സ്ത്രീകൾക്കായി മൂന്ന് മികച്ച ഡയറ്റുകൾ ഒരുക്കി മല-കടൽ-നൂം
എന്നാലീ ഡയറ്റ് പ്ലാനുകളുടെ മാനദണ്ഡങ്ങൾ പോഷകഗുണ സന്തുലിതം-ഫലപ്രദം-സുസ്ഥിരം-തുടരാൻ എളുപ്പം എന്നിവയാണ്.
8 Sep 2021 12:52 PM GMT
നിഷ അജിത്

നിത്യവുമുള്ള ഭക്ഷണ പൊതിയിൽ 'മലയിൽ നിന്നൊരു പങ്കും കടലിൽ നിന്നൊരു പങ്കും' ഉൾപ്പെടുത്തണമെന്ന് തന്റെ വിദ്യാർത്ഥികളോട് കൊബായാഷി മാസ്റ്റർ നിർദേശിച്ചത് ടോട്ടോച്ചാൻ എന്ന പുസ്തകം വായിച്ചവർ ഒരിക്കലും മറക്കാൻ വഴിയില്ല. ഏറെക്കുറെ ഇതേ മാർഗ്ഗനിർദ്ദേശങ്ങളുടെ നവീകരിച്ച പതിപ്പാണ് ഈ കൊവിഡ് കാലത്ത് സ്ത്രീകൾക്കായി പ്രത്യേകം നിർദ്ദേശിക്കപ്പെടുന്നത്. ഇതുപ്രകാരം സ്ത്രീജനങ്ങൾക്ക് എളുപ്പത്തിൽ പരീക്ഷിച്ചു നോക്കാവുന്ന ചില ഭക്ഷണരീതികളെ പരിചയപ്പെടാം.
ശരീരഭാരം കുറക്കാനാഗ്രഹിക്കുന്ന സ്ത്രീകൾക്കായി പ്രത്യേകം രൂപകൽപ്പന ചെയ്തവ ഉൾപ്പെടെ ധാരാളം ഡയറ്റ് പ്രോഗ്രാമുകളുണ്ട്. പക്ഷേ എല്ലാ ഡയറ്റ് പ്ലാനുകളും എല്ലാവരിലും ഒരുപോലെ ഫലപ്രദമല്ല. മാത്രമല്ല പല ഡയറ്റ് പ്ലാൻസും സുരക്ഷിതവും, ആരോഗ്യകരവും, സുസ്ഥിരവുമാണെങ്കിലും ചിലവ ഫലപ്രദമല്ലാത്തതും, തുടരാൻ ബുദ്ധിമുട്ടുള്ളതും, ചിലപ്പോഴൊക്കെ അപകടകരവുമാണ്. എന്നാലിവിടെ സൂചിപ്പിക്കുന്ന ഡയറ്റ് പ്ലാനുകളുടെ മാനദണ്ഡങ്ങൾ പോഷകഗുണ സന്തുലിതം-ഫലപ്രദം-സുസ്ഥിരം-തുടരാൻ എളുപ്പം എന്നിവയെ അടിസ്ഥാനപ്പെടുത്തിയാണ്.
സസ്യജന്യ ഡയറ്റ് : ഈ ഭക്ഷണക്രമത്തിൽ കൂടുതലും ഉൾപ്പെടുത്തുക പഴങ്ങൾ, പച്ചക്കറികൾ, പരിപ്പ്, ധാന്യങ്ങൾ, പയർവർഗ്ഗങ്ങൾ തുടങ്ങിയ സസ്യങ്ങളിൽ നിന്ന് നേരിട്ട് ലഭിക്കുന്ന ഭക്ഷണങ്ങളാണ്. മൃഗങ്ങളിൽ നിന്ന് ലഭിക്കുന്ന മുട്ട, പാൽ എന്നിവയും മാംസവും മത്സ്യവും ചെറിയ അളവിൽ ചേർക്കാം. ഈ ഭക്ഷണരീതി പിന്തുടരുന്നത് ശരീരത്തിലെ കൊഴുപ്പ് കുറയ്ക്കാൻ ഫലപ്രദമായി സഹായിക്കുമെന്ന് നിരവധി പഠനങ്ങൾ സൂചിപ്പിച്ചിട്ടുണ്ട്. ഈ ഭക്ഷണക്രമം പിന്തുടരുന്നവരുടെ ശരീരഭാരം മറ്റ് ഭക്ഷണരീതികൾ പിന്തുടരുന്നവരെ അപേക്ഷിച്ച് തുലോം കുറവാണെന്നാണ് പൊതുവായുള്ള അവലോകനവും.
കൂടാതെ കൂടുതൽ പഴങ്ങളും പച്ചക്കറികളും ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് ശരീരഭാരം കുറയ്ക്കാനും വയറിലെ കൊഴുപ്പ് കുറയ്ക്കാനും കാരണമാകുന്നു. മാത്രമല്ല, സ്ത്രീകളിൽ നടത്തിയ ചില ഗവേഷണങ്ങൾ വെളിപ്പെടുത്തുന്നത് കൂടുതൽ പഴങ്ങളും പച്ചക്കറികളും കഴിക്കുന്നത് അമിതവണ്ണത്തിനുള്ള സാധ്യത കുറക്കുമെന്നാണ്.
