരിക്കുകയും ചെയ്യുക, വികാരപ്രകടനത്തിലുള്ള മാറ്റം, സ്വതസിദ്ധമായ പെരുമാറ്റത്തിലും സ്വഭാവത്തിലും ഉണ്ടാകുന്ന മാറ്റം, സ്വമേധയ പ്രവൃത്തിക്കുവാനുള്ള ബുദ്ധിമുട്ട്, പൊതുചടങ്ങുകളില്‍ നിന്നും സുഹൃത്തുക്കളില്‍ നിന്നും ഉള്‍വലിയല്‍ എന്നിവയെല്ലാം ഡിമന്‍ഷ്വയുടെ ആദ്യഘട്ട ലക്ഷണങ്ങളാണ്. നിലവില്‍ ഡിമെന്‍ഷ്യ എന്ന അവസ്ഥയെ ചികിത്സിച്ചു ഭേദമാക്കുവാന്‍ സാധ്യമല്ല. പക്ഷേ ഡിമെന്‍ഷ്യാവസ്ഥയെ പെട്ടെന്നു തന്നെ മൂര്‍ച്ചിക്കാതെ നോക്കുവാനും, പരിചാരകര്‍ക്കു വേണ്ട സഹായങ്ങള്‍ക്കും ഇന്ന് സംവിധാനങ്ങളുണ്ട്.

എടിഐയുടെ റിപ്പോട്ടനുസരിച്ച് എല്ലാ 3 സെക്കന്‍ഡിലും ഒരു പുതിയ ഡിമെന്‍ഷ്യ ബാധിച്ച വ്യക്തി ഉണ്ടാകുന്നു, അങ്ങനെ ഒരു വര്‍ഷം ലോകമെമ്പാടും 99 ലക്ഷം ഡിമെന്‍ഷ്യ ബാധിതര്‍ ഉണ്ടാകുന്നുണ്ടെന്നും കണക്കാക്കുന്നു. നിലവില്‍ 5 കോടി 50 ലക്ഷം ഡിമെന്‍ഷ്യ ബാധിതരാണുള്ളത്. 2030 ആകുമ്പോള്‍ ഇത് 7കോടി 80 ലക്ഷം ഡിമെന്‍ഷ്യ ബാധിതരും, 2050 ആകുമ്പോഴേക്കും 13 കോടി 90 ലക്ഷം ഡിമെന്‍ഷ്യ ബാധിതര്‍ ഉണ്ടാകുമെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. രോഗികളുടെ എണ്ണത്തില്‍ ചൈനയും, അമേരിക്കയും കഴിഞ്ഞാല്‍ 41 ലക്ഷം രോഗികളുള്ള ഇന്ത്യയാണ് മൂന്നാമത് നില്‍ക്കുന്നത്. ഡിമെന്‍ഷ്യ രോഗിബാധിതരില്‍ 60% ത്തോളം വികസ്വര രാജ്യങ്ങളിലാണ് ഉള്ളത്.

പക്ഷേ നമ്മുടെ രാജ്യത്ത് പത്ത് ശതമാനം ആളുകളില്‍ കൂടുതല്‍ രോഗനിര്‍ണ്ണയം നടക്കുന്നില്ല എന്നത് ഒരു വസ്തുതയാണ്. പൊതു സമൂഹത്തില്‍ ഡിമെന്‍ഷ്യ എന്ന അവസ്ഥയെ കുറിച്ചുള്ള അറിവില്ലായ്മയും, മിഥ്യാധാരണയും നിലനില്‍ക്കുന്നതുമൂലം ഡിമെന്‍ഷ്യ എന്ന രോഗാവസ്ഥയെ മുന്‍കൂട്ടി തിരിച്ചറിയുന്നതും ചികിത്സ നേടുന്നതും രോഗാവസ്ഥ മൂര്‍ച്ചിച്ചതിനു ശേഷമായിരിക്കും. രോഗാവസ്ഥ മുന്‍കൂട്ടി തിരിച്ചറിയുന്നത് ആ വ്യക്തിയുടെ ആരോഗ്യത്തെയും, സ്വഭാവത്തെയും കൂടുതല്‍ മോശമാവാതെ നിലനിര്‍ത്തുവാന്‍ കഴിയും.

