Top

ഇലക്ട്രിക് വാഹനങ്ങളുടെ ചാര്‍ജ്ജിങ്ങ് എളുപ്പമാക്കും നിർദേശവുമായി 'ഒല' സിഇഒ

8 Sep 2021 1:06 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

ഇലക്ട്രിക് വാഹനങ്ങളുടെ ചാര്‍ജ്ജിങ്ങ് എളുപ്പമാക്കും നിർദേശവുമായി ഒല സിഇഒ
X

ഇലക്ട്രിസിറ്റി ഉപയോഗിച്ച ഓടുന്ന വാഹങ്ങൾ മികച്ച ഒരു ആശയം തന്നെയാണ്. പെട്രോൾ-ഡീസലിനെ അടിസ്ഥാനമാക്കുന്ന, പരിസ്ഥിതി മലിനീകരണത്തിന് കരണമാകാതെയുള്ള ഇലക്ട്രിക് വാഹനങ്ങൾ സ്വന്തമാക്കുക എന്ന ആഗ്രഹത്തിലേക്ക് സ്വാഭാവികമായും ധാരാളം പേർ ആകൃഷ്ടരാകുന്നുമുണ്ട്. പക്ഷെ ഇവർ അഭിമുഖീകരിക്കുന്ന ഒരു പ്രധാന പ്രായോഗിക പ്രശ്നമുണ്ട്.

അതായത്, നമ്മുടെ നാട്ടിൽ ഇത്തരം വാഹനങ്ങൾ ചാർജ് ചെയ്യാൻ വേണ്ട അടിസ്ഥാന സൗകര്യമില്ലെന്നുള്ളതാണ് അത്. ഈയടുത്താണ് ബംഗളൂരുവിൽ നിന്നുള്ള ഒരു ഇലക്ട്രിക് വാഹന ഉപയോക്താവ് തന്റെ റെസിഡന്റ് അസോസിയേഷൻ വാഹനം ചാർജ്ജ് ചെയ്യാൻ അനുവദിക്കാത്തതിനെ തുടർന്നുണ്ടായ പ്രായോഗിക ബുദ്ധിമുട്ടുകളെ കുറിച്ച് വാചാലനായത്.

പെട്രോൾ-ഡീസൽ ഇന്ധനങ്ങളിൽ ഓടുന്ന വാഹനങ്ങളിൽ നിന്ന് വ്യത്യസ്തമായി, ഇലക്ട്രിക് വാഹനങ്ങളുടെ ചാർജിംഗുമായി ബന്ധപ്പെട്ട സംവിധാനങ്ങൾ നമ്മുടെ രാജ്യത്ത് പ്രാരംഭഘട്ടത്തിലാണ് എന്നതാണ് ഇതിന്റെ പ്രധാന കാരണം. ഈ പശ്ചാത്തലത്തിൽ, 'ഒല'യുടെ സിഇഒ ഭവിഷ് അഗർവാൾ, സർക്കാരിന് വളരെ എളുപ്പത്തിൽ നടപ്പിലാക്കാവുന്ന ഒരു പരിഹാരം ട്വീറ്റിലൂടെ നിർദ്ദേശിക്കുന്നു.

കുറഞ്ഞ നിരക്കിൽ സ്ഥാപിക്കാവുന്ന സ്ലോ ചാർജിംഗ് ഔട്ട്ലെറ്റുകളെ പറ്റിയാണ് അദ്ദേഹം ട്വീറ്റിലൂടെ സൂചിപ്പിച്ചത്. "ഓരോ 2 വീലറും 4 വീലറും ഒരു ദിവസം ഏതാണ്ട് 20 മണിക്കൂറോളം എവിടെയെങ്കിലും അതായത് വീട്ടിലോ ഓഫീസിലോ പാർക്ക് ചെയ്യുന്നുണ്ട്. അപ്പോൾ അതാത് പാർക്കിംഗുകളെ, കുറഞ്ഞ ചെലവിൽ ചാർജിംഗ് ഔട്ട്ലെറ്റുകളാക്കാൻ സാധിച്ചാൽ പൊതുജനങ്ങൾക്ക് ഉപകാരമാകും.

ഇതിനുള്ള അനുവാദം വീടുകൾക്കോ, അപ്പാർട്ട്മെന്റുകൾക്കോ, റെസിഡന്റ് അസ്സോസിയേഷനുകൾക്കോ നൽകാവുന്നതാണ്. ഇത് പൊതുജനങ്ങൾക്ക് സൗകര്യമാകുമെന്ന് മാത്രമല്ല ഈ മേഖലയെ കൂടുതൽ ജനകീയമാക്കുമെന്നും അഗർവാൾ സൂചിപ്പിച്ചു. ഭവിഷ് അഗർവാളിന്റെ ഈ ട്വീറ്റിനെ പിന്തുണച്ചു കൊണ്ട് പേ ടിഎമ്മിന്റെ സ്ഥാപകൻ വിജയ് ശേഖർ ശർമ്മയും രംഗത്ത് വന്നു.

അന്തരീക്ഷ മലിനീകരണം വലിയൊരു ആശങ്കയായി തുടരുന്ന ഇക്കാലത്ത്, ഇലക്ട്രിക് വാഹനങ്ങളിലേക്ക് മാറുന്നത് ആഡംബരമല്ല, മറിച്ച് കാലഘട്ടത്തിന്റെ ആവശ്യമാണെന്ന് ശ്രീ ശർമ്മ ട്വീറ്റ് ചെയ്തു. വാസയോഗ്യമായ ഒരു ഗ്രഹം നില നിർത്തേണ്ടത് നമ്മുടെ ബാധ്യതയാണെന്നും അതിനാൽ വീടുകളിലും , ജോലിസ്ഥലങ്ങളിലുമൊക്കെ ഇലക്ട്രിക് വാഹന ചാർജിംഗ് പോയിന്റുകളെ പ്രോത്സാഹിപ്പിക്കുന്ന തരത്തിൽ സർക്കാർ നയം ഭേദഗതി ചെയ്യണമെന്ന് പ്രധാനമന്ത്രിയോടും,നീതി ആയോഗിനോടും അഭ്യർത്ഥിക്കുന്ന തരത്തിലാണ് അദ്ദേഹത്തിന്റെ ട്വീറ്റ്.

Next Story