മുളനാരുകളിൽ നിന്നും സാനിട്ടറി നാപ്‌കിൻസ്
അലർജികളും അണുബാധകളും ഒഴിവാക്കാന്‍ ഇത്തരം പരിസ്ഥിതി സൗഹാർദ്ദ പാഡുകൾ സഹായകമാണ്. ഇവ ഉപയോഗിക്കാൻ വളരെ സൗകര്യപ്രദമാണെന്ന് മാത്രമല്ല, സാധാരണക്കാർക്ക് താങ്ങാനാവുന്ന വിലയിൽ ലഭ്യവുമാണ്.
17 Sep 2021 8:20 AM GMT
നിഷ അജിത്

പരിസ്ഥിതി സൗഹാർദ്ദമായ ഉൽപ്പന്നങ്ങൾ ഉപയോഗിക്കുക എന്നത് കാലത്തിന്റെ ഒരു ആവശ്യമായി കഴിഞ്ഞിരിക്കുന്നു. പ്ലാസ്റ്റിക് എന്ന ഭീകരനെ ഉപേക്ഷിക്കുക, ഭൂമിക്കു ഭാരമാകാതെ പരിസ്ഥിതിയുമായി ഇണങ്ങി പോകുന്ന വസ്തുക്കൾ ഉപയോഗിക്കുക അങ്ങനെ അടുത്ത തലമുറയ്ക്ക് കൂടി വേണ്ടി ഈ ഭൂമിയെ കാത്തുസൂക്ഷിക്കുക എന്നത് ഇന്നൊരു ഉത്തരവാദിത്തമാണ്. അത്യാധുനിക വാഹനങ്ങളുടെ രൂപകൽപ്പന മുതൽ വ്യക്തിഗത പരിചരണ ഉൽപ്പന്നങ്ങളായ സോപ്പിലും ഷാംപൂവിലും എന്തിനധികം സാനിട്ടറി പാഡുകൾ വരെ ഈയൊരു നന്മ ഉൾക്കൊണ്ട് രൂപം മാറുകയാണ്.
മുള കൊണ്ടുള്ള സാനിട്ടറി പാഡുകളാണ് പരിസ്ഥിതി സൗഹാർദ്ദ രംഗത്ത് ഈയിടെ ഏറ്റവുമധികം ചർച്ച ചെയ്യപ്പെട്ട പുതിയ ഉത്പന്നം. ഈ പാഡുകളിലെ ഏറ്റവും മുകളിലെ പാളി ഓർഗാനിക് കോട്ടൺ കൊണ്ടും പാഡിന്റെ കാതലായ ഭാഗം മുള നാരുകൾ കൊണ്ടുമാണ് നിർമ്മിച്ചിരിക്കുന്നത്. ഇത് ഉപഭോക്താവിന് നനവില്ലാത്തതും സുഖകരവുമായ അനുഭവം ഉറപ്പാക്കാൻ സഹായിക്കും.
സാധാരണ പാഡുകളുടെ ഉപയോഗത്തിലൂടെ പലർക്കും ഉണ്ടാകുന്ന അലർജികളും അണുബാധകളും ഒഴിവാക്കാനും ഇത്തരം പരിസ്ഥിതി സൗഹാർദ്ദ പാഡുകൾ സഹായകമാകും. സാധാരണരീതിയിൽ രക്തസ്രാവം ഉള്ളവർക്ക് ഏകദേശം 8 മണിക്കൂറുകളോളം ഇത്തരമൊരു പാഡ് ഉപയോഗിക്കാനാകും. ഇവ ഉപയോഗിക്കാൻ വളരെ സൗകര്യപ്രദമാണെന്ന് മാത്രമല്ല, സാധാരണക്കാർക്ക് താങ്ങാനാവുന്ന വിലയിൽ ലഭ്യവുമാണ്. ഈ സാനിറ്ററി നാപ്കിനുകൾ ബയോഡീഗ്രേഡബിൾ കൂടി ആണെന്നതിനാൽ പ്ലാസ്റ്റിക് ഉപയോഗം കുറയുന്നു എന്നതും ശ്രദ്ധേയമാണ്.
അമിതരക്ത സ്രാവമുള്ള ദിനങ്ങളിൽ ഉപയോഗിക്കാനാകുന്ന തരത്തിൽ പല വലിപ്പത്തിലും, വശങ്ങളിൽ വീതി കൂടിയ രൂപത്തിലും ഇവ ലഭ്യമാണ്. ആഗിരണശേഷി കൂട്ടാനായി മുള നാരുകൾക്കൊപ്പം ചോളത്തിന്റെ നാരുകളും ചില പാഡുകളുടെ നിർമ്മാണത്തിൽ ഉപയോഗിക്കുന്നുണ്ട്. ക്ലോറിൻ, ബ്ലീച്ച് എന്നിവ ഉപയോഗിക്കാത്തതിനാൽ സ്വകാര്യ ഭാഗങ്ങളിലെ അലർജി ഒഴിവാക്കാൻ സാധിക്കും. കൂടാതെ ഇവയെല്ലാം തന്നെ കനം കുറഞ്ഞവയും മൃദുലവുമാണെന്നതും ഇവയുടെ തെരഞ്ഞെടുപ്പ് എളുപ്പമാക്കുന്നു.
നിലവിലെ സാനിറ്ററി നാപ്കിനുകൾ ഉപയോഗശേഷം ശ്രദ്ധാപൂർവ്വം നശിപ്പിച്ചു കളയേണ്ടവയാണ്. എന്നാൽ പാഡുകളിൽ ഉപയോഗിക്കുന്ന പ്ലാസ്റ്റിക്ക് ആരോഗ്യ-പാരിസ്ഥിതിക അപകടങ്ങൾക്ക് കാരണമാകുന്നതിനാൽ സാനിറ്ററി മാലിന്യ നിർമാർജനം ഇന്ത്യയിൽ ഒരു വലിയ ചോദ്യചിഹ്നമായിരിക്കുകയാണ്. ഇതിനിടെയാണ് മാലിന്യപ്രശ്നങ്ങൾക്ക് ഇടവരുത്താതെ മണ്ണോട് ചേരുന്ന തരം മുളകൊണ്ടുള്ള പാഡുകൾ സജീവമാകുന്നത്.