Top

സെക്‌സ് എജ്യുക്കേഷനോട് എന്തിനാണ് വിരക്തി ?

ഏറ്റവും പ്രധാനമായി നമ്മൾ മനസ്സിലാക്കേണ്ടത്, കൗമാരക്കാർ 'അജ്ഞരോ, വിഡ്ഢികളോ' അല്ല എന്നുകൂടിയാണ്.'ഒന്നുമില്ല ' എന്ന് പറയുമ്പോഴും 'കാര്യങ്ങൾ ' എന്താണെന്നു മനസ്സിലാക്കാനുള്ള സാധ്യതകൾ ഇന്ന് മുൻപത്തേക്കാളും കൂടുതലാണ്. പക്ഷെ അത് വികലവും അപൂർണ്ണവും ആകാനുള്ള സാധ്യതകളാണ് കൂടുതലും. അതുകൊണ്ടു തന്നെ ലൈംഗിക ബന്ധത്തിന്റെ അപകടസാധ്യതകളെക്കുറിച്ച് കൃത്യമായ ഒരു ചിത്രം നൽകുന്നത് വ്യക്തതയോടെ തീരുമാനങ്ങൾ എടുക്കാൻ അവരെ സഹായിക്കും.

6 Oct 2021 5:07 AM GMT
നിഷ അജിത്

സെക്‌സ് എജ്യുക്കേഷനോട് എന്തിനാണ് വിരക്തി ?
X

സംസ്ഥാനത്തെ സ്‌ക്കൂളുകളില്‍ ലൈംഗിക വിദ്യാഭ്യാസം നല്‍കണമെന്ന് വനിതാ കമ്മീഷന്‍ അധ്യക്ഷ അഡ്വ.പി സതീദേവി കഴിഞ്ഞ ദിവസമാണ് പ്രസ്താവിച്ചത്. 'ലൈംഗിക വിദ്യാഭ്യാസം എന്ന് പറയുമ്പോള്‍ പലരുടേയും നെറ്റി ചുളിയും എന്ന അവസ്ഥയാണ് കാലങ്ങളായി നിലനില്‍ക്കുന്നത്.. ഇതേ കുറിച്ച് സംസാരിക്കുമ്പോഴൊക്കെ വലിയ വിമര്‍ശനങ്ങള്‍ ഉയര്‍ന്നു വരാറുണ്ട്..എങ്കിലും ലൈംഗിക വിദ്യാഭ്യാസം നടപ്പാക്കിയാല്‍ നിരവധി പ്രശ്‌നങ്ങള്‍ പരിഹരിക്കപ്പെടും' , എന്നൊക്കെയാണ് വനിതാ കമ്മീഷന്‍ അധ്യക്ഷ പറഞ്ഞത്. ഇതിലിപ്പോൾ എന്താ..? ഇത് കുറേ ആയല്ലോ കേൾക്കാൻ തുടങ്ങിയിട്ട് എന്ന് വിചാരിക്കാൻ വരട്ടെ.. ഈ വാർത്ത മാധ്യമങ്ങൾ പ്രസിദ്ധീകരിച്ചതിന്റെ താഴെ വന്ന ചില കമന്റുകൾ ലൈംഗിക വിദ്യാഭ്യാസത്തിന്റെ അവശ്യകത അരക്കിട്ടുറപ്പിക്കുന്നതാണ്.

സെക്‌സ് എജ്യുക്കേഷനോട് എന്തിനാണ് വിരക്തി ?

കുട്ടികളോട് എങ്ങനെയാണ് ലൈംഗികതയെക്കുറിച്ച് പറഞ്ഞു കൊടുക്കുക എന്നത് ഇന്നുമൊരു തീർപ്പെത്താത്ത വിഷയമാണ്. എന്ത് പറയണം, എങ്ങനെ പറഞ്ഞു തുടങ്ങണം, എന്ത് ഭാഷ ഉപയോഗിക്കണം എന്നെല്ലാമാണ് സംശയങ്ങൾ. എന്നാൽ ചുറ്റും നോക്കുമ്പോൾ കാണുന്നത് മൂത്തു പഴുക്കാത്ത കുട്ടികളെയാണ്..അതായത് ബാല്യം വിട്ടിട്ടില്ലെങ്കിലും ശരീരം കൊണ്ട് കൗമാരത്തിലേക്ക് കടക്കുന്നവരെയും, കൗമാരപ്രായത്തിൽ തന്നെ ഗർഭം ധരിക്കുന്നവരെയും, തികഞ്ഞ അജ്ഞത മൂലം അവർക്കുണ്ടായേക്കാവുന്ന ലൈംഗിക രോഗങ്ങളുമൊക്കെയാണ്. ഇക്കാരണങ്ങൾ കൊണ്ട് തന്നെ ഏറ്റവും ചുരുങ്ങിയത് ഗർഭാവസ്ഥ തടയുവാനും, സുരക്ഷിതമായ ലൈംഗികത എന്താണെന്നു മനസ്സിലാക്കി കൊടുക്കാനും ലൈംഗികസംബന്ധിമായ അറിവുകൾ പകർന്നു നൽകുക തന്നെയാണ് വേണ്ടത്.

