Top

ആരാണ്, എന്താണ് ഇന്റിമസി ഡയറക്ടർ ?

സിനിമകളിലെ 'ലവ് മേക്കിങ്' കൂടുതൽ വിശ്വസനീയമായ യുക്തിഭദ്രമായ രീതിയിൽ ചിത്രത്തിൽ വളരുന്നുണ്ടെന്ന് ഉറപ്പുനൽകുന്ന ഒരു കൂട്ടം സ്പെഷ്യലിസ്റ്റുകളാണ് ഇന്റിമസി ഡയറക്ടർ.

18 Feb 2022 7:29 AM GMT
നിഷ അജിത്ത്

ആരാണ്, എന്താണ് ഇന്റിമസി ഡയറക്ടർ ?
X

ഒഴുകുന്ന വെള്ളത്തെയും, ഒരുമിക്കുന്ന പൂക്കളെയും , ഇണക്കുരുവികളെയുമൊക്കെ സൂം ചെയ്യുന്നിടത്തു നിന്നും പ്രണയചേഷ്ടകളുടെ തീവ്രമായ ആഴമേറിയ മുഖങ്ങളും ശരീരഭാഷയും കൂടിയായി വളർന്നിരിക്കുന്നു ഇന്ത്യൻ സിനിമ. ഇന്ന് ചർച്ച ചെയ്യപ്പെടുന്ന 'ഗെഹ്‌രായിയാം' എന്ന ഹിന്ദി ചിത്രം ഇതിനൊരു ക്ലാസ്സിക് ഉദാഹരണമാണ്. മനുഷ്യന്റെ സ്വഭാവസവിശേഷതകളുടെ സത്യസന്ധമായ പരിഛേദമെന്നാണ് ഈ ചിത്രം വിശേഷിപ്പിക്കപ്പെടുന്നത്. ചിത്രത്തിന്റെ നിരൂപണങ്ങളിലൂടെ കടന്ന് പോകുമ്പോൾ മനസ്സിലാകുന്നത് എല്ലാ കഥാപാത്രങ്ങൾക്കും കൃത്യമായ സ്പേസ് , സെക്സ് പ്ലോട്ടുകൾ കഥ ആവശ്യപ്പെടുന്നിടത്തു മാത്രം, കഥയിൽ നിന്ന് ഇഴ പിരിച്ചെടുക്കാനാകാത്ത തരത്തിൽ ഇന്റിമേറ്റ് സീൻസ്, ആഴത്തിൽ പതിഞ്ഞ ചിത്രീകരണം, ക്ളൈമാക്സിലെ അപ്രതീക്ഷിതമായ നീക്കം എന്നതൊക്കെയാണ് ഈ ചിത്രത്തിന്റെ ഹൈ ലൈറ്റ്‌സ് എന്നതാണ്. ഏതായാലും 'ഗെഹ്‌രായിയാം' സംവിധായകൻ ശകുൻ ബത്ര നിറഞ്ഞ കൈയടിയാണ് വാങ്ങുന്നത്.

എന്നാൽ ഗെഹ്‌രായിയാൻ കൂടുതൽ ശ്രദ്ധയാകർഷിക്കുന്നത്, ചിത്രത്തിന്റെ ആത്മാവ് തന്നെയായ പ്രണയ-കാമ-വിഷാദ-മാനസിക സംഘർഷ രംഗങ്ങൾ സത്യസന്ധമായി കാമറയിൽ പകർത്താൻ സഹായിച്ച 'ഇന്റിമസി ഡയറക്ടറെ' കൂടി പരിചയപ്പെടുത്തി കൊണ്ടാണ്. 32 കാരിയായ ഡാർ ഗായി എന്ന ഉക്രേനിയൻ ലേഡിയാണ് ഇന്റിമേറ്റ് രംഗങ്ങളുടെ വിശ്വസനീയതയിലൂടെ അങ്ങനെ ഇന്ത്യൻ സിനിമയുടെ ചരിത്രത്തിൽ ആദ്യമായി ഇടം പിടിച്ചിട്ടുള്ളത്. ചിത്രത്തിലും, ചിത്രത്തിന്റെ പോസ്റ്ററുകളിലും അവർക്കുള്ള ക്രെഡിറ്റ് വെക്കാനും ടീം മറന്നിട്ടില്ല.

എന്താണ് ഇന്റിമസി ഡയറക്ടർ ചെയ്യുന്നത്..?

