ലൈഫ് മിഷനിലെ സിബിഐ അന്വേഷണം; കേരളം സുപ്രീംകോടതിയെ സമീപിച്ചേക്കും, നിയമോപദേശം തേടി

തിരുവനന്തപുരം: ലൈഫ് മിഷന്‍ പദ്ധതിയില്‍ അന്വേഷണം തുടരാന്‍ ഹൈക്കോടതി സിബിഐക്ക് അനുമതി നല്‍കിയതിന് പിന്നാലെ സുപ്രീംകോടതിയെ സമീപിക്കാനൊരുങ്ങി സംസ്ഥാന സര്‍ക്കാര്‍. ഇക്കാര്യത്തില്‍ വിശദാംശങ്ങള്‍ ആരാഞ്ഞ് സര്‍ക്കാര്‍ സുപ്രീംകോടതിയിലെ മുതിര്‍ന്ന അഭിഭാഷകരുമായി ചര്‍ച്ച നടത്തി. ഹൈക്കോടതിയില്‍ സംസ്ഥാനത്തിന് വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകരടക്കമുള്ളവരുമായാണ് ചര്‍ച്ചയെന്നാണ് റിപ്പോര്‍ട്ട്.

ക്രിമിനല്‍ നടപടി ചട്ടം 482 പ്രകാരം നല്‍കിയ ഹരജിയില്‍ സിംഗിള്‍ ബെഞ്ച് വിധിക്കെതിരെ അപ്പീല്‍ നല്‍കേണ്ടത് സുപ്രീംകോടതിയിലാണെന്നാണ് കേരളത്തിന് ലഭിച്ച നിയമോപദേശം. മാതൃഭൂമിയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.

ലൈഫ്മിഷന്‍ പദ്ധതിയിലെ ക്രമക്കേട് അന്വേഷിക്കാന്‍ സിബിഐ രജിസ്റ്റര്‍ ചെയ്ത എഫ്‌ഐആര്‍ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു സര്‍ക്കാര്‍ നേരത്തെ ഹൈക്കോടതിയെ സമീപിച്ചത്. ക്രിമിനല്‍ നടപടി ചട്ടത്തിലെ 482ാം വകുപ്പ് റദ്ദാക്കണമെന്നാവശ്യപ്പെട്ടായിരുന്നു ഇത്. അതുകൊണ്ട് സിംഗിള്‍ ബെഞ്ച് വിധിക്കെതിരെ ഡിവിഷന്‍ ബെഞ്ചിനെ സമീപിക്കാന്‍ കഴിയില്ലെന്നാണ് മുതിര്‍ന്ന അഭിഭാഷകര്‍ സര്‍ക്കാരിനെ അറിയിച്ചിരിക്കുന്നത്.

എന്നാല്‍, 226ാം വകുപ്പ് പ്രകാരമാണ് യൂണിടാക് ഹൈക്കോടതിയില്‍ റിട്ട് ഹരജി നല്‍കിയത്. അതുകൊണ്ട് യൂണിടാക്കിന് ഡിവിഷന്‍ ബെഞ്ചിനെ സമീപിക്കാന്‍ കഴിയും. സര്‍ക്കാരിന്റെയും യൂണിടാക്കിന്റെയും ഹരജികളില്‍ ഒറ്റ ഉത്തരവാണ് ഹൈക്കോടതി നല്‍കിയിരിക്കുന്നത്.

ലൈഫ് പദ്ധതിയില്‍ എഫ്സിആര്‍എ നിയമങ്ങളുടെ ലംഘനം ഉണ്ടായിട്ടില്ലെന്നാണ് സര്‍ക്കാര്‍ വാദം. എന്നാല്‍ പദ്ധതിയില്‍ ക്രമക്കേട് ഉണ്ടെന്നതിന് തെളിവാണ് ഉദ്യോഗസ്ഥര്‍ക്കെതിരായ വിജിലന്‍സ് അന്വഷണമെന്നായിരുന്നു സിബിഐ വാദം. സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കെതിരായ അന്വഷണത്തിനുള്ള സ്റ്റേ കേസിനെ ബാധിക്കുന്നുണ്ടെന്നും സിബിഐ കോടതിയെ അറിയിച്ചിട്ടുണ്ട്.

Latest News