Top

‘ഇസ്രായേല്‍ ഭീകരരാഷ്ട്രം, അംബാസിഡറെ വധിക്കും’ ഡല്‍ഹി സ്‌ഫോടനത്തിന്റെ കത്ത് പുറത്ത്

സ്‌ഫോടനം നടന്ന ഡല്‍ഹി ഇസ്രായേല്‍ എംബസിക്ക് സമീപത്ത് നിന്ന് ലഭിച്ച കത്തിലെ കൂടുതല്‍ വിശദാംശങ്ങള്‍ പുറത്ത്. ഇസ്രായേല്‍ ഭീകരരാഷ്ട്രമാണെന്നും അവരുടെ ഇന്ത്യന്‍ അംബാസിഡറെ എപ്പോള്‍ വേണമെങ്കിലും വധിക്കുമെന്നും കത്തില്‍ പറയുന്നു. ഇംഗ്ലീഷിലാണ് കത്ത് എഴുതിയിരിക്കുന്നതെന്ന് ദേശീയമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. സ്‌ഫോടനത്തില്‍ ഇറാനിയന്‍ സംഘടനകള്‍ക്ക് പങ്കുണ്ടെന്ന സംശയം നേരത്തെ ശക്തമായിരുന്നു. കത്തില്‍ ഇറാനിലെ കൊല്ലപ്പെട്ട കരുത്തുറ്റ നേതാവായിരുന്ന ജനറല്‍ ഖാസിം സുലൈമാനി, പ്രമുഖ ആണവ ശാസ്ത്രജ്ഞന്‍ മൊഹ്‌സെന്‍ ഫക്രിസാദെ എന്നിവരുടെ പേരുകള്‍ കണ്ടതോടെയാണ് രഹസ്യാന്വേഷണ ഏജന്‍സികളുടെ സംശയം ഇരട്ടിയായത്. […]

31 Jan 2021 11:23 PM GMT

‘ഇസ്രായേല്‍ ഭീകരരാഷ്ട്രം, അംബാസിഡറെ വധിക്കും’ ഡല്‍ഹി സ്‌ഫോടനത്തിന്റെ കത്ത് പുറത്ത്
X

സ്‌ഫോടനം നടന്ന ഡല്‍ഹി ഇസ്രായേല്‍ എംബസിക്ക് സമീപത്ത് നിന്ന് ലഭിച്ച കത്തിലെ കൂടുതല്‍ വിശദാംശങ്ങള്‍ പുറത്ത്. ഇസ്രായേല്‍ ഭീകരരാഷ്ട്രമാണെന്നും അവരുടെ ഇന്ത്യന്‍ അംബാസിഡറെ എപ്പോള്‍ വേണമെങ്കിലും വധിക്കുമെന്നും കത്തില്‍ പറയുന്നു. ഇംഗ്ലീഷിലാണ് കത്ത് എഴുതിയിരിക്കുന്നതെന്ന് ദേശീയമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

സ്‌ഫോടനത്തില്‍ ഇറാനിയന്‍ സംഘടനകള്‍ക്ക് പങ്കുണ്ടെന്ന സംശയം നേരത്തെ ശക്തമായിരുന്നു. കത്തില്‍ ഇറാനിലെ കൊല്ലപ്പെട്ട കരുത്തുറ്റ നേതാവായിരുന്ന ജനറല്‍ ഖാസിം സുലൈമാനി, പ്രമുഖ ആണവ ശാസ്ത്രജ്ഞന്‍ മൊഹ്‌സെന്‍ ഫക്രിസാദെ എന്നിവരുടെ പേരുകള്‍ കണ്ടതോടെയാണ് രഹസ്യാന്വേഷണ ഏജന്‍സികളുടെ സംശയം ഇരട്ടിയായത്. ഖാസിം സുലൈമാനിയെയും ഫക്രിസാദെയെയും രക്തസാക്ഷികള്‍ എന്നാണ് വിശേഷിപ്പിക്കുന്നത്. മാത്രമല്ല, സ്ഫോടനം ഒരു ട്രെയിലര്‍ മാത്രമാണെന്നും കത്തില്‍ പറയുന്നുണ്ട്. കേസ് അന്വേഷണത്തിന്റെ ഭാഗമായി ഇസ്രായേല്‍ രഹസ്യാന്വേഷണ ഏജന്‍സിയായ മൊസാദിന്റെ സഹായവും ഇന്ത്യ തേടിയിട്ടുണ്ട്.

ഇതിനിടെ ആക്രമണത്തിന് പിന്നില്‍ തങ്ങളാണെന്ന് അവകാശപ്പെട്ട് ജയ്ഷ് ഉല്‍ എന്ന അജ്ഞാത സംഘടന ഉത്തരവാദിത്തം ഏറ്റെടുത്തിരുന്നു. ഇതുവരെ കേട്ടിട്ടില്ലാത്ത സംഘടനയാണിത്. ആക്രമണം നടത്തിയത് തങ്ങളാണെന്ന ജയ്ഷ് ഉല്‍ ഹിന്ദിന്റെ പ്രസ്താവനയുടെ സ്‌ക്രീന്‍ ഷോട്ട് സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചിരുന്നു. എന്നാല്