അതുകൊണ്ടു തന്നെ ഈ വര്‍ഷത്തെ സെപ്തംബര്‍ 2021 ലോക അള്‍ഷൈമേഴ്‌സ് ദിന സന്ദേശമായി പ്രചരിപ്പിക്കുന്നത് 'ഡിമെന്‍ഷ്യയെ കുറിച്ച് മനസിലാക്കുക, അള്‍ഷൈമേഴ്‌സിനെ കുറിച്ച് മനസിലാക്കുക' എന്നതാണ്. ഈ രോഗാവസ്ഥയെപ്പറ്റിയുള്ള അറിവും പരിശീലനവും മെച്ചപ്പെടുത്തി സമൂഹത്തില്‍ ഡിമെന്‍ഷ്യ ബാധിച്ചവരെ നേരത്തെ തിരിച്ചറിയുക എന്നത് ഒരു പ്രധാനപ്പെട്ട ഘടകമാണ്. അതിനായി സര്‍ക്കാരും സംഘടനകളും, ജനങ്ങളും ഈ മേഘലയില്‍ പുതിയ പദ്ധതികളും പ്രവര്‍ത്തനങ്ങളുമായി മുന്നോട്ട് വരേണ്ടത് അനിവാര്യമാണ്.

ഡിമെന്‍ഷ്യയില്‍ പൊതുവായി 60% മുതല്‍ 80% വരെ അള്‍ഷൈമേഴ്‌സ് ഡിമെന്‍ഷ്യയാണ് കാണപ്പെടുന്നത്, അമലോയ്ഡ് ഫേക്ക് ന്യൂറോണുകളുടെ ഇടയില്‍ അടിഞ്ഞുകൂടുന്നതു മൂലമാണ് അള്‍ഷൈമേഴ്‌സ് ഡിമെന്‍ഷ്യ ഉണ്ടാവുന്നത്. ഓര്‍മ്മുറവ്, പുതിയ കാര്യങ്ങള്‍ ഗ്രഹ്യമാക്കുവാന്‍ പറ്റാതാവുക, സ്ഥലവും കാലവും തിരിച്ചറിയാനുള്ള ബുദ്ധിമുട്ട് തുടങ്ങിയവയെല്ലാം അള്‍ഷൈമേഴ്‌സിന്റെ ലക്ഷണങ്ങളാണ്. 20% മുതല്‍ 30% വരെ വാസ്‌കുലാർ ഡിമെന്‍ഷ്യയാണ് കാണപ്പെടുന്നത്. ഓര്‍മ്മുറവ്, ചിന്തിക്കാനുള്ള കഴിവ്, സംസാരിക്കുന്നതിനും, മനസ്സിലാക്കുന്നതിനുള്ള ബുദ്ധിമുട്ട്, സ്ഥലവും കാലവും തിരിച്ചറിയാനുള്ള ബുദ്ധിമുട്ട് തുടങ്ങിയവയെല്ലാം വാസ്‌കുലാർ ഡിമെന്‍ഷ്യയുടെ ലക്ഷണങ്ങളാണ്.

ഡോ ഫ്രെഡ്രിക് ലെവി ആണ് ലെവിബോഡി ഡിമെന്‍ഷ്യ കണ്ടുപിടിച്ചത്, അല്‍ഫാസ് ന്യൂക്ലേന്‍ എന്ന അസ്വഭാവിക പ്രോട്ടീന്‍ തലച്ചോറില്‍ അടിഞ്ഞുകൂടുന്നതു മൂലമാണ് ലെവിബോഡി ഡിമെന്‍ഷ്യ ഉണ്ടാവുന്നത്. 10% മുതല്‍ 20% വരെ ആളുകളില്‍ ലെവിബോഡി ഡിമെന്‍ഷ്യയാണ് കാണപ്പെടുന്നത്, ഇത് പൊതുവേ പാര്‍ക്കിന്‍സണ്‍സ് അസുഖമുള്ളവരില്‍ കണ്ടു വരുന്നു. കാര്യകാരണസഹിതം ചിന്തിക്കാനുള്ള ബുദ്ധിമുട്ട്, ഡെലൂഷന്‍, ഹാലൂസിനേഷന്‍ എന്നിവയെല്ലാം ലെവിബോഡി ഡിമെന്‍ഷ്യയുടെ ലക്ഷണങ്ങളാണ്. ഫ്രണ്ടോടെമ്പറല്‍ ഡിമെന്‍ഷ്യയുടെ ലക്ഷണങ്ങള്‍ വ്യക്തിത്വത്തിലും, സ്വഭാവത്തിലും ഉള്ള മാറ്റം, നിസംഗത, സഹാനുഭൂതി ഇല്ലാതാവുക എന്നിവയാണ്, ഫ്രാണ്ടോടെമ്പറല്‍ ഡിമെന്‍ഷ്യ 45 വയസ്സിനും 65 വയസ്സിനും ഇടയില്‍ ഉള്ളവരില്‍ കണ്ടുവരുന്നു.