ഒരു തിരക്കഥ വായിച്ചു, കഥാപാത്രങ്ങളുടെ മാനസികാവസ്ഥ മനസ്സിലാക്കി, അതിലേക്ക് കാസ്റ്റ് ചെയ്ത താരങ്ങളെ ആയാസപ്പെടുത്താതെ അതാത് രംഗങ്ങളിലേക്ക് എത്തിക്കുക എന്നതാണ് ഒരു ഇന്റിമസി ഡയറക്ടർ ചെയ്യേണ്ടത് എന്ന് ചുരുക്കി പറയാം. കഥാഗതിയെ നിയന്ത്രിക്കുന്ന,സങ്കീർണ്ണമായ ഓരോ മാനസിക വ്യാപാരങ്ങളും, കൃത്യമായി പ്രതിഫലിപ്പിക്കാൻ പാകത്തിന് അവരാണ് അഭിനേതാക്കളെ ഓരോ ഷോട്ടിലൂടെയും കൂട്ടിക്കൊണ്ടുപോകുന്നത്. അടുത്ത ഷോട്ടിന് വേണ്ടി ഏത് ആംഗിളാണ് ഉപയോഗിക്കാൻ പോകുന്നത്, സീനുകളുടെ കൊറിയോഗ്രാഫി എന്തായിരിക്കും എന്നൊക്കെ മുന്നേകൂട്ടി മനസ്സിലാക്കാൻ ഇത്തരം ശ്രമങ്ങൾ താരങ്ങളെ സഹായിക്കുന്നുണ്ട്. കൂടാതെ, ഇത്തരം രംഗങ്ങളിൽ കാമറ ആംഗിളുകൾ, ലൈറ്റിംഗ്, മാഗ്നിഫിക്കേഷൻ എന്നിവയെല്ലാം കൃത്യമായി സംയോജിപ്പിച്ചും കഥാപാത്രങ്ങൾ തമ്മിലുള്ള അടുപ്പം പ്രേക്ഷകരിലേക്ക് പകരാൻ ഒരു മികച്ച ഇന്റിമസി ഡയറക്ടർക്കാകും.

മറ്റൊരു വിധത്തിൽ പറഞ്ഞാൽ സിനിമകളിലെ 'ലവ് മേക്കിങ്' കൂടുതൽ വിശ്വസനീയമായ, യുക്തിഭദ്രമായ രീതിയിൽ ചിത്രത്തിൽ വളരുന്നുവെന്ന് ഉറപ്പുനൽകുന്ന ഒരു കൂട്ടം സ്പെഷ്യലിസ്റ്റുകളാണ് ഇന്റിമസി ഡയറക്ടർ. കൂടാതെ പ്രേക്ഷകർക്ക് ഈ കാഴ്ചകൾ ഒരു ഘട്ടത്തിലും അശ്ലീലമോ അസഭ്യമോ ആകുന്നില്ലെന്നും അവർ തിരിച്ചറിഞ്ഞു നിയന്ത്രിക്കണം. അതായത് പ്രണയത്തിന്റെ രൂപവും ഭാവവും കൂടുതൽ ആധികാരികവും-യഥാർത്ഥവും-കാലോചിതവും-അതേസമയം തിരശീലയിൽ കാണുമ്പോൾ വികാരതീവ്രവുമാകണം.

ഇന്റിമസി ഡയറക്ടറുടെ പ്രാധാന്യമെന്താണ്..?

സിനിമ സംവിധായകന്റെ കലയെന്ന് അറിയപ്പെടുന്ന ഒന്നാണ്. അതുകൊണ്ട് തന്നെ സംവിധായകന്റെ ഭാവനയ്ക്ക്നുസൃതമായി ഒരു കഥ അവതരിപ്പിക്കുവാൻ, അഭിനേതാക്കൾ തമ്മിലുള്ള 'സ്‌ക്രീൻ കെമിസ്ട്രി' (Screen Chemistry) വളരെ അത്യാവശ്യമാണ്. അതിനായി ഈ രംഗങ്ങളിൽ ഒരുമിച്ചഭിനയിക്കുന്നവർ കഴിയുന്നത്ര കംഫർട്ടബിൾ (Comfortable) ആകേണ്ടതുണ്ട്. ഇതിനെല്ലാമായി അഭിനേതാക്കളെ എല്ലാ തരത്തിലും പരുവപ്പെടുത്തുകയാണ് ഇന്റിമസി ഡയറക്ടർ ചെയ്യുന്നത്. കൂടാതെ ക്യാമറയ്ക്ക് മുന്നിൽ കഥാപാത്രമായി മാറേണ്ട അഭിനേതാവിന്റെയും, സിനിമ Conceive ചെയ്തിരിക്കുന്ന സംവിധായകന്റെയും ഇടയിൽ പ്രവർത്തിക്കേണ്ട ഒരു പ്രധാന കണ്ണി കൂടിയാണ് ഇന്റിമസി ഡയറക്ടർ .

ഇന്റിമസി ഡയറക്ടർ സെറ്റിൽ എന്താണ് ചെയ്യുന്നത്..?

ഏതെങ്കിലും ഇന്റിമേറ്റ് സീൻ അഭിനയിക്കുന്നതിന് മുമ്പ്, ഇവർ അഭിനേതാക്കൾക്കൊപ്പം നിന്ന് അവർക്കിടയിലുള്ള, അല്ലെങ്കിൽ ഉണ്ടായേക്കാവുന്ന തടസ്സങ്ങൾ മുൻകൂട്ടി മനസ്സിലാക്കി അവയെ ഒഴിവാക്കാൻ സഹായിക്കുന്നു. മാത്രവുമല്ല, ഷോട്ട് എടുക്കുന്ന സമയത്ത് അഭിനേതാക്കളുടെ ശരീരങ്ങളെ കൂടുതൽ ആകർഷകമായും സൗന്ദര്യാത്മകമായും ആ സീനിലേക്ക് എങ്ങനെ ഉപയോഗിക്കാനാകുമെന്നും നിർദ്ദേശിക്കുന്നു.

ഈ ലക്ഷ്യം നേടുന്നതിനായി അവർ വിവിധ ടൂളുകൾ (Tools) ഉപയോഗിക്കുന്നുണ്ട്. അഭിനേതാക്കൾക്കിടയിലുള്ള ഐസ് ബ്രേക്കിങ്ങിനായി (Ice Breaking ) അവർ വർക്ക് ഷോപ്പുകൾ നടത്തും. തിരക്കഥയെ അടിസ്ഥാനമാക്കി ഈ ഇന്റിമേറ്റ് സാഹചര്യങ്ങൾ അവർ അഭിനേതാക്കളെ വർക്ക്‌ഷോപ്പുകളിലൂടെ പരിശീലിപ്പിക്കാൻ ശ്രമിക്കും. ഇന്റിമസി കോർഡിനേറ്റർ ഓരോ അഭിനേതാവുമായും One to One സംസാരിക്കുന്നു. അഭിനേതാക്കൾ പരസ്‌പരം പാലിക്കേണ്ട അതിർത്തികൾ, എവിടെ വരെ പോകാം, എന്ത് പാടില്ല എന്നൊക്കെ വ്യക്തമാക്കുന്നു.

'സമയമാകുമ്പോൾ നോക്കാം' എന്നൊരു ചാൻസെടുപ്പിനു ഇക്കൂട്ടർ തയ്യാറല്ല എന്നതാണ് ഇവരുടെ ഏറ്റവും Best Part. ആ പ്രത്യേക രംഗങ്ങളുടെ ചിത്രീകരണത്തിന്റെ ഏത് ഘട്ടത്തിലും ഏത് സഹായം നൽകാനും ഞങ്ങളുണ്ട് എന്നൊരു മാനസിക പിന്തുണയാണ് ഇന്റിമസി ഡയറക്ടർ അഭിനേതാക്കൾക്ക് നൽകുന്നത്. മൊത്തത്തിൽ, അഭിനേതാക്കൾക്ക് കൂടുതൽ മനസ്സ് തുറക്കാനും, ധൈര്യം കാണിക്കാനും, അവരുടെ അതിരുകൾ ഭേദിക്കാനും കഴിയുന്ന തരത്തിൽ അവരെ എത്തിക്കുന്നതോടൊപ്പം ഇന്റിമേറ്റ് രംഗങ്ങളുടെ ആവിഷ്ക്കാരത്തിൽ കൂടുതൽ അനായാസമായിരിക്കാനും ഇവരാണ് അഭിനേതാക്കളെ സഹായിക്കുന്നത്.

'അഭിനേതാക്കൾ പരസ്പരം വിശ്വസിച്ചു കഴിയുമ്പോഴാണ് പരീക്ഷണത്തിലേക്ക് തിരിയാൻ കഴിയുക. അവർ ക്യാമറക്ക് മുന്നില നടക്കുന്ന പ്രക്രിയയെയും അതിന്റെ പിന്നിലെ ശാസ്ത്രത്തെയും വിശ്വസിച്ചാൽ അഭിനന്ദനാർഹമായ തരത്തിലേക്ക് അത് മാറും', ഡാർ ഗായി പറയുന്നു. ആളുടെ വാക്കുകൾ ശരിയാണെന്നു തന്നെയാണ് 'ഗെഹ്‌രായിയാം' ചിത്രവും ആ രംഗങ്ങളുടെ സ്വീകാര്യതയും അതിൻ മേലുള്ള ചർച്ചകളും സൂചിപ്പിക്കുന്നത്.

ഇന്നിപ്പോൾ മനുഷ്യന്റെ നൈസർഗ്ഗികവും ശക്തവും അവഗണിക്കാനാവാത്തതുമായ വികാരങ്ങളെ മനോഹരമായി, എന്നാൽ പച്ചയായി, തികഞ്ഞ കൈയടക്കത്തോടെ തന്നെ ഇന്ത്യൻ സിനിമകൾ ഉൾക്കൊള്ളുന്നുണ്ട്. ഒരുപക്ഷെ ബന്ധങ്ങൾ, ഇന്ദ്രിയത, ലൈംഗികത തുടങ്ങിയ വിഷയങ്ങളിൽ നമ്മുടെ ചിത്രങ്ങൾ കൂടുതൽ ഇൻവെസ്റ്റ് (Invest) ചെയ്യുന്നത് കൊണ്ടാകാം. അതുകൊണ്ടു തന്നെ ഇന്റിമസി സീനുകളും ഷോട്ടുകളും സംവിധാനം ചെയ്യാൻ മുൻനിര പ്രൊഡക്ഷൻ കമ്പനികളും, ഒടിടി ( OTT ) പ്ലാറ്റ്‌ഫോമുകളും ഈ വിദഗ്ധരെ കൂടുതലായി ആശ്രയിച്ചാൽ അതിശയിക്കാനില്ലെന്ന് പറയേണ്ടി വരും.Next Story