ഇനിയാണ്, കുടുംബത്തിൽ നിന്നാണോ അതോ സ്‌കൂളുകളിൽ നിന്നാണോ ലൈംഗികതയുടെ ബാലപാഠങ്ങൾ കുട്ടികൾ അറിഞ്ഞു തുടങ്ങേണ്ടതെന്ന മില്യൺ ഡോളർ ചോദ്യം..! തീർച്ചയായും ഒരുമിക്ക കുട്ടികൾക്കും അവരുടെ മാതാപിതാക്കളിൽ നിന്ന് തന്നെ ആവശ്യമായ എല്ലാ വിവരങ്ങളും ലഭിക്കും..എന്നാൽ കൗമാരക്കാരുടെ കാര്യത്തിൽ സ്കൂളുകളും ഒരു പ്രധാന വിവര സ്രോതസ്സായിരിക്കണം.കാരണം ഏറ്റവും കൂടുതൽ വ്യക്തികളുമായി ഇടപഴകാനും, സമയം ചെലവഴിക്കാനും അവർക്ക് കിട്ടുന്ന ഏറ്റവും നല്ല വേദിയാണ് വിദ്യാലയങ്ങൾ .

സ്കൂളുകളിൽ നിന്ന് സമഗ്രമായ ലൈംഗിക വിദ്യാഭ്യാസം തുടങ്ങാം എന്ന് പറയുന്നതിന്റെ ചില കാരണങ്ങൾ ഇവയെല്ലാമാണ് :-

1. നമ്മളിന്ന് തുടരുന്നതു പോലെ ഒരു വിഷയത്തെ ഏകപക്ഷീയമായി ഒഴിവാക്കിയോ നിരോധിച്ചോ കൊണ്ടുള്ള വിദ്യാഭ്യാസം ശരിയായ രീതിയല്ലെന്നാണ് പല ഗവേഷണങ്ങളും ആവർത്തിച്ച് തെളിയിച്ചിട്ടുള്ളത്. കാരണം കൗമാരക്കാർക്കിടയിലെ ലൈംഗിക ബന്ധങ്ങളുടെ കണക്ക് കാണിക്കുന്നത് കാലാകാലങ്ങളായി നമ്മളീ തുടരുന്ന 'നിശബ്ദത പാലിക്കൽ ' ഒട്ടുമേ 'പ്രവർത്തിക്കുന്നില്ല ' എന്നുതന്നെയാണ്. സമഗ്രമായ ലൈംഗിക വിദ്യാഭ്യാസം നൽകുന്നത് വഴി എന്ത് പ്രയോജനമെന്നൊരു സ്വാഭാവികചോദ്യം അപ്പോൾ ഉയരാം...ചോദ്യം ശരിയാണ്..എന്നാൽ ലൈംഗിക ബന്ധത്തിൽ നിന്ന് പിന്തിരിപ്പിക്കുന്നില്ലെങ്കിലും, ചുരുങ്ങിയത് സുരക്ഷിതമായ ലൈംഗിക ബന്ധത്തിൽ ഏർപ്പെടാനെങ്കിലും ലൈംഗിക വിദ്യാഭ്യാസം കുട്ടികളെ പഠിപ്പിക്കുന്നുണ്ട്.

2. മറ്റൊരു വലിയ പ്രശ്നം, ലൈംഗികതയേ പാടേ നിഷേധിക്കുക വഴി സ്വീകാര്യമായ ഓപ്ഷനുകളെക്കുറിച്ച് പഠിക്കാനുള്ള അവസരം കൗമാരക്കാർക്ക് നിഷേധിക്കപ്പെടുന്നു എന്നതാണ്. ലൈംഗികത എന്താണെന്നും എങ്ങനെ വേണമെന്നും പറഞ്ഞുകൊടുക്കാതെ, ലൈംഗിക ബന്ധത്തിൽ ഏർപ്പെടരുതെന്ന് എങ്ങനെയാണ് കൗമാരക്കാരോട് പറഞ്ഞു ഫലപ്രദമായി ബോധ്യപ്പെടുത്താനാവുക..?

