Top

ലോകം ഉരുകുന്നു, ഇന്ധന ഉപഭോഗം ചുരുക്കണം; ഓക്സ്ഫോർഡ് സർവ്വകലാശാല

ഇത്തരത്തില്‍ ഉയരുന്ന താപനില മനുഷ്യന്റെ ആരോഗ്യത്തിനും, നിലവിലെ ജീവിതരീതികൾക്കും അഭൂതപൂർവമായ വെല്ലുവിളികൾ ഉയർത്തുമെന്നാണ് ശാസ്ത്രജ്ഞർ ചൂണ്ടി കാട്ടുന്നത്.

14 Sep 2021 12:41 PM GMT
നിഷ അജിത്

ലോകം ഉരുകുന്നു, ഇന്ധന ഉപഭോഗം ചുരുക്കണം; ഓക്സ്ഫോർഡ് സർവ്വകലാശാല
X

1980കൾക്ക് ശേഷമുളള വർഷങ്ങളിൽ അന്തരീക്ഷ താപനില 50ഡിഗ്രിയിലേക്ക് ഉയരുന്ന സാഹചര്യം ഇരട്ടിയായെന്ന് ചൂണ്ടിക്കാട്ടി ബിബിസി. വേണ്ട നടപടികൾ ഉടനടി സ്വീകരിച്ചില്ലെങ്കിൽ താപനില ഉയർന്ന് ചൂടുള്ള ദിവസങ്ങളുടെ എണ്ണം ഇനിയും വർധിക്കുമെന്നാണ് ബിബിസിയുടെ ആഗോള വിശകലനത്തിൽ ചൂണ്ടി കാട്ടുന്നത്.

കൽക്കരി, പെട്രോളിയം, പ്രകൃതി വാതകം പോലുള്ള ജൈവ ഇന്ധനങ്ങളുടെ ഉപയോഗം ഒന്നുകൊണ്ട് മാത്രമാണ് അന്തരീക്ഷ താപനില ഇങ്ങനെ ഉയരുന്നതെന്നാണ് ഓക്സ്ഫോർഡ് സർവ്വകലാശാലയിലെ എൻവയോൺമെന്റൽ ചേഞ്ച് ഇൻസ്റ്റിറ്റ്യുട്ടിന്റെ അസ്സോസിയേറ്റ് ഡയറക്ടർ ഡോ ഫ്രഡറിക് ഓട്ടോ വിശദമാക്കുന്നത്. ഈ വിഷയത്തിൽ നമ്മൾ വേഗത്തിൽ പ്രവർത്തിക്കേണ്ടതുണ്ടെന്നും എത്ര വേഗത്തിൽ നമ്മൾ ജൈവ ഇന്ധനങ്ങളുടെ ഉപയോഗം കുറക്കുന്നുവോ അത്രയും വേഗത്തിൽ കാര്യങ്ങൾ മെച്ചപ്പെടുമെന്നും കാലാവസ്ഥാ ശാസ്ത്രഞ്ജർ മുന്നറിയിപ്പ് നൽകുന്നു.

ഈ വർഷങ്ങൾ കൊണ്ട് കനത്തചൂട് അനുഭപ്പെട്ടിരുന്ന പ്രദേശങ്ങളുടെ എണ്ണത്തിലും വർദ്ധനവുണ്ടായിട്ടുണ്ടെന്ന് ബിബിസിയുടെ വിശകലനത്തിൽ സൂചിപ്പിക്കുന്നു. ആശങ്കപ്പെടുത്തുന്ന ഈ വസ്തുതകൾ വിരൽ ചൂണ്ടുന്നത് മനുഷ്യന്റെ ആരോഗ്യത്തിനും, നമ്മുടെ നിലവിലെ ജീവിതരീതികൾക്കും ഈ അവസ്ഥ അഭൂതപൂർവമായ വെല്ലുവിളികൾ ഉയർത്തും എന്നാണ്.