ഡിമെന്‍ഷ്യ വരുന്നതിനുള്ള കാരണങ്ങള്‍:

അമിതവണ്ണം, രക്തസമ്മര്‍ദ്ധം, പ്രമേഹം, കൊളസ്‌ട്രോള്‍, പുകവലി, മദ്യപാനം, പക്ഷാഘാതം, തലക്കേല്‍ക്കുന്ന ക്ഷതം, വ്യായാമം ചെയ്യാതിരിക്കുക, പാരമ്പര്യം, 65 വയസ്സു കഴിഞ്ഞവരില്‍ വിറ്റാമിന്‍ ബി1, 12 എന്നിവയുടെ കുറവ്, തൈറോയ്ഡ് ഹോര്‍മോണിന്റെ അഭാവം എന്നിവയെല്ലാം ഡിമെന്‍ഷ്യ വരുന്നതിനുള്ള കാരണങ്ങള്‍ ആണ്. എം.എം.എസ്, ഇ. പരിശോധന, എം.ആര്‍.ഐ അല്ലെങ്കില്‍ സി.ടി. സ്‌കാന്‍, വിറ്റാമിന്‍ ബി12 /തൈറോയ്ഡ് ഹോര്‍മോണിന്റെ പരിശോധന എന്നിവയിലൂടെയാണ് രോഗനിര്‍ണ്ണയം നടത്തുന്നത്.

പരിചരണവും പരിചാരകരും:

ദേഹശുദ്ധി, മലമൂത്രവിസര്‍ജനം, ഭക്ഷണം, ഉറക്കം, ദേഷ്യം, വീട്ടില്‍ നിന്നുള്ള ഇറങ്ങിപ്പോക്ക്, സംശയത്തോടുകൂടിയുള്ള പെരുമാറ്റം, കുറ്റപ്പെടുത്തല്‍, ആവര്‍ത്തിച്ചുള്ള സംസാരം, പിറുപിറുക്കല്‍, ഒന്നിലും താത്പര്യമില്ലാത്ത അവസ്ഥ, ഉത്കണ്ഠ തുടങ്ങിയവയാണ് പൊതുവില്‍ പരിചാരകര്‍ അറിയിക്കുന്ന പ്രശ്‌നങ്ങള്‍, കൃത്യമായ ചികിത്സയും, തെറാപ്പികളും, പരിശീലനം ലഭിച്ച പരിചാരകരുടെ ഇടപെടലുകളിലൂടെയും ഇത്തരത്തിലുള്ള പ്രശ്‌നങ്ങളെ മിറകടക്കുന്നതിന് സഹായകമാവും. ഡിമെന്‍ഷ്യ ബാധിതരുടെ ആവശ്യങ്ങള്‍ മുന്‍കൂട്ടി കാണുക, ലഘുവ്യയാമങ്ങള്‍ ചെയ്യിപ്പിക്കുക, ഒരു സമയം ഒരു കാര്യം മാത്രം ആവശ്യപ്പെടുക, വ്യക്തതയോടെ സംസാരിക്കുക, നോ പറയാതിരിക്കുക, കുറ്റപ്പെടുത്താതിരിക്കുക, കഥ/പത്രം വായിപ്പിക്കുകയോ വായിച്ച് കൊടുക്കുകയോ ചെയ്യുക, പാട്ട് കേള്‍പ്പിക്കുക, അവരുടെ റും ആവശ്യത്തിന് വെളിച്ചം ഉണ്ടായിരിക്കേണ്ടതാണ്.

