Top

പാവപ്പെട്ടവന്റെ തണലില്‍ തീത്തൈലമൊഴിച്ചെന്ന് മന്ത്രി മൊയ്തീന്‍; കേസ് ജയിച്ചിട്ട് ഉപദേശിക്കെന്ന് അനില്‍ അക്കര; ‘സമനില തെറ്റി’

ഈ മാപ്പുപറയല്‍ നിറുത്തി ആ കേസില്‍ വിജയിക്കാന്‍ നോക്കൂ. എന്നിട്ടാകാം ഉപദേശമെന്നും അനില്‍ അക്കര

21 Oct 2020 6:46 AM GMT

പാവപ്പെട്ടവന്റെ തണലില്‍ തീത്തൈലമൊഴിച്ചെന്ന് മന്ത്രി മൊയ്തീന്‍; കേസ് ജയിച്ചിട്ട് ഉപദേശിക്കെന്ന് അനില്‍ അക്കര; ‘സമനില തെറ്റി’
X

വടക്കാഞ്ചേരി ലൈഫ് മിഷന്‍ പദ്ധതിയുടെ പേരില്‍ വാക്‌പോര് തുടര്‍ന്ന് മന്ത്രി എ സി മൊയ്തീനും അനില്‍ അക്കര എംഎല്‍എയും. ഫ്‌ളാറ്റ് ഉടന്‍ പൂര്‍ത്തിയാക്കി അര്‍ഹരായവര്‍ക്ക് കൈമാറണമെന്നാവശ്യപ്പെട്ട് അനില്‍ അക്കര മുഖ്യമന്ത്രിക്ക് കത്ത് നല്‍കിയത് നാട്ടുകാരെ പറ്റിക്കാനാണെന്ന് മന്ത്രി പറഞ്ഞു. പാവപ്പെട്ടവന് ഒരു തണല്‍ എന്ന സ്വപ്നത്തിന് മേല്‍ തീത്തൈലം കോരി ഒഴിച്ചത് ആരാണെന്ന് വടക്കാഞ്ചേരിക്കാര്‍ക്ക് മനസ്സിലായി. പദ്ധതി സിബിഐ അന്വേഷണത്തിലേക്ക് വലിച്ചിഴച്ചതില്‍ അനിലിന് ലഭിച്ച നേട്ടം വടക്കഞ്ചേരി ഫ്‌ലാറ്റ് പണി നിര്‍ത്തിക്കാനും, കരാര്‍ ഏറ്റെടുത്ത നിര്‍മ്മാണ കമ്പനിയെ അത് ഉപേക്ഷിക്കാന്‍ പ്രേരിപ്പിക്കാനും കഴിഞ്ഞു എന്നത് മാത്രമാണെന്നും മന്ത്രി കുറ്റപ്പെടുത്തി.

പദ്ധതി സിബിഐ അന്വേഷണത്തിലേക്ക് വലിച്ചിഴച്ചതില്‍ അനിലിന് ലഭിച്ച നേട്ടം വടക്കഞ്ചേരി ഫ്‌ലാറ്റ് പണി നിര്‍ത്തിക്കാനും, കരാര്‍ ഏറ്റെടുത്ത നിര്‍മ്മാണ കമ്പനിയെ അത് ഉപേക്ഷിക്കാന്‍ പ്രേരിപ്പിക്കാനും കഴിഞ്ഞു എന്നത് മാത്രമാണ്.