3. ലൈംഗിക വിദ്യാഭ്യാസം നൽകുക വഴി കുട്ടികൾക്ക് ഒരു നിശബ്ദ പിന്തുണയല്ലേ നല്കുന്നതെന്നൊരു സംശയമാണ് മറ്റൊന്ന്. ഒരു റെയിൻകോട്ട് കയ്യിൽവെച്ചാൽ ഉടനെ മഴ പെയ്യുമെന്ന് നമുക്ക് ഉറപ്പിക്കാനാകുമോ..? ലൈംഗിക വിദ്യാഭ്യാസം നൽകുമ്പോഴും അതെ സാദ്ധ്യതകൾ മാത്രമേ ഉണ്ടാകുന്നുള്ളൂ. ഒന്നുകൂടി വ്യക്തമാക്കിയാൽ, ഗർഭനിരോധന മാർഗ്ഗങ്ങളെ പറ്റി കുട്ടികൾക്ക് പറഞ്ഞുകൊടുക്കുന്നത് അവരെ ചെറുപ്രായത്തിലോ, കൂടുതൽ തവണയോ ലൈംഗികബന്ധത്തിൽ ഏർപ്പെടാൻ പ്രോത്സാഹിപ്പിക്കുന്നില്ല എന്ന് തന്നെയാണ്. കഴിഞ്ഞ 20 വർഷങ്ങളായി നിരവധി പഠനങ്ങളാണ് ഈ വിഷയത്തിൽ നടന്നിട്ടുള്ളതും..മേൽ പറഞ്ഞ വസ്തുത തെളിയിച്ചിട്ടുള്ളതും.

4. 2015ൽ ഈ വിഷയത്തെ അധികരിച്ചു നടത്തിയ ആഗോളതലത്തിലുള്ള കണക്കുകൾ നോക്കാം. കൗമാര പ്രായക്കാരിൽ രണ്ടിലൊരാൾ വീതം ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്നുണ്ടെന്നും, 11.5 % ത്തോളം കൗമാരക്കാർക്ക് നാലിലധികം ലൈംഗിക പങ്കാളികളുണ്ടെന്നും ഈ പഠനം പറയുന്നു. 57% ലധികം കൗമാരക്കാർ ഗർഭനിരോധന ഉറകൾ ഉപയോഗിക്കുന്നു, 18% ത്തോളം പേർ ഗർഭനിരോധന ഗുളികകൾ കഴിക്കുന്നു എന്നും കണക്കുകൾ സൂചിപ്പിക്കുന്നു. ഓർത്തിരിക്കേണ്ട മറ്റൊരു കാര്യം അഞ്ചിലൊരാൾ വീതം ലൈംഗിക ബന്ധത്തിന് മുന്നോടിയായി മയക്കുമരുന്നോ, മദ്യമോ ഉപയോഗിച്ചിട്ടുണ്ട് എന്നും കൂടിയാണ്. അതായത് ലൈംഗികമായ അറിവ് നമ്മൾ നൽകാതെ തന്നെ അവർക്ക് ലഭിക്കുന്നുണ്ട്. സൂക്ഷിക്കേണ്ടതല്ലേ അത്..?

5. ഇനിയിതൊന്ന് നോക്കൂ. ആദ്യ ലൈംഗികബന്ധത്തിൽ തന്നെ ഗർഭനിരോധന മാർഗ്ഗങ്ങൾ ഉപയോഗിക്കുന്ന കൗമാരക്കാർ, തന്റെ സമപ്രായക്കാരെ അപേക്ഷിച്ച് മെച്ചപ്പെട്ട ലൈംഗികാരോഗ്യം പുലർത്തുന്നവരാണെന്നും തന്റെ ലൈംഗിക പങ്കാളികളെ അവർക്ക് നില നിർത്താൻ സാധിക്കുന്നുണ്ടെന്നും ചൂണ്ടികാണിക്കുന്നതാണ് അമേരിക്കൻ ജേണൽ ഓഫ് പബ്ലിക് ഹെൽത്തിൽ 2007-ൽ പ്രസിദ്ധീകരിച്ച ഒരു പഠനം പറയുന്നത്. ഏകദേശം 7 വർഷത്തോളം ശരാശരി 4,000 കൗമാരക്കാരാണ് ഈ പഠനത്തിന് വിധേയമായത്. ലൈംഗിക രോഗബാധക്കുള്ള സാധ്യതയും ഇവരിൽ ഏതാണ്ട് പകുതിയോളം പേർക്കേ ഉണ്ടായുള്ളൂ എന്നും പഠനം അടിവരയിടുന്നു.

