Top

ഉത്കണ്ഠ നല്ലതിനാണ് !

ഈ ആകുലതകൾ കാരണം ഏർപ്പെടുന്ന കാര്യങ്ങളിൽ കൂടുതൽ നന്നായി ഫോക്കസ് ചെയ്യാനും, കൂടുതൽ മെച്ചപ്പെട്ട പ്രകടനവും വിജയവും കൈവരിക്കാനും സാധിക്കും.

28 Sep 2021 6:44 AM GMT
നിഷ അജിത്

ഉത്കണ്ഠ നല്ലതിനാണ് !
X

ടെൻഷൻ, സ്ട്രെസ്സ് എന്നീ പദങ്ങളുടെ ജനകീയമായ നിർവചനം തിരഞ്ഞാൽ സമ്മർദ്ദം, ഉത്കണ്ഠ എന്നൊക്കെ കിട്ടും. കുറച്ചൂടെ വിശാലാർത്ഥത്തിൽ തിരഞ്ഞാൽ അനുഭവിക്കുന്നയാളെയും, കൂടെ നിൽക്കുന്നവരെയും ഒരേപോലെ 'വലിപ്പിക്കുന്ന' ഒന്ന് എന്ന് പറയാനാകും. അനുഭവിക്കുന്നയാൾ ആരോടും പങ്കുവെച്ചില്ലെങ്കിൽ പോലും അയാളുടെ മുഖവും, ശരീരഭാഷയുമെല്ലാം ആ വ്യക്തി എന്തോ ഒരു ഭാരം ചുമക്കുന്നുണ്ടെന്ന് വ്യക്തമാക്കും. അല്ലെങ്കിൽ ഒരുപക്ഷെ പങ്കുവെക്കുന്നതിലൂടെയോ പൊട്ടിത്തെറിക്കുന്നതിലൂടെയോ കേൾക്കുന്നവരിലേക്കും കൂടി ആ പീഡനം വ്യാപിപ്പിക്കും. രണ്ടായാലും പ്രസ്തുത വ്യക്തിയുമായി അടുത്ത ബന്ധം പുലർത്തുന്നവർ പെടും.

ഇതിൽ തന്നെ ചിലർക്ക് വല്ലപ്പോഴും മാത്രമേ ഈ ഉത്കണ്ഠയോ സമ്മർദമോ ഉണ്ടാകൂ..പക്ഷെ മറ്റേ കൂട്ടർ എന്തിലും, ഏതിലും ടെൻഷനുള്ള വകുപ്പ് കണ്ടെത്തുന്നവരാണ്. അതായത് രാവിലെ തിളപ്പിച്ച പാൽ പിരിഞ്ഞു പോയാൽ ടെൻഷൻ , വീട് പൂട്ടി പുറത്തിറങ്ങിയാലും പിന്നാലെ തന്നെ ചുരുങ്ങിയത് രണ്ടു പ്രാവശ്യമെങ്കിലും ഉള്ളിൽ കയറി റെഗുലേറ്റർ പൊസിഷൻ പരിശോധിച്ചില്ലെങ്കിൽ ടെൻഷൻ, ഉപയോഗിക്കുന്ന ഒരു പാത്രം ആ സ്ഥാനത്തു കാണാതാവുകയോ, രാവിലെ അലക്കാനിട്ട തുണി വൈകീട്ട് നാലായിട്ടും ഉണങ്ങിയില്ലെങ്കിലോ വരെ പൊരിഞ്ഞ ടെൻഷൻ. ആ വിഭാഗക്കാരെ പറ്റിയാണിവിടെ പറയുന്നത്.

ഈ കൂട്ടത്തിൽപ്പെട്ടവർ ഒരുപക്ഷെ നമ്മളിൽ പലരുമാകാം അല്ലെങ്കിൽ പലരുടെയും കുടുംബത്തിലോ, ജോലിസ്ഥലത്തോ, കൂടെ പഠിക്കുന്നവരോ ഒക്കെയാകാം..എന്നു വെച്ചാൽ ഈ ലക്ഷണക്കാരെ തപ്പി നടന്നു ബുദ്ധിമുട്ടേണ്ടി വരില്ലെന്ന് ! ഇത്തരക്കാർക്ക് പരീക്ഷിച്ചു നോക്കാവുന്ന ചില നുറുങ്ങുകളാണ് ഇനി പറയുന്നത് :-