എ സി മൊയ്തീന്‍

കമ്മീഷന്‍ കൊടുത്തതിലുള്ള വേവലാതിയോ അഴിമതി വിരുദ്ധതയോ ഒന്നും കൊണ്ടല്ല ഇയാള്‍ സിബിഐക്ക് പരാതി അയച്ചതെന്ന് സാമാന്യബുദ്ധിയുള്ളവര്‍ക്കറിയാം. ആരോപണക്കൊടുങ്കാറ്റ് സൃഷ്ടിച്ച് മുഖ്യമന്ത്രിയേയും, സര്‍ക്കാരിനെയും പ്രതിസ്ഥാനത്ത് നിര്‍ത്താനുള്ള കോണ്‍ഗ്രസ്സ് – ബി ജെ പി ഇരട്ടകളുടെ അവിഹിത കൂട്ടുകെട്ടിന് ചൂട്ട് കത്തിച്ച് മുമ്പേ നടക്കാനുള്ള ശ്രമമാണ് ഇയാള്‍ നടത്തിയത് കേസ്സ് സിബിഐയെ ഏല്‍പ്പിക്കുക, പദ്ധതി കലക്കുക, ജനവികാരം സര്‍ക്കാരിനെതിരെ തിരിക്കുക എന്നതായിരുന്നു കുബുദ്ധിയെന്നും മൊയ്തീന്‍ ഫേസ്ബുക്കില്‍ കുറിച്ചു.

മന്ത്രിയുടെ രൂക്ഷ വിമര്‍ശനത്തിനെതിരെ പ്രതികരണവുമായി അനില്‍ അക്കര എംഎല്‍എ രംഗത്തെത്തി. സ്വന്തം വകുപ്പില്‍ താന്‍ കൂടി ചേര്‍ന്ന് ശിവശങ്കരന്റെ ഒക്കച്ചങ്ങായി നടത്തിയ അഴിമതി കയ്യോടെ പിടികൂടിയപ്പോള്‍ കുറച്ചുനാളായി ഈ മന്ത്രിക്ക് സമനില തെറ്റിയിരിക്കുകയാണ്. എന്നിട്ടിപ്പോള്‍ എനിക്ക് ട്യൂഷന്‍ എടുക്കുകയാണ്. മിനിസ്റ്റര്‍ ഞാന്‍ നിങ്ങള്‍ക്കെതിരെ അഴിമതി ഉന്നയിച്ചിരിക്കുകയാണ്. ഈ മാപ്പുപറയല്‍ നിറുത്തി ആ കേസില്‍ വിജയിക്കാന്‍ നോക്കൂ. എന്നിട്ടാകാം ഉപദേശമെന്നും അനില്‍ അക്കര കൂട്ടിച്ചേര്‍ത്തു.

2020 നവംബര്‍ ഒമ്പത് തിങ്കള്‍ രാവിലെ ഒമ്പത് മുതല്‍ വൈകുന്നേരം അഞ്ച് മണി വരെ വടക്കാഞ്ചേരി ടൗണില്‍ ഉപവാസസമരം നടത്തുമെന്ന് അനില്‍ അക്കര പ്രഖ്യാപിച്ചിട്ടുണ്ട്. കെട്ടിടത്തിന്റെ സുരക്ഷിതത്വം ഉറപ്പാക്കി, ചരല്‍പ്പറമ്പിലെ ഫ്‌ളാറ്റ് നിര്‍മ്മാണം പൂര്‍ത്തിയാക്കി വടക്കാഞ്ചേരി നിയോജക മണ്ഡലത്തിലെ 140 കുടുംബങ്ങള്‍ക്ക് ഫ്‌ലാറ്റുകള്‍ സമയബന്ധിതമായി കൈമാറുക. ഫ്‌ളാറ്റ് നിര്‍മ്മാണത്തിനനുവദിച്ച കോടിക്കണക്കിന് രൂപ തട്ടിയെടുത്ത അഴിമതിക്കാരില്‍ നിന്നും തുക തിരിച്ച് പിടിച്ച് അഴിമതിക്കാര്‍ക്ക് ശിക്ഷ ഉറപ്പാക്കുക തുടങ്ങിയ ആവശ്യങ്ങളുയര്‍ത്തിയാണ് കോണ്‍ഗ്രസ് എംഎല്‍എയുടെ പ്രതിഷേധം.

മന്ത്രി എ സി മൊയ്തീന്റെ പ്രതികരണം

വടക്കാഞ്ചേരി ലൈഫ് മിഷന്‍ ഫ്‌ലാറ്റ് ഉടന്‍ പൂര്‍ത്തിയാക്കി അര്‍ഹരായവര്‍ക്ക് കൈമാറണമെന്നാവശ്യപ്പെട്ട് ജനപ്രതിനിധിയായ അനില്‍അക്കര മുഖ്യമന്ത്രിക്ക് കത്തുനല്‍കിയിരിക്കുന്നു.