6. തങ്ങളുടെ ആൺമക്കളോട് ലൈംഗികതയെക്കുറിച്ച് സംസാരിക്കുന്ന മാതാപിതാക്കൾ കുട്ടികൾക്ക് നല്ലൊരു മാതൃക സൃഷ്ടിക്കുന്നുണ്ടെന്നാണ് പീഡിയാട്രിക്സിൽ നടത്തിയ ഒരു പഠനം വെളിവാക്കുന്നത്. രണ്ടു തരത്തിലാണ് ഒരു സമൂഹമെന്ന നിലയിൽ ഇത് നമ്മളെ സഹായിക്കുക. ഒന്ന്, പുരുഷത്വത്തെക്കുറിച്ചുള്ള പരമ്പരാഗത വീക്ഷണങ്ങൾ വെച്ചു പുലർത്തുന്ന രീതികൾ സാവധാനം ഇല്ലാതെയായേക്കാം. മറ്റൊന്ന്, സ്വന്തം ആരോഗ്യകാര്യങ്ങളിൽ ശ്രദ്ധാലുവാകുന്നത് വഴി ധാരാളം രോഗങ്ങളെ നേരത്തെ തിരിച്ചറിയാൻ അവരെ ഇത് സഹായിക്കാം.

ഈ എടുത്തു കാണിക്കലുകൾ ഒന്നുമില്ലെങ്കിലും ഇത്തരം ലൈംഗിക വിദ്യാഭ്യാസ പരിപാടികൾ വിദ്യാർത്ഥികൾക്ക് വിവിധ ലൈംഗിക സമ്പ്രദായങ്ങളുടെ സുരക്ഷയെക്കുറിച്ചും മെച്ചപ്പെട്ട-സുരക്ഷിതമായ സാധ്യതകൾ എന്തെല്ലാമെന്നതിനെക്കുറിച്ചും യഥാർത്ഥവും വസ്തുതാപരവുമായ വിവരങ്ങൾ നൽകുന്നു എന്നത് അവഗണിക്കാവുന്നതല്ല. എന്നാൽ ഇതൊരിക്കലും വ്യക്തിപരമോ, മതപരമോ ആയ ധാർമ്മിക മൂല്യങ്ങൾ കുട്ടികൾക്ക് നൽകുന്നതിനെ എതിർക്കുന്നുമില്ല.

ഇവിടെ ഏറ്റവും പ്രധാനമായി നമ്മൾ മനസ്സിലാക്കേണ്ടത്, കൗമാരക്കാർ 'അജ്ഞരോ, വിഡ്ഢികളോ'അല്ല എന്നുകൂടിയാണ്.'ഒന്നുമില്ല ' എന്ന് പറയുമ്പോഴും 'കാര്യങ്ങൾ ' എന്താണെന്നു മനസ്സിലാക്കാനുള്ള സാധ്യതകൾ ഇന്ന് മുൻപത്തേക്കാളും കൂടുതലാണ്. പക്ഷെ അത് വികലവും അപൂർണ്ണവും ആകാനുള്ള സാധ്യതകളാണ് കൂടുതലും. അതുകൊണ്ടു തന്നെ ലൈംഗിക ബന്ധത്തിന്റെ അപകടസാധ്യതകളെക്കുറിച്ച് കൃത്യമായ ഒരു ചിത്രം നൽകുന്നത് വ്യക്തതയോടെ തീരുമാനങ്ങൾ എടുക്കാൻ അവരെ സഹായിക്കും. അങ്ങനെ നോക്കിയാൽ ഫലപ്രദമായ ലൈംഗികവിദ്യാഭ്യാസം അപകടസാധ്യത ഏറെയുള്ള പ്രവർത്തനങ്ങളിൽ നിന്ന് കൗമാരക്കാരെ അകറ്റി നിർത്താനാണ് കൂടുതൽ സഹായിക്കുക എന്ന് രണ്ടാമതാലോചിക്കാതെ തന്നെ പറയാനാകില്ലേ ..?

Next Story

Popular Stories