(1) നിങ്ങൾ തൊട്ടതിനും പിടിച്ചതിനുമൊക്കെ ഉത്കണ്ഠപ്പെടുന്ന സ്വഭാവമുള്ളയാളാണോ..? ആണെങ്കിൽ പോലും ഈ സ്വഭാവത്തിന്റെ പേരിൽ നിങ്ങൾ അങ്ങനങ് വിമർശിക്കപ്പെടേണ്ടേ വ്യക്തിയല്ലത്രെ. യാതൊരു ആശങ്കയുമില്ലാതെ കൂൾ-കൂൾ ആയി നടക്കുന്ന ടീമ്സിനേക്കാൾ, ഏതു രംഗത്തും കൂടുതൽ മെച്ചപ്പെട്ട പ്രകടനവും വിജയവും കൈവരിക്കാൻ നിങ്ങൾക്കാകുമത്രേ. ഈ ആകുലതകൾ കാരണം നിങ്ങൾ ഏർപ്പെടുന്ന കാര്യങ്ങളിൽ കൂടുതൽ നന്നായി ഫോക്കസ് ചെയ്യുമെന്നും, കൊച്ചു കൊച്ചു നേട്ടങ്ങളിലും, നല്ല വാക്കുകളിലും അല്പം കൂടുതൽ പ്രചോദിതരാകുകയും ചെയ്യുമെന്ന് പറഞ്ഞാൽ എന്താ നിസ്സരകാര്യമാണോ..?

(2) ആശ്വസിക്കാൻ വേറെയൊരു കാര്യം പറയാം. അൽപ്പാൽപ്പമായി ഇങ്ങനെ ആശങ്കപ്പെട്ടു കൊണ്ടിരിക്കുന്നത് നമ്മുടെ തലച്ചോറിനെ ആരോഗ്യപ്പെടുത്തുന്നുണ്ടെന്നാണ് പഠനങ്ങൾ പറയുന്നത്. നമ്മളെന്തോ പണി ഇടതടവില്ലാതെ തലച്ചോറിന് കൊടുക്കുകയാണ്, വെറുതെയിരുത്തുകയല്ല എന്ന തോന്നൽ മാത്രം മതി തലച്ചോറിനെ 'ജിങ്കാലാല' പാടിക്കാൻ പോലും. അല്ലെങ്കിലും വെറുതെയിരിക്കുന്നതിലും നല്ലതാണല്ലോ എന്തെങ്കിലും ചെയ്തുകൊണ്ടിരിക്കുന്നതിനേക്കാൾ നല്ലത്..!

ഇനി പറഞ്ഞു തുടങ്ങിയതിലേക്ക് വീണ്ടും വരാം. അതായത് ടെൻഷൻ ഇനിയല്പം കൂടുതലായാലും എന്തെങ്കിലും 'ഫ്ലേവർ' ചേർത്ത് അതിനെയങ് ചവച്ചിറക്കിയാൽ ആ ഭാരം നമുക്ക് കുറക്കാൻ പറ്റുമെന്ന്. അതേ.. ച്യൂയിംഗം ചവയ്ക്കുന്നത് പിരിമുറുക്കം കുറക്കാനും, ശ്രദ്ധ കേന്ദ്രീകരിക്കാനും സഹായിക്കുമെന്ന് തന്നെ ..! ഇതിനു ശാസ്ത്രീയമായ അടിസ്ഥാനവും ചൂണ്ടി കാണിക്കുന്നുണ്ട്. അപ്പൊ ഇനി ച്യൂയിംഗമിനെ വിലകുറച്ചു കാണാതെ ധാരാളമായി വാങ്ങി സ്റ്റോക്ക് ചെയ്തോളൂ ...വേണ്ടപ്പോ വേണ്ടപ്പോ എടുത്തു ചവച്ചോളൂ.

പക്ഷെ മനഃക്ലേശമോ പിരിമുറുക്കമോ താങ്ങാനാവുന്നതിലും മേലെയാണെന്ന് തിരിച്ചറിഞ്ഞാൽ ഒട്ടും വൈകാതെ തന്നെ ഒരു വിദഗ്‌ധ സഹായം തേടേണ്ടതാണ്. കാരണം അതിയായ സമ്മർദ്ദം നിങ്ങളുടെ ശരീരത്തെയും ചിന്തകളെയും വികാരങ്ങളെയും പെരുമാറ്റത്തെയും പ്രതികൂലമായി ബാധിച്ചേക്കാം.

Next Story