ഡിമെന്‍ഷ്യ ബാധിതരുടെ തലച്ചോറായിട്ടാണ് ഒരു പരിചാരകന്‍ പ്രവര്‍ത്തിക്കേണ്ടത്, കൂടാതെ ഒരു പുഞ്ചിരിയോടുകൂടി സ്‌നേഹിച്ചും, ക്ഷമിച്ചും, സഹനത്തോടും കൂടി മാത്രമേ ഡിമെന്‍ഷ്യ ബാധിതരെ പരിചരിക്കുവാന്‍ കഴിയൂ. അതാണ് ഒരു പരിചാരകന്റെ കഴിവും. ഡിമെന്‍ഷ്യ ബാധിതരുടെ ഇഷ്ടാനിഷ്ടങ്ങള്‍ തിരിച്ചറിഞ്ഞ് ദിവസക്രമം ടൈംടേബിള്‍ പ്രകാരം ചിട്ടപ്പെടുത്തിയുള്ള പരിചരണം ഒരു പരിധിവരെ ലളിതമാക്കുവാന്‍ സഹായിക്കും. ഇന്നത്തെ അണുകുടുംബ വ്യവസ്ഥയില്‍ പലപ്പോഴും ഒരാള്‍ മാത്രമാണ് പരിചാരകരായി ഉണ്ടാവുന്നത്, ഡിമെന്‍ഷ്യ എന്ന അവസ്ഥ ബാധിക്കുന്നത് ഒരു വ്യക്തിയെമാത്രമല്ല അവരുടെ കുടുംബങ്ങളെ കൂടിയാണ്, കാരണം സാമ്പത്തികമായും, സാമൂഹികമായും, മാനസീകമായും ആ കുടുംബം താഴേക്ക് പോകുന്നു.

പരിശീലനം ലഭിച്ച പരിചാരകരുടെ അഭാവം ഉള്ളതിനാല്‍ കുടുംബപരിചാരകന്‍ തന്നെ ഡിമന്‍ഷ്യ ബാധിച്ച വ്യക്തിയെ പരിചരിക്കുന്ന അവസ്ഥ സംജാതമാകുന്നു. അതിനുമാത്രമായി ഒരാളുടെ സമയം മുഴുവന്‍ നീക്കിവെക്കേണ്ടി വരുന്നു. കുടുംബങ്ങളില്‍ നടക്കുന്ന ചടങ്ങുകളിലോ, പൊതുആഘോഷങ്ങളിലോ പങ്കെടുക്കുവാനോ പരിചാരകന് പറ്റാറില്ല. വര്‍ഷങ്ങളോളം ഈ ഒരവസ്ഥ തുടരേണ്ടി വരുന്നതു മൂലം ഇവര്‍ മാനസികമായി തളരുന്നു. ഗൃഹനാഥനാണ് ഡിമന്‍ഷ്യ ബാധിതച്ചതെങ്കില്‍ വരുമാനം നിലക്കുന്നു, മറ്റു ചികിത്സകളും അവതാളത്തിലാവുന്നു. കൊവിഡ് 19ന്റെ ഭാഗമായി ഡിമെന്‍ഷ്യ ബാധിതര്‍ വീടുകളില്‍ തന്നെ പുറത്തിറങ്ങാന്‍ പറ്റാതെ ദീര്‍ഘമായി തുടരുന്നതു മൂലം പരിചരണം കുടുംബ പരിചാരകര്‍ക്ക് തുടര്‍ച്ചയായി നല്‍കേണ്ടതായി വരുന്നു. വിദഗ്ദപരിശീലനം ലഭിക്കാത്ത കുടുംബ പരിചാരകരുടെ പരിമിതി മൂലം ഇവരുടെ പെരുമാറ്റത്തിലും അനുബന്ധ അസുഖങ്ങളിലും ആരോഗ്യത്തിലും മാറ്റം വരുത്തും, അത് ഡിമെന്‍ഷ്യാവസ്ഥയിലും പ്രകടമായി കാണും. ഈ അവസ്ഥ കുടുബാംഗങ്ങളില്‍ മാനസിക സമ്മര്‍ദ്ദത്തിനും വഴിവെക്കുന്നു. അതുകൊണ്ടുതന്നെ ഡിമന്‍ഷ്യ ബാധിതരും അവരുടെ പരിചാരകരും അവരുടെ നീണ്ട യാത്രയില്‍ തനിച്ചല്ലയെന്നും നമ്മുടെ സര്‍ക്കാരും സമൂഹവും കൂടെ ഉണ്ടെന്നും ആ കുടുംബങ്ങളെ ധരിപ്പിക്കേണ്ട ഉത്തരവാദിത്വം നമ്മളോരോരുത്തരുടെയും കൂടി കടമയാണ്.