ഇത്രയും ഉയർന്ന ചൂട് മനുഷ്യനും പ്രകൃതിക്കും ഒരുപോലെ മാരകമായേക്കാം. കൂടാതെ കെട്ടിടങ്ങളെയും റോഡുകളെയും വൈദ്യുത സംവിധാനങ്ങളെയും ഈയവസ്ഥ പ്രതികൂലമായി ബാധിച്ചേക്കും. കടുത്ത ചൂടിനെ തുടർന്ന് ഭൂപ്രകൃതി മാറുകയും, വരൾച്ചയും കാട്ടുതീയും ഉണ്ടാകാനുള്ള സാധ്യത കൂടുകയും ചെയ്യും. ഇത്തരത്തിൽ സംഭവിക്കുന്ന കാലാവസ്ഥാ വ്യതിയാനങ്ങൾ മരുഭൂമീകരണത്തിലേക്ക് നയിക്കുമെന്നും മുന്നറിയിപ്പുണ്ട്.

1980 മുതലുള്ള കണക്കുകൾ പരിശോധിച്ചാൽ ഓരോ ദശകത്തിലും 50 ഡിഗ്രിക്ക് മുകളിലേക്ക് താപനില ഉയരുന്ന ദിവസങ്ങളുടെ എണ്ണം വർദ്ധിച്ചിട്ടുണ്ട്. 1980നും 2009നും ഇടയിൽ അന്തരീക്ഷ താപനില 50 ഡിഗ്രി കടന്നത് വർഷത്തിൽ ശരാശരി 14 ദിവസം എന്ന കണക്കിലാണ്. എന്നാൽ 2010നും 2019നും ഇടയിൽ ഈ സംഖ്യ വർഷത്തിൽ 26 ദിവസമെന്ന കണക്കിലേക്ക് ഉയർന്നു. ഇതേ കാലയളവിൽ തന്നെ വർഷത്തിൽ ശരാശരി രണ്ടാഴ്ചയിൽ കൂടുതലായി താപനില 45ഡിഗ്രിയിലും അതിനുമുകളിലുമായി നീണ്ടുനിന്നിട്ടുമുണ്ട്.

മിഡിൽ ഈസ്റ്റിലും, ഗൾഫ് മേഖലകളിലും പൊതുവിൽ 50ഡിഗ്രിയിലാണ് താപനില ഉണ്ടാകാറുള്ളത്. എന്നാൽ സാധാരണയായി 30ഡിഗ്രിയിൽ രേഖപ്പെടുത്താറുള്ള ഇറ്റലിയിലെ ഉയർന്ന താപനില ഈ വേനൽക്കാലത്ത് 48.8ഡിഗ്രിയിലാണ് രേഖപ്പെടുത്തിയത്. സമാനമായ രീതിയിൽ കാനഡയിലും 49.6ഡിഗ്രിയിലാണ് ഉയർന്ന താപനില രേഖപ്പെടുത്തിയത്.

നവംബറിൽ ഗ്ലാസ്‌ഗോയിൽ വെച്ചുനടക്കുന്ന യുഎൻ ഉച്ചകോടിയിൽ ലോകനേതാക്കളുടെ അടിയന്തര ശ്രദ്ധയും നടപടികളും ഈ വിഷയത്തിൽ ശാസ്ത്രജ്ഞർ ആവശ്യപ്പെടുമെന്നാണ് അറിയാൻ സാധിക്കുന്നത്. ആഗോള താപനില ഇത്തരത്തിൽ ഉയരുന്നത് പരിമിതപ്പെടുത്തേണ്ടതുണ്ടെന്നും അതിനായി പുതിയ ഉപഭോഗങ്ങൾ വെട്ടിക്കുറയ്ക്കാൻ ഗവൺമെന്റുകളോട് ആവശ്യപ്പെടുമെന്നുമാണ് ഏറ്റവും പുതിയ വിവരം.

വിവിധ കാലാവസ്ഥാ സ്റ്റേഷനുകളിൽ നിന്നും ഉപഗ്രഹങ്ങളിൽ നിന്നുമുള്ള നിരീക്ഷണങ്ങളും കാലാവസ്ഥാ പ്രവചന മാതൃകകളിൽ നിന്നുള്ള വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ് ഈ വസ്തുതകൾ ക്രോഡീകരിച്ചിട്ടുള്ളത്.

Next Story