പാവപ്പെട്ടവന് കിടപ്പാടം നല്‍കുന്ന പദ്ധതിയുമായി സഹകരിക്കാനുള്ള നന്മ എംഎല്‍എയ്ക്ക് ഇല്ലാതെ പോയതാണ് ഇക്കഴിഞ്ഞ നാളുകളില്‍ വടക്കാഞ്ചേരി നേരിട്ട കെടുതികളിലൊന്ന്. അഴിമതിയാരോപണമെന്ന പുകമറയില്‍ പദ്ധതിയെ തകിടം മറിക്കാനായിരുന്നു അനിലിന്റെ ശ്രമം. സിബിഐയ്ക്ക് നേരിട്ട് പരാതി നല്‍കി. ഒക്കച്ചങ്ങായിമാരുടെ ശ്രമഫലമായി കേസ്സ് അവര്‍ ഏറ്റെടുത്തു. അന്വേഷണം തിരുതകൃതിയായി നടത്തി. എന്നിട്ടും അനില്‍ നിരാശനാണ്. ഉദ്ദേശിച്ച പദ്ധതികളൊന്നും വേണ്ടപോലെ ഫലിക്കുന്നില്ല. ഇല്ലാത്ത പൂച്ചയെ ഇരുട്ടില്‍ തപ്പുന്ന പോലെ എംപിയെയും മറ്റ് വേണ്ടപ്പെട്ടവരെയും കൂട്ടി നീതു ജോണ്‍സണ്‍ എന്ന കുട്ടിയെത്തേടി മണ്ഡലത്തില്‍ നടത്തിയ കാത്തിരിപ്പു നാടകം പോലും എട്ടു നിലയിലാണ് പൊട്ടിയത്.

കമ്മീഷന്‍ കൊടുത്തതിലുള്ള വേവലാതിയോ അഴിമതി വിരുദ്ധതയോ ഒന്നും കൊണ്ടല്ല ഇയാള്‍ സിബിഐക്ക് പരാതി അയച്ചതെന്ന് സാമാന്യബുദ്ധിയുള്ളവര്‍ക്കറിയാം. ആരോപണക്കൊടുങ്കാറ്റ് സൃഷ്ടിച്ച് മുഖ്യമന്ത്രിയേയും, സര്‍ക്കാരിനെയും പ്രതിസ്ഥാനത്ത് നിര്‍ത്താനുള്ള കോണ്‍ഗ്രസ്സ് – ബി ജെ പി ഇരട്ടകളുടെ അവിഹിത കൂട്ടുകെട്ടിന് ചൂട്ട് കത്തിച്ച് മുമ്പേ നടക്കാനുള്ള ശ്രമമാണ് ഇയാള്‍ നടത്തിയത് കേസ്സ് സിബിഐയെ ഏല്‍പ്പിക്കുക, പദ്ധതി കലക്കുക, ജനവികാരം സര്‍ക്കാരിനെതിരെ തിരിക്കുക എന്നതായിരുന്നു കുബുദ്ധി.

