മനസ്സുക്ക് പുടിക്കും ആനാ ബുദ്ധിക്ക് പുടിക്കാത്
നിങ്ങള്‍ക്കറിയാമോ, എല്ലൊടിയുമ്പോൾ ഉണ്ടാകുന്ന അതേ വേദനയാണ് ഹൃദയഭേദകമായ വാർത്തകളോട് പ്രതികരിക്കുമ്പോഴും തലച്ചോർ പ്രകടിപ്പിക്കുന്നതെന്നാണ് പുതിയ അറിവുകൾ.
6 Sep 2021 12:44 PM GMT
നിഷ അജിത്

മനുഷ്യനെ മുന്നോട്ട് നയിക്കുന്നതിൽ അവന്റെ തലച്ചോറിനുള്ള പങ്ക് അവഗണിക്കാവുന്നതല്ല. പക്ഷെ ചിന്തകൾ രൂപപ്പെടുന്നതും തീരുമാനങ്ങൾ കൈക്കൊള്ളുന്നതുമെല്ലാം അധികവും മനസ്സ് കൊണ്ടാണെന്നാണ് നമ്മുടെ ഒരു പക്ഷം. തലച്ചോറ് അഥവാ ബ്രെയിൻ ഒരു അവയവമാണ്..നമുക്കത് കാണാം. പക്ഷെ എന്താണ് മനസ്സ്..? എവിടെയാണതുള്ളത്...?
മനസ്സ്, മനസാക്ഷി എന്നൊക്കെയുള്ള ഓമനപ്പേരിൽ നമ്മൾ പലപ്പോഴും മൃദുല വികാരങ്ങളെ ഉൾപ്പെടുത്തുന്നത് യഥാർത്ഥത്തിൽ തലച്ചോറിന്റെ തന്നെ പ്രത്യേക ഭാഗങ്ങളെയാണെന്നാണ് ഗവേഷണങ്ങൾ തെളിയിക്കുന്നത്. മനസ്സിനെ, മസ്തിഷ്ക പ്രവർത്തനത്തിന്റെ ഉത്പന്നമായി നിർവ്വചിക്കാൻ ശാസ്ത്രജ്ഞർ ശ്രമിച്ചിട്ടുണ്ട്. അതായത് മസ്തിഷ്കം, ന്യൂറോണുകളുടെ ബോധപൂർവമായ ഉത്പന്നമാണ് പോലും. അതുകൊണ്ടു തന്നെയാകും ബ്രെയിൻ ഉത്സാഹവും ഊർജ്ജവും പ്രകടിപ്പിച്ചില്ലെങ്കിൽ നമ്മൾ മൊത്തത്തിൽ മൂഡ് ഓഫ് ആകുന്നതും ക്ഷീണിതരായി പോകുന്നതും.
നിങ്ങള്‍ക്കറിയാമോ, എല്ലൊടിയുമ്പോൾ ഉണ്ടാകുന്ന അതേ വേദനയാണ് ഹൃദയഭേദകമായ വാർത്തകളോട് പ്രതികരിക്കുമ്പോഴും തലച്ചോർ പ്രകടിപ്പിക്കുന്നതെന്നാണ് പുതിയ അറിവുകൾ. സ്വപ്നത്തിൽ കാണുന്ന ഭീകര ദൃശ്യങ്ങളെ യഥാർത്ഥത്തിൽ അനുഭവിക്കുന്നതായി തോന്നിക്കുന്നതും തലച്ചോറിന്റെ ഇതേ പ്രത്യേകതകൾ കൊണ്ടാണത്രേ. കാര്യങ്ങൾ ഇങ്ങനെയായ സ്ഥിതിക്ക് തലച്ചോറിന് ഉന്മേഷം പകർന്ന് എങ്ങനെയെല്ലാം ഊർജ്ജസ്വലരാകാം എന്നൊന്ന് നോക്കാം.
നൂറ്റാണ്ടുകൾക്കു മുൻപേ ആധ്യാത്മിക ആചാര്യന്മാർ പറഞ്ഞ അതെ കാര്യങ്ങളാണ് തലച്ചോറിന് ആരോഗ്യം പകരാൻ ഇന്ന് ശാസ്ത്രജ്ഞരും ആവർത്തിക്കുന്നത്. സഹാനുഭൂതി, ദയ, ക്ഷമ, കൃതജ്ഞത എന്നിവയാണ് മനുഷ്യന് സംതൃപ്തി പകരുന്ന പ്രധാന വികാരങ്ങള്‍. മറ്റുള്ളവർക്കായി സേവനം ചെയ്യുമ്പോഴും, അപരിചിതരെ പോലും സഹോദരങ്ങളായി കാണുമ്പോഴും തലച്ചോറിനുണ്ടാകുന്ന മാറ്റങ്ങൾ വളരെ ഗുണപ്രദവും ആശാവഹവുമാണെന്നാണ് പഠനങ്ങൾ സൂചിപ്പിക്കുന്നത്. അന്യർക്കായി കരുതുമ്പോഴും അവരെ കേൾക്കുമ്പോഴും നമ്മൾ നമ്മളെ തന്നെയാണ് യഥാർത്ഥത്തിൽ പരിഗണിക്കുന്നത്..അഥവാ ഇത്തരം പ്രവൃത്തികളിലൂടെ തലച്ചോറിനുണ്ടാകുന്ന ആനന്ദം പലമടങ്ങാണ്.
ആത്മവിശ്വാസമില്ലായ്മയും, ഭയവും അകറ്റാനും, സ്വന്തം മൂല്യം തിരിച്ചറിഞ്ഞു സന്തോഷവാനാകാനും ഈ പ്രവൃത്തികൾ സഹായിക്കുമത്രേ. ഇതെല്ലാം വായിക്കുമ്പോൾ ശരിയാണെന്ന് തോന്നുന്നുണ്ടോ..? ഇതേ അനുഭവങ്ങൾ നിങ്ങൾക്കും ഉണ്ടായതായി ഓർക്കുന്നുണ്ടോ..? വേദനിക്കുന്ന ഒരു വ്യക്തിയെ കണ്ട് തകർന്നു പോയിട്ടുണ്ടോ നിങ്ങൾ..? അപരിചിതന് ഒരു സഹായം ചെയ്ത നിമിഷങ്ങൾ മനസ്സിൽ നിന്നും മായാതെ നിൽക്കുന്നുണ്ടോ..? എന്നാൽ മടിച്ചു നിൽക്കാതെ ഈ മനോഹരങ്ങളായ അനുഭവത്തിനായി ഉടനെ തയ്യാറെടുത്തോളൂ..കനിവും ഉപകാരസ്മരണയും ദിനവും നിങ്ങളിൽ തിളങ്ങട്ടെ.