Top

ഡോക്ടര്‍മാരുടെ ശമ്പളവും ആനുകൂല്യങ്ങളും വെട്ടിക്കുറയ്ക്കുന്നു; സംസ്ഥാന വ്യാപക പ്രതിഷേധത്തിന് കെജിഎംഒഎ

29 Aug 2021 5:26 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

ഡോക്ടര്‍മാരുടെ ശമ്പളവും ആനുകൂല്യങ്ങളും വെട്ടിക്കുറയ്ക്കുന്നു; സംസ്ഥാന വ്യാപക പ്രതിഷേധത്തിന് കെജിഎംഒഎ
X

കൊറോണ കാലത്ത് പോലും ആരോഗ്യ വകുപ്പില്‍ ജോലി ചെയ്യുന്ന ഡോക്ടര്‍മാരുടെ പല ആനുകൂല്യങ്ങളും വെട്ടിക്കുറച്ച സംഭവത്തില്‍ വ്യാപക പ്രതിഷേധവുമായി സര്‍ക്കാര്‍ ഡോക്ടര്‍മാരുടെ സംഘടന. സംഭവത്തില്‍ കടത്ത പ്രതിഷേധമാണ് ഡോക്ടര്‍മാര്‍ക്കിടയില്‍ ഉയരുന്നത്. ശമ്പളവും ആനുകൂല്യങ്ങളും വെട്ടിക്കുറച്ച നടപടിക്കെതിരെ സംസ്ഥാന വ്യാപക പ്രതിഷേധം സംഘടിപ്പിക്കുമെന്നും സര്‍ക്കാര്‍ ഡോക്ടര്‍മാരുടെ സംഘടനയായ കെജിഎംഒഎ വ്യ്ക്തമാക്കി.

കടുത്ത മാനസിക സമ്മര്‍ദ്ദത്തിലും അമിത ജോലിഭാരം വഹിച്ചുകൊണ്ടിരിക്കുന്ന ഡോക്ടര്‍മാര്‍ക്ക് ശമ്പള പരിഷ്‌കരണത്തില്‍ ആനുപാതിക വര്‍ദ്ധനവിന് പകരം ലഭ്യമായിക്കൊണ്ടിരുന്ന ശമ്പളത്തില്‍ വെട്ടിക്കുറവ് ഉണ്ടാക്കുകയും പല അലവന്‍സുകളും, ആനുകൂല്യങ്ങളും നിഷേധിച്ചിരിക്കുകയുമാണ് ചെയ്തിട്ടുള്ളത്. അതീവ ദുര്‍ഘട സാഹചര്യങ്ങളില്‍ ജോലി ചെയ്യുന്ന ഡോക്ടര്‍മാര്‍ക്ക് നിരവധി ആനുകൂല്യങ്ങളും, റിസ്‌ക് അലവന്‍സും, ഇന്‍ഷുറന്‍സ് പരിരക്ഷയും മറ്റും നല്‍കി സംരക്ഷിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്ന സാഹചര്യത്തിലാണ് സംസ്ഥാനത്ത് വിരുദ്ധ നിലപാട് സ്വീകരിക്കുന്നത്.

എന്‍ട്രി കാഡറിലെ അടിസ്ഥാന ശമ്പളം വെട്ടിക്കുറച്ചു. പേഴ്‌സണല്‍ പേ നിര്‍ത്തലാക്കി. റേഷ്യോ പ്രമോഷന്‍ എടുത്തു കളഞ്ഞു. കരിയര്‍ അഡ്വാന്‍സ്‌മെന്റ് സ്‌കിം ഉത്തരവായില്ല. മൂന്നാം ഹയര്‍ഗ്രേഡ് അനുവദിച്ചില്ല. റിസ്‌ക് അലവന്‍സ് അനുവദിച്ചില്ല എന്നിവയുള്‍പ്പെടെയാണ് സംഘടന ചൂണ്ടിക്കാട്ടുന്നത്. ഇത്തരം നടപടികള്‍് ആത്മാര്‍ത്ഥമായി ഈ മേഖലയില്‍ ജോലി ചെയ്തുകൊണ്ടിരിക്കുന്ന വിഭാഗത്തെ അപമാനിക്കുന്നതിനു തുല്യമാണെന്നും കെജിഎംഒഎ വ്യക്തമാക്കുന്നു.

പ്രതിഷേധങ്ങളുടെ ഭാഗമായി ആഗസ്റ്റ് 31 സംസ്ഥാന വ്യാപകമായി പ്രതിഷേധ ദിനമായി ആചരിക്കുമെന്നും സംഘടന വ്യക്തമാക്കി. ഇതിന്റെ ഭാഗമായി രോഗീപരിചരണത്തെ ബാധിക്കാത്ത തരത്തില്‍ എല്ലാ സ്ഥാപനങ്ങളിലും പ്രതിഷേധയോഗങ്ങള്‍ സംഘടിപ്പിക്കുന്നതിനു പുറമെ അന്നേ ദിവസം എല്ലാ ജില്ല ആസ്ഥാനങ്ങളിലും കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ട് ഉച്ചക്കു ശേഷം രണ്ടു മണി മുതല്‍ മൂന്നു മണി വരെ കെ ജി എം ഒ എ യുടെ നേതൃത്വത്തില്‍ ധര്‍ണ്ണ നടത്തുന്നതായിരിക്കും.

ആവശ്യങ്ങള്‍ അംഗീകരിക്കാത്ത പക്ഷം കൂടുതല്‍ ശക്തമായ പ്രത്യക്ഷ പ്രതിഷേധങ്ങളിലേക്ക് സംഘടന പോവും. സ്വന്തം ആരോഗ്യം തൃണവത്കരിച്ച് സമൂഹത്തിനായി കോവിഡ് പ്രതിരോധ പോരാട്ടം മുന്നോട്ടു കൊണ്ടു പോകുന്ന സര്‍ക്കാര്‍ ഡോക്ടര്‍മാരെ പ്രത്യക്ഷ സമരത്തിലേക്ക് തള്ളിവിടാതെ അവരുടെ ന്യായമായ ആവശ്യങ്ങള്‍ നേടിയെടുക്കാന്‍ എല്ലാവരുടെ പിന്തുണയുണ്ടാകണമെന്നും കെ ജിഎംഒഎ അഭ്യര്‍ത്ഥിച്ചു.

Next Story