മെഡിറ്ററേനിയൻ ഭക്ഷണക്രമം: മെഡിറ്ററേനിയൻ ഭക്ഷണരീതിയാണ് ആരോഗ്യകരവും ഏറ്റവും പ്രചാരമുള്ളതുമായ ഡയറ്റ് പ്ലാനുകളിലൊന്നായി ചൂണ്ടികാണിക്കപ്പെടുന്ന മറ്റൊന്ന്. സ്പെയിൻ, ഗ്രീസ്, ഇറ്റലി തുടങ്ങിയ രാജ്യങ്ങളുടെ പരമ്പരാഗത ഭക്ഷണരീതികളെ അടിസ്ഥാനമാക്കിയാണ് മെഡിറ്ററേനിയൻ ഭക്ഷണക്രമം ചിട്ടപ്പെടുത്തിയിട്ടുള്ളത്.
ഇതിൽ ധാരാളം പഴങ്ങൾ, പച്ചക്കറികൾ, പരിപ്പ്, ധാന്യങ്ങൾ, ഒലിവ് ഓയിൽ പോലുള്ളവയാണ് അധികവും. ഈ ഭക്ഷണക്രമത്തിന്റെ ഭാഗമായി, സംസ്കരിച്ച ഭക്ഷണങ്ങൾ, പഞ്ചസാര, മധുരമുള്ള പാനീയങ്ങൾ, ചുവന്ന മാംസം (ആട്-പോത്ത്-പന്നി) , ശുദ്ധീകരിച്ച ധാന്യങ്ങൾ എന്നിവ പരിമിതപ്പെടുത്തണം. രുചികരവും ആരോഗ്യപ്രദവും എന്നത് മാത്രമല്ല മറിച്ചു ഈ ഭക്ഷണക്രമം ശീലിക്കുക വഴി ശരീരഭാരം കുറക്കാമെന്നതും വിട്ടുമാറാത്ത രോഗങ്ങളുടെ അപകടസാധ്യത ഇല്ലാതാക്കാം എന്നതും പ്രധാനമാണ്. 248 സ്ത്രീകളിൽ നടത്തിയ ഒരു പഠനം കാണിക്കുന്നത് മെഡിറ്ററേനിയൻ ഭക്ഷണക്രമം പിന്തുടരുന്നത് ശരീരത്തിലെ കൊഴുപ്പിന്റെ അളവ് കുറക്കുന്നു എന്നാണ്.
നൂം ആപ്പ്: ഇനി പറയുന്നത് ശരീരഭാരം കുറക്കാനും ആരോഗ്യകരമായ ശീലങ്ങൾ വളർത്തിയെടുക്കാനും ഉപയോക്താക്കളെ സഹായിക്കുന്ന നൂം എന്ന മൊബൈൽ ആപ്പിനെ പറ്റിയാണ്. നൂം ആപ്പ്, ഭക്ഷണത്തെ പരിമിതപ്പെടുത്തുന്നില്ലെങ്കിലും, കലോറി കുറഞ്ഞതും എന്നാൽ പഴങ്ങളും പച്ചക്കറികളും പോലുള്ള പോഷകങ്ങൾ കൂടുതലുള്ളതുമായ ഭക്ഷണങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ നിർദ്ദേശിക്കുന്നു.
അദൃശ്യനായ ഒരു ഹെൽത്ത് കോച്ചിനെ പോലെ, പോഷകസമൃദ്ധമായ പാചകക്കുറിപ്പുകൾ പങ്കുവെച്ചും, നിങ്ങളുടെ പുരോഗതി വിലയിരുത്തിയും, അത് തടരാൻ സഹായിക്കുന്ന ഉപകരണങ്ങള്‍ നൽകിയും നൂം ആപ്പ് തന്റെ പിന്തുണ വാഗ്ദാനം ചെയ്യുന്നു. ചുരുക്കി പറഞ്ഞാൽ ഒരു ഡയറ്റ് പ്ലാൻ ദീർഘകാലത്തേക്ക് സുസ്ഥിരമായി ഉപയോഗിക്കാൻ ഈ ആപ്പ് ഉപഭോക്താക്കളെ സഹായിക്കും.
ഏതാണ്ട് 36,000 ആളുകളിൽ നടത്തിയ പഠനമനുസരിച്ച്, പങ്കെടുത്തവരിൽ ഏകദേശം 78% പേർക്കും നൂം ആപ്പിന്റെ സഹായത്തോടെ ശരീരഭാരം ഗണ്യമായി കുറക്കാൻ സാധിച്ചു എന്നതാണ്. അതും 9 മാസക്കാലം കൊണ്ട്.
അമിതവണ്ണം ഒരേസമയം ആരോഗ്യപ്രശ്‌നവും സൗന്ദര്യ വിഷയവുമാണ്. അനാരോഗ്യകരമായ പല ശാരീരിക അവസ്ഥയിലേക്കും പൊണ്ണത്തടി എളുപ്പത്തിൽ കൊണ്ട് ചെന്നെത്തിക്കുമ്പോൾ ഇഷ്ടമുള്ള വസ്ത്രങ്ങൾ ധരിക്കാനാകാത്തതിന്റെയും സമൂഹം കൽപ്പിച്ചിരിക്കുന്ന രൂപസൗകുമാര്യത്തിന്റെ അളവുകളിൽ പെടാത്തതിന്റെയും വിഷമം മാനസികമായും ബാധിക്കും. ഈയവസ്ഥയെ മറികടക്കാൻ മേൽപറഞ്ഞിരിക്കുന്ന ഭക്ഷണക്രമങ്ങൾക്കാകുമെന്നതിൽ സംശയമില്ല.