പാമ്പ് വിഷത്തിന് മരുന്ന് ആന്റി സ്നേക്ക് വെനം മാത്രം
വിഷഹാരി ജീവൻ തിരികെ കൊടുത്ത ഉദാഹരണങ്ങളെ അവർ നമ്മളെ കാണിച്ചു തരും. 'പുനര്‍ജന്മം കിട്ടിയവരും' സന്തോഷത്തോടെ ആ കഥ പറയും. യഥാർത്ഥത്തിൽ എന്താണ് ഇവിടെ സംഭവിക്കുന്നത്..? ഏതാണ് സത്യം..?
4 Sep 2021 7:03 AM GMT
ഡോ. ജോസഫ് കെ ജോസഫ് / നിഷ

പാമ്പ് കടിയേറ്റാൽ, തദ്ദേശീയരായ വിഷഹാരികളുടെ സഹായം തേടുന്ന ഒരു പതിവ് കേരളത്തിൽ ഇന്നും നില നില്ക്കുന്നുണ്ട്. അശാസ്ത്രീയമായ നടപടികൾ എന്ന് ശാസ്ത്രവും ആരോഗ്യവിഭാഗവും ആവർത്തിച്ചിട്ടും, ഒത്തിരി പേർ മരണമടഞ്ഞിട്ടും ഈ വിശ്വാസം പുലർത്തുന്നവർ ഇന്നും ബാക്കിയുണ്ട്. വിഷഹാരി ജീവൻ തിരികെ കൊടുത്ത ഉദാഹരണങ്ങളെ അവർ നമ്മളെയും കാണിച്ചു തരും. 'പുനര്‍ജന്മം കിട്ടിയവരും' സന്തോഷത്തോടെ ആ കഥ പറയും. യഥാർത്ഥത്തിൽ എന്താണ് ഇവിടെ സംഭവിക്കുന്നത്..?ഏതാണ് സത്യം..? പാരമ്പര്യമോ..ശാസ്ത്രമോ..?
നമുക്ക് ഈ രംഗത്തെ വിദഗ്ദനെ കേൾക്കാം. പാമ്പ് കടിയേൽക്കുന്നതിൽ 70% ആളുകളിലും സംഭവിക്കുന്നത് 'ഡ്രൈ ബൈറ്റ്സ്' എന്ന പ്രതിഭാസമാണ്. അതായത് വിഷപ്പാമ്പുകൾ എല്ലാ തവണ കൊത്തുമ്പോഴും വിഷം വമിപ്പിക്കണമെന്നില്ല..അവ 'വെറും കൊത്തുകൾ' മാത്രമാകാം. കൂടാതെ മൂർഖൻ, അണലി പോലുള്ള പാമ്പുകൾ ഇരയെ നിരീക്ഷിച്ചു കൊത്താനെടുക്കുന്ന സമയം കൊണ്ട് ഇര സ്വാഭാവികമായും തന്റെ സ്‌ഥാനം മാറാനും കൊത്ത് 'വേണ്ടവിധം' ലക്ഷ്യത്തിൽ ഏശാതെ പോകാനുമുള്ള സാധ്യതകളും ഉണ്ട്. നിരവധി പഠനങ്ങൾ ഈ നിരീക്ഷണം തെളിയിച്ചിട്ടുണ്ട്.
പാമ്പുകൾ പരിസരം മനസ്സിലാക്കി ഗന്ധം പിടിച്ചെടുക്കുന്നത് തന്റെ നാക്ക് തുടർച്ചയായി അകത്തേക്കും പുറത്തേക്കും ഇട്ടാണ്. അല്ലാതെ പാമ്പിന് കാഴ്ചശക്തി ഇല്ലെന്ന് തന്നെ പറയാം. ഇനി പ്രകോപിതരാകാതെ പാമ്പുകൾ മനുഷ്യരെ ആക്രമിക്കാറില്ല എന്നതിനൊപ്പം, പാമ്പിൻ വിഷം ഏറ്റവും ഉഗ്രമായി പ്രവർത്തിക്കുന്നത് 37ഡിഗ്രി ഊഷ്മാവിലാണ് എന്നുകൂടി മനസ്സിലാക്കിയാൽ മനുഷ്യൻ പാമ്പുകടിയേറ്റ് എങ്ങനെ മരിക്കുന്നു എന്നതിനും ഒരു വ്യക്തതയാകും.
പാമ്പ് കടിയേറ്റ് ഇന്ത്യയിൽ ഒരു വർഷം മരിക്കുന്നത് 50000ത്തോളം പേരാണ്. ഒരു സുനാമിയിൽ പെട്ട് ആളുകൾ മരിക്കുന്നതിലും മുകളിലാണ് ഈ കണക്കുകൾ. ഇത്രയും പേർ പാമ്പ് വിഷബാധയേറ്റ് ജീവൻ വെടിഞ്ഞിട്ടും നമ്മളിൽ പലരും ഈ വിഷയത്തിൽ ഇന്നും തുടർന്ന് പോരുന്ന തെറ്റായ നടപടികളും ധാരണകളും മാറേണ്ടത് അത്യാവശ്യമാണ്.
പാമ്പ് വിഷത്തിനുള്ള മറുമരുന്ന് തൊട്ടടുത്തുള്ള സർക്കാർ ആശുപത്രികളിൽ വരെ ഉള്ളപ്പോൾ അശാസ്ത്രീയമായ മാർഗ്ഗങ്ങൾ അവലംബിച്ച് അപകടത്തിലേക്ക് പോകരുത്. അന്ധമായ വിശ്വാസങ്ങൾ കൊണ്ട് ഒരു ജീവൻ കുരുതി കൊടുക്കരുത്.