പദ്ധതി സിബിഐ അന്വേഷണത്തിലേക്ക് വലിച്ചിഴച്ചതില്‍ അനിലിന് ലഭിച്ച നേട്ടം വടക്കഞ്ചേരി ഫ്‌ലാറ്റ് പണി നിര്‍ത്തിക്കാനും, കരാര്‍ ഏറ്റെടുത്ത നിര്‍മ്മാണ കമ്പനിയെ അത് ഉപേക്ഷിക്കാന്‍ പ്രേരിപ്പിക്കാനും കഴിഞ്ഞു എന്നത് മാത്രമാണ്. ഇയാളുടെ ജീര്‍ണ്ണ മനസ്സ് നാട്ടുകാര്‍ തിരിച്ചറിഞ്ഞിരിക്കുന്നു. പദ്ധതിയുടെ ഗുണഭോക്താക്കളും നാട്ടുകാരും അക്കരയുടെ വികസന വിരോധത്തിന്റെ തീവ്രതയ്‌ക്കെതിരെ പ്രതികരിക്കുമെന്നും പടപാളയത്തില്‍ നിന്നു തന്നെ തുടങ്ങുമെന്നും അയാള്‍ക്ക് മനസ്സിലായിരിക്കുന്നു. ജനമെതിരായാല്‍, 43 വോട്ട് മാത്രം ഭൂരിപക്ഷം ലഭിച്ച താന്‍ വരുന്ന തിരഞ്ഞെടുപ്പിലും ഇവിടെ നിന്നും മത്സരിക്കാന്‍ ഉടുപ്പു തയ്പ്പിച്ചിരിക്കുന്നത് വെറുതെയാകുമെന്നും ഉറപ്പായപ്പോള്‍ മാലാഖയുടെ മുഖപടമണിഞ്ഞ് മുഖ്യമന്ത്രിക്ക് ഇപ്പോള്‍ കത്തു നല്‍കിയിരിക്കുകയാണ്. അതോടൊപ്പം 14 കോടി രൂപ സര്‍ക്കാര്‍ ഖജനാവില്‍ നിന്നെടുത്ത് ചെലവാക്കണം എന്ന സൗജന്യ ഉപദേശവും.

പാവപ്പെട്ടവന് ഒരു തണല്‍ എന്ന സ്വപ്നത്തിന് മേല്‍ തീത്തൈലം കോരി ഒഴിച്ചത് ആരാണെന്ന് വടക്കാഞ്ചേരിക്കാര്‍ മനസ്സിലാക്കിയിട്ടുണ്ട്. കത്ത് നല്‍കി നാട്ടുകാരെ പറ്റിക്കാന്‍ ശ്രമിക്കുന്ന ഈ ജനപ്രതിനിധി ഇനിയും വിഡ്ഢികളുടെ സ്വര്‍ഗ്ഗത്തിലാണ്. ആരോപണ പുകമറയില്‍ സര്‍ക്കാരിനെയും, ലൈഫ്മിഷനെയും നിര്‍ത്തി പാവപ്പെട്ടവരുടെ ജീവിതത്തിന് താഴിട്ട്, തുടരെത്തുടരെ അസത്യങ്ങള്‍ പ്രചരിപ്പിക്കുന്നത് വ്യക്തിപരമായി അയാള്‍ക്ക് ശരിയായിത്തോന്നാം. പക്ഷെ, സാംസ്‌കാരിക തലസ്ഥാനത്തെ ഒരു ജനപ്രതിനിധിക്ക് ഇത് അഭിലഷണീയമല്ല.

നിലപാടുകളിലെ ആത്മാര്‍ത്ഥതയില്ലായ്മ, ജനങ്ങളുടെ പ്രശ്‌നങ്ങളോടുള്ള കപട സമീപനങ്ങള്‍ ഇവയുടെ ആകെത്തുക മണ്ഡലത്തിലെ വികസന പ്രവര്‍ത്തനങ്ങള്‍ മുമ്പെങ്ങുമില്ലാത്ത വിധം മരവിച്ചു എന്നതാണ്. വികസന മന്ത്രമുരുവിട്ടാണ് അക്കര ജനങ്ങളെ അഭിമുഖീകരിച്ചത്. എന്നാല്‍, രാഷ്ട്രീയ നാടകങ്ങള്‍ മാത്രം മുഖമുദ്രയാക്കി കഴിഞ്ഞ നാലരവര്‍ഷം നടത്തിയ പ്രവര്‍ത്തനം മണ്ഡലത്തിന്റെ ഹൃദയതാളം തെറ്റിച്ചിരിക്കുകയാണ്. മണ്ഡലത്തിലെ പാവപ്പെട്ടവരെ വഞ്ചിച്ച്, ഇപ്പോള്‍ മുതലക്കണ്ണീര്‍ ഒഴുക്കുന്ന ഈ ജനപ്രതിനിധി നാടിനോട് തന്റെ തെറ്റ് ഏറ്റ് പറഞ്ഞ് മാപ്പ് ചോദിക്കണം.

Next Story