
ന്യൂ ഡൽഹി: കുംഭമേള വിജയകരമായി സംഘടിപ്പിച്ചതിന് ഉത്തരാഖണ്ഡ് സർക്കാറിനെ അഭിനന്ദിച്ചു കൊണ്ടുള്ള അജിത് ഡോവലിന്റെ കത്ത് വ്യാജമെന്ന് ഔദ്യോഗിക വൃത്തങ്ങൾ. ഉത്തരാഖണ്ഡ് ചീഫ് സെക്രട്ടറിയെ അഭിസംബോധന ചെയുന്ന കത്തിൽ ദേശീയ സുരക്ഷാ ഉപദേഷ്ടാവായ അജിത് ഡോവൽ ‘കുംഭമേള കൈകാര്യം’ ചെയ്ത രീതിയെ അഭിനന്ദിക്കുന്നു എന്നാണ് പ്രചരിക്കുന്നത്. സമൂഹ മാധ്യമങ്ങളിലാണ് ഇത്തരമൊരു കത്ത് പ്രചരിക്കുന്നത്.
‘കുംഭമേളയുടെ വിജയകരമായ നടത്തിപ്പിനായുള്ള ചീഫ് സെക്രട്ടറിയുടെ ശ്രമങ്ങൾ മതപരമായ അന്തരീക്ഷം ഉറപ്പാക്കുമെന്ന്’ സൂചിപ്പിക്കുന്ന വ്യാജ കത്തിൽ, ‘നിയമവ്യവസ്ഥ നിലനിർത്താനും ഭാവിയിൽ ആർഎസ്എസിന്റെ പ്രത്യയശാസ്ത്രത്തെ പ്രോത്സാഹിപ്പിക്കാനും ഈ ശ്രമങ്ങൾ സഹായിക്കുമെന്നും’ പറയുന്നു.
എന്നാൽ അജിത് ഡോവൽ അത്തരമൊരു കത്ത് എഴുതിയിട്ടേ ഇല്ലെന്നാണ് ഉദ്യോഗസ്ഥ വൃന്ദം അറിയിക്കുന്നത്. ഇന്ത്യയുടെ അഞ്ചാമത്തെ ദേശീയ സുരക്ഷാ ഉപദേഷ്ടാവാണ് റിട്ടയേർഡ് ഐപിഎസ് ആയ അജിത് ഡോവൽ.
കുംഭമേളയില്‍ പങ്കെടുക്കുന്നതിനായി പതിനായിരത്തിലധികം പേരാണ് ഗംഗാതീരത്ത് ഒത്തുകൂടിയത്. മേളയില്‍ പങ്കെടുത്ത 1700റോളം പേര്‍ക്ക് കൊവിഡ് സ്ഥിരീകരിക്കുകയും ചെയ്തു. രാജ്യത്ത് കൊവിഡിന്റെ രണ്ടാം തരംഗം രൂക്ഷമായി തുടരുന്ന പശ്ചാത്തലത്തില്‍ കുംഭമേള നടത്തുന്നതിനെതിരെ രൂക്ഷവിമര്‍ശനങ്ങളും ഉയര്‍ന്നിരുന്നു. മേളയില്‍ പങ്കെടുത്ത മുഖ്യ പുരോഹിതന്മാരില് ഒരാള്‍ കൊവിഡ് ബാധിച്ച് മരിക്കുകയും 80ല്‍ അധികം സന്യായികള്ക്ക് രോഗബാധ സ്ഥിരീകരിക്കുകയും ചെയ്തിട്ടുണ്ട്.