മറവി രോഗലക്ഷണങ്ങള്‍ പ്രകടമാകുന്നതിന് വളരെ മുന്‍പേ തന്നെ രോഗവുമായി ബന്ധപ്പെട്ട വ്യതിയാനങ്ങള്‍ ഒരാളുടെ തലച്ചോറില്‍ ആരംഭിക്കുന്നു. അതിനാല്‍ ചിട്ടയായ ജീവിത ക്രമവും, ഫലപ്രദമായ പ്രതിരോധ മാര്‍ഗ്ഗങ്ങള്‍ മധ്യവയസ്സിലേ തുടങ്ങേണ്ടതാണ്. രക്തസമ്മര്‍ദ്ദം, പ്രമേഹം, കൊളസ്‌ട്രോള്‍ തുടങ്ങിയവ നിയന്ത്രിക്കുക, ഭക്ഷണത്തില്‍ കൊഴുപ്പ്, പുകവലി, ലഹരിമരുന്ന്, മദ്യപാനം തുടങ്ങിയവ ഒഴിവാക്കുക. മസ്തിഷ്‌കത്തിന് ക്ഷതമേല്‍ക്കാത്തവിധം അപകടങ്ങളില്‍ നിന്ന് മുന്‍കരുതല്‍ എടുക്കുക. മാനസിക വ്യായാമങ്ങളില്‍ ഏര്‍പ്പെടുക. സാമൂഹ്യവും മാനസികവുമായ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുക എന്നിവയൊക്കെയാണ് ഡിമന്‍ഷ്യയെ പ്രതിരോധിക്കാന്‍ നമുക്ക് ചെയ്യാവുന്ന നടപടികള്‍.

ഡിമെന്‍ഷ്യ ബാധിതരെ പരിപാലിക്കുന്നതിനും, സമൂഹത്തില്‍ ഈ വിഷയത്തിനുവേണ്ട ബോധവത്കരണം നടത്തുന്നതിനും തികച്ചും സൗജന്യമായി കേരള സര്‍ക്കാര്‍ സാമൂഹ്യ നീതി വകുപ്പ് നടപ്പിലാക്കുന്ന പദ്ധതിയാണ് കേരള സ്റ്റേറ്റ് ഇനീഷ്യേറ്റീവ് ഓണ്‍ ഡിമെന്‍ഷ്യ- സ്മൃതിപഥം. ഈ പദ്ധതി സാമൂഹ്യ നീതി വകുപ്പിന്റെ ധനസഹായത്തോടു കൂടി എ.ആര്‍.ഡി.എസ്.ഐ. ആണ് നടപ്പിലാക്കുന്നത്. ഈ പദ്ധതിയുടെ കീഴില്‍ എറണാകുളം ജില്ലയില്‍ ഒരു മുഴുവന്‍ സമയ ഡിമന്‍ഷ്യ പരിചരണ കേന്ദ്രവും, തൃശ്ശൂര്‍ ജില്ലയില്‍ ഒരു ഡിമന്‍ഷ്യ പകല്‍പരിചരണ കേന്ദ്രവും പ്രവര്‍ത്തിച്ചുവരുന്നു. ഡിമെന്‍ഷ്യരോഗികളോടും അവരുടെ കുടുംബപരിചാരകരോടുള്ള പ്രതിബദ്ധത കണക്കിലെടുത്ത് അവര്‍ അര്‍ഹിക്കുന്ന ബഹുമാനത്തോടെ അഭിമാനപൂര്‍വ്വം ജീവിക്കാനുള്ള അവകാശം പൂര്‍ണ്ണമായും നൽകാമെന്ന് നമുക്ക് പ്രതിജ്ഞ എടുക്കാം.

ഡിമന്‍ഷ്യ ഹെല്‍പ്പ് ലൈന്‍: 8592007762

Popular Stories

    Next Story