Top

ശീലിക്കാം ഈ മൂന്ന് മന്ത്രങ്ങള്‍, സ്വന്തമാക്കാം തിളങ്ങുന്ന ചര്‍മ്മം

കിടക്കുന്നതിന് മുന്‍പേ മുഖത്തെ മേക് അപ് തുടച്ചു മാറ്റാന്‍ മറക്കരുത്.

4 Sep 2021 3:31 PM GMT
ഷോമാ സൈമൺ

ശീലിക്കാം ഈ മൂന്ന് മന്ത്രങ്ങള്‍, സ്വന്തമാക്കാം തിളങ്ങുന്ന ചര്‍മ്മം
X

ക്ലെന്‍സിംഗ് ടോണിംഗ് മോസ്ചറൈസിംഗ് എന്ന പതിവ് ചര്‍മ്മത്തിന്റെ സൗന്ദര്യത്തിനും ആരോഗ്യത്തിനും എത്ര പ്രധാനമാണെന്ന് അറിയാത്തവര്‍ ഇന്ന് ആരുംതന്നെ കാണില്ല. ഇത് വളരെ വിശ്വസനീയമായ ഒരു സൗന്ദര്യ ദിനചര്യയാണെന്നുള്ളത് തെളിയിക്കപ്പെട്ടതാണ്. അഴുക്കുകള്‍ അടിഞ്ഞുകൂടാതെ, മുഖക്കുരുവിന് സാഹചര്യം ഒരുക്കാതെ, പ്രായാധിക്യം മൂലം ചര്‍മ്മത്തില്‍ പ്രത്യക്ഷപ്പെട്ടേക്കാവുന്ന ചുളിവുകളും മടക്കുകളും വൈകിപ്പിച്ചു ആത്മവിശ്വാസത്തോടെ ജീവിക്കാന്‍ ഈ ദിനചര്യ നമ്മളെ സഹായിക്കും.

ക്ലെന്‍സിംഗ്: ആദ്യഘട്ടത്തില്‍ അഴുക്കും മാലിന്യങ്ങളും ഒരു ക്ലെന്‍സര്‍ ഉപയോഗിച്ച് നീക്കം ചെയ്യുന്നു അഥവാ മുഖം വൃത്തിയാക്കുന്നു. സള്‍ഫേറ്റ് ചേരാത്ത ഫേസ്‌വാഷുകള്‍ വേണം ക്ലെന്‍സിംഗിന് ഉപയോഗിക്കാന്‍. എണ്ണമയമുള്ള ചര്‍മ്മത്തിന് ജെല്‍ പരുവത്തിലുള്ള ഫേസ് വാഷുകളും വരണ്ട ചര്‍മ്മത്തിനും പ്രായമായവര്‍ക്കും ക്രീം പരുവത്തിലുള്ള ഫേസ് വാഷുമാണ് പൊതുവില്‍ നല്ലത്. മുഖക്കുരുവുള്ളവര്‍ ആരിവേപ്പ് ,ടീ ട്രീ ഓയില്‍ അടങ്ങിയ ഫേസ് വാഷുകള്‍ വേണം തെരഞ്ഞെടുക്കാന്‍. പ്രകൃതി ദത്തമായ ഉപാധികള്‍ നോക്കുന്നവര്‍ക്ക് പാല്‍, തേന്‍, നാരങ്ങാ, പനിനീര് എന്നിവ ക്ലെന്‍സിംഗിനായി ഉപയോഗിച്ചു നോക്കാവുന്നതാണ്.

