Top

5 മിനിറ്റിൽ തയ്യാറാക്കാം ഈ ട്രെൻഡിങ് റെസിപ്പീസ്

ഏറ്റവും കുറഞ്ഞ സമയവും കുറഞ്ഞ ചേരുവകളും കൊണ്ട് എളുപ്പത്തിൽ തയ്യാറാക്കാൻ സാധിക്കുന്ന ലളിതമായ മൂന്ന് പാചകകുറിപ്പുകളാണ് ഇവ.

7 Sep 2021 12:50 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

5 മിനിറ്റിൽ തയ്യാറാക്കാം ഈ ട്രെൻഡിങ് റെസിപ്പീസ്
X

കഴിഞ്ഞ രണ്ടുവർഷങ്ങൾ കൊവിഡിന്റേതാണ് എന്ന് പറയുമ്പോഴും വീട്ടിലടച്ചിരിക്കേണ്ടി വന്ന നാളുകൾ പലർക്കും പലതരത്തിൽ ഉപകാരപ്പെടുകയുണ്ടായി. പുതിയത് പലതും പഠിക്കാനും, പഠിച്ചത് പലതും പൊടി തട്ടിയെടുക്കാനും, തലവര തന്നെ മാറ്റിയെടുക്കാനും പലർക്കും സാധിച്ചിട്ടുണ്ട്. ഇപ്പറഞ്ഞ കഴിവുകൾ പ്രകാശിപ്പിക്കാനും പരസ്യപ്പെടുത്താനും കട്ടക്ക് നിന്നത് ഇന്റർനെറ്റ് എന്ന ഭീമനും.

അങ്ങനെ ഇന്റർനെറ്റ് വഴി കഴിഞ്ഞ ഒരു വർഷത്തിനുള്ളിൽ ഏറ്റവും കൂടുതൽ ഇന്ത്യക്കാർ തിരഞ്ഞ മൂന്ന് ജനപ്രിയ പാചക കുറിപ്പുകളെ പരിചയപ്പെടാം. ഏറ്റവും കുറഞ്ഞ സമയവും കുറഞ്ഞ ചേരുവകളും കൊണ്ട് എളുപ്പത്തിൽ തയ്യാറാക്കാൻ സാധിക്കുന്ന ലളിതമായ മൂന്ന് പാചകകുറിപ്പുകളാണ് ഇവ:-

1. ഒരു ഓംലെറ്റ് തയ്യാറാക്കുക. ചൂടായി വരുന്ന ഓംലെറ്റിന് മുകളിലേക്ക് പകുതി തയ്യാറായ ഒരു ചപ്പാത്തി വെയ്ക്കുക. ശേഷം ചപ്പാത്തി അടിയിൽ വരും വിധത്തിൽ ഓംലെറ്റ് മറിച്ചിടുക. ഈ കൂട്ടിന്റെ ഒരു കാൽ ഭാഗം മുറിക്കുക. ഇതിനോട് ചേർത്ത് ഒരു ചീസ് സ്ലൈസ് വെക്കുക. അടുത്ത ഭാഗത്തായി അല്പം സവോള അരിഞ്ഞത് , അതിനടുത്തായി അല്പം മയോണൈസ്, ബാക്കിയുള്ള ഭാഗത്തു അല്പം ബർഗർ സോസ് എന്നിവ പുരട്ടുക.

പിന്നീട് മുറിച്ച ഭാഗത്തിനെ, ചീസ് സ്ലൈസോടു കൂടി മടക്കി, ആ മടക്കിനെ വീണ്ടും അടുത്ത ഭാഗത്തോട് ചേർത്ത് മടക്കി ഒരു ത്രികോണ രൂപത്തിലേക്ക് മാറ്റിയെടുക്കാം. രണ്ടു ഭാഗവും തിരിച്ചും മറിച്ചും ചൂടാക്കിയെടുത്ത് ചൂടോടെ കഴിക്കാം. വളരെ പോഷക ഗുണമുള്ളത് എന്ന് മാത്രമല്ല, ഒരു ദേശി-വിദേശി വിഭവം പരീക്ഷിച്ച സംതൃപ്തിയും കിട്ടും.

2. ഇപ്പോൾ പറഞ്ഞ രീതിയിൽ തന്നെ ഉണ്ടാക്കാവുന്ന ചപ്പാത്തി കൊണ്ടുള്ള മധുരമൂറുന്ന ഒരു പാചകക്കുറിപ്പ് കൂടി കേട്ടോളൂ. പാതി തയ്യാറായ ചപ്പാത്തി മുൻപേ പറഞ്ഞ രീതിയിൽ ഒരു കാൽഭാഗം മുറിച്ചു വെക്കുക. ഒരു ഭാഗത്തായി ചോക്കലേറ്റ് സ്‌പ്രെഡ്‌ , അതിനോട് ചേർന്ന് മുറിച്ച പഴകഷ്ണങ്ങൾ, അടുത്ത ഭാഗത്തായി പീൽ ചെയ്തെടുത്ത ആപ്പിൾ, ബാക്കി ഭാഗത്തായി അല്പം തേനും, ചോക്കോ ചിപ്സും വിതറാം. പിന്നീട് മുൻപ് ആവർത്തിച്ച പോലെ ചപ്പാത്തിയെ നാലായി മടക്കുക.

ഇനി നെയ്യോ, എണ്ണയോ തടവിയ പാനിൽ നാലായി മടക്കിയ ചപ്പാത്തിയെ വെച്ച് ഒന്നുകൂടി തിരിച്ചും മറിച്ചുമിട്ട് ചൂടാക്കിയെടുക്കുക. ശേഷം തേൻ ചേർത്തോ, സോസ് ചേർത്തോ കഴിക്കാം. രുചിയിൽ യാതൊരു വിട്ടുവീഴ്ചയും ചെയ്യാതെ തന്നെ ആരോഗ്യപ്രദമായ ഒരു വിഭവമാണ് നമുക്ക് ഇങ്ങനെ എളുപ്പത്തിൽ തയ്യാറാക്കാൻ സാധിക്കുന്നത്.

3. അടുത്തത് ഉള്ളി / സവോള പക്കോഡയുടെ പാചക കുറിപ്പാണ്. നീളത്തിലരിഞ്ഞ സവോളയിലേക്ക്, പച്ചമുളക്, ഇഞ്ചി, തൈര്, കോൺ ഫ്ലോർ, കടലപ്പൊടി, ജീരകപ്പൊടി, മുളക് പൊടി, ഉപ്പ്, അല്പം വെള്ളം എന്നിവ ചേർത്ത് മിശ്രിതമാക്കി അൽപനേരം വെക്കുക. പിന്നീട് ചൂടായ എണ്ണയിൽ സ്വർണ്ണ വർണ്ണത്തിൽ വറുത്തു കോരി എടുക്കുക. ചൂടാറും മുൻപ് ചട്ണിയോ, കെച്ചപ്പോ ചേർത്ത് കഴിക്കുക.

Next Story