Top

'സ്വയം' വിവാഹിതയായ മോഡല്‍ ഡിവോഴ്‌സിനൊരുങ്ങുന്നു; 'സ്‌പെഷ്യല്‍' ആയൊരാള്‍ എത്തി, പ്രണയം

മൂന്ന് മാസങ്ങള്‍ക്കിപ്പുറം ക്രിസ് തന്നില്‍ നിന്നുതന്നെ വിവാഹമോചനം തേടുന്നുവെന്ന വാര്‍ത്തകളാണ് പുറത്തുവരുന്നത്

29 Nov 2021 4:31 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

സ്വയം വിവാഹിതയായ മോഡല്‍ ഡിവോഴ്‌സിനൊരുങ്ങുന്നു; സ്‌പെഷ്യല്‍ ആയൊരാള്‍ എത്തി, പ്രണയം
X

സ്വയം വിവാഹിതയായ ബ്രസീലിയന്‍ മോഡലിനെകുറിച്ചുള്ള വാര്‍ത്തകള്‍ നേരത്തെ വലിയ കൗതുകമുണര്‍ത്തിയിരുന്നു. മുപ്പത്തി മൂന്നുകാരിയായ ക്രിസ് ഗലേരയാണ് ഒരു പുരുഷനൊപ്പം ജീവിക്കാന്‍ ബുദ്ധിമുട്ടുണ്ടെന്ന് വ്യക്തമാക്കി സ്വയം വിവാഹിതയായത്. ഇക്കഴിഞ്ഞ സെപ്തംബറില്‍ വലിയ ആഢംബരത്തോടെയായിരുന്നു ക്രിസിന്റെ വിവാഹം. എന്നാല്‍ മൂന്ന് മാസങ്ങള്‍ക്കിപ്പുറം ക്രിസ് തന്നില്‍ നിന്നുതന്നെ വിവാഹമോചനം തേടുന്നുവെന്ന വാര്‍ത്തകളാണ് പുറത്തുവരുന്നത്. 'സ്‌പെഷ്യല്‍' ആയിട്ടുള്ളൊരാളെ പരിചയപ്പെട്ടെന്നും അദ്ദേഹവുമായി പ്രണയത്തിലായെന്നും ക്രിസ് വെളിപ്പെടുത്തുന്നു.

വിവാഹജീവിതം വളരെ മനോഹരമായിരുന്നുവെന്ന് പറയുന്ന ക്രിസ്, പക്ഷെ തനിക്ക് സ്‌പെഷ്യലായിട്ടുള്ളൊരാളെ കണ്ടുമുട്ടിയ ശേഷം പ്രണയത്തില്‍ വിശ്വസിക്കാന്‍ തുടങ്ങിയെന്ന് തുറന്ന് പറഞ്ഞു. ഈ ഘട്ടത്തിലാണ് വേര്‍പിരിയാനൊരുങ്ങുന്നത്.




ക്രിസിന്റെ സ്വയം വിവാഹത്തെ ആശ്ചര്യത്തോടെയായിരുന്നു അന്ന് പലരും നോക്കിയത്. എന്നാല്‍ അവര്‍ക്ക് കൃത്യമായ മറുപടി താരം നല്‍കി.

'എനിക്ക് പക്വതയായി, ഞാന്‍ ശക്തയും നിശ്ചയദാര്‍ഢ്യമുള്ള സ്ത്രീയാണെന്ന് മനസ്സിലാക്കുന്നു. തനിച്ചായിരിക്കാന്‍ ഞാന്‍ എപ്പോഴും ഭയപ്പെട്ടിരുന്നു, എന്നാല്‍ സ്വയം മികച്ചതാവാന്‍ ഞാന്‍ പഠിക്കേണ്ടതുണ്ട്. അത് സംഭവിച്ചതുമുതല്‍ ഞാന്‍ ആഘോഷിക്കാന്‍ തീരുമാനിച്ചു.' ക്രിസ് പറഞ്ഞു.

വിവാഹ വസ്ത്രമായ വെള്ള ഗൗണില്‍ ബ്രസീലിലെ കത്തോലിക് ചര്‍ച്ചിന് മുന്നില്‍ നിന്നും ആത്മവിശ്വാസത്തോടെ ചിരിക്കുന്ന ക്രിസിന്റെ ചിത്രം താരം തന്നെ അന്ന് തന്റെ സോഷ്യല്‍മീഡിയ അക്കൗണ്ടില്‍ പങ്കുവെച്ചിരുന്നു.




'ഞാന്‍ ആത്മരതി ആഘോഷിക്കുകയാണ്, മറ്റുള്ള സ്ത്രീകളില്‍ ആത്മാഭിമാനം വര്‍ധിപ്പിക്കാനും പ്രചോദനം ആവാനും ആഗ്രഹിക്കുന്നു. എന്നെ വിവാഹം കഴിക്കാന്‍ ആഗ്രഹിക്കുന്ന ലോകമെമ്പാടുമുള്ള സ്ത്രീപുരുഷന്മാരില്‍ നിന്ന് ആയിരക്കണക്കിന് സന്ദേശങ്ങള്‍ എനിക്ക് ലഭിക്കുന്നുണ്ട്. എന്നാല്‍ ഞാന്‍ ഉടനൊന്നും വിവാഹ മോചനം നേടാന്‍ ആഗ്രഹിക്കുന്നില്ല.' എന്നായിരുന്നു ക്രിസ് അന്ന് കുറിച്ചത്.




എന്നാല്‍ മികച്ച പ്രതികരണമായിരുന്നില്ല പോസ്റ്റിന് ലഭിച്ചത്. പക്ഷെ അതിനേയും അസാമാന്യം ആത്മവിശ്വാസത്തോടെയാണ് ക്രിസ് തള്ളികളഞ്ഞത്.

'വിദ്വേഷ കമന്റുകള്‍ ഇനി വായിക്കില്ല. എന്റെ ചിന്തയിലോ പ്രവര്‍ത്തിയിലോ അത് യാതൊരു മാറ്റവും വരുത്തില്ല.' ക്രസിനെ ഉദ്ധരിച്ചുകൊണ്ട് മിറര്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.



Next Story