ടോണിംഗ്: ക്ലെന്‍സിംഗിന് ശേഷം ചര്‍മ്മത്തിന്റെ സ്വാഭാവിക പിഎച്ച് നില വീണ്ടെടുക്കാനായി ടോണിംഗ് ചെയ്യണം. ക്ലെന്‍സിംഗിന്റെ ഭാഗമായി തുറന്നിരിക്കുന്ന ചര്‍മ്മത്തിലെ സുഷിരങ്ങളെ പഴയ പടിയാക്കുവാനും ടോണിംഗ് പ്രധാനമാണ്. അലര്‍ജിയുള്ളവര്‍ക്ക് പ്രത്യേകം ടോണറുകള്‍ ലഭ്യമാണ്. പനിനീര്, ഗ്രീന്‍ ടീ എന്നിവ മികച്ച പ്രകൃതിദത്ത ടോണറുകളായി കണക്കാക്കപ്പെടുന്നു.

മോയ്‌സ്ചറൈസിംഗ്: ഇനി മുഖം വരളാതെയിരിക്കാനും, കൂടുതല്‍ എണ്ണമയമുണ്ടാകാതെ തടയാനും അവസാന പടിയായ മോയ്‌സ്ചറൈസിംഗ് നടത്തുന്നു. കൂടാതെ ഈ പ്രക്രിയ വഴി ചര്‍മ്മത്തിലെ പാടുകള്‍ മയപ്പെടുകയും ചെയ്യുന്നു. ജെല്‍ പ്രകൃതത്തിലുള്ള മോയ്‌സ്ചറൈസേഴ്‌സ് എണ്ണമയമുള്ള ചര്‍മ്മക്കാര്‍ക്കും റിച്ച് മോയ്‌സ്ചറൈസേഴ്‌സ് വരണ്ട ചര്‍മ്മക്കാര്‍ക്കും ഉപയോഗിക്കാം. കറ്റാര്‍ വാഴ, വെളിച്ചെണ്ണ, ഒലിവെണ്ണ മുതലായ ജൈവികമായ മോസ്ചറൈസിംഗ് ഉപാധികളാണ്. പ്രയോജനപ്രദമാണത്രെ. എന്നാല്‍ ഏതൊരു ഉപാധിയും സ്വീകരിക്കും മുന്‍പായി ചര്‍മ്മത്തിന്റെ സ്വഭാവം തിരിച്ചറിയേണ്ടത് പ്രധാനമാണ്.

വീടിന് പുറത്തിറങ്ങുമ്പോള്‍ വെറ്റ് വൈപ്പ്‌സ് ഉപയോഗിക്കുന്ന ധാരാളം പേരുണ്ട്. ഇവിടെ പ്രത്യേകം ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ പ്രത്യേക ഗന്ധമില്ലാത്തതും, ആല്‍ക്കഹോളിന്റെ അംശം ഇല്ലാത്തതുമായ വൈപ്പുകള്‍ വേണം ഉപയോഗിക്കാന്‍ എന്നതാണ്. ഈ ഘടകങ്ങള്‍ ചിലരില്‍ അലര്‍ജി ഉണ്ടാക്കാറുണ്ട്.

അവസാനമായി ഒന്ന് കൂടി. കിടക്കുന്നതിന് മുന്‍പേ മുഖത്തെ മേക് അപ് തുടച്ചു മാറ്റാന്‍ മറക്കരുത്. കാരണം രാത്രിയിലാണ് ചര്‍മ്മം മൃതകോശങ്ങള്‍ പുറന്തള്ളി പുതുകോശങ്ങള്‍ ഉല്പാദിപ്പിക്കുന്നത്. മേക് അപ് മുഖത്തു തന്നെയിരുന്നാല്‍ ഈ പ്രക്രിയ തടസ്സപ്പെടും. കൂടാതെ പിരിമുറുക്കങ്ങള്‍ ഒഴിവാക്കുക, നല്ല ഉറക്കം ലഭിക്കുക, ആരോഗ്യപ്രദമായ ഭക്ഷണവും, ധാരാളം വെള്ളവും കുടിക്കുക, പതിവായി വ്യായാമങ്ങളില്‍ ഏര്‍പ്പെടുക എന്നിവയെല്ലാം ശീലമാക്കുന്നത് കൂടി മുഖ സൗന്ദര്യത്തെ സ്വാധീനിക്കും എന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ.

Next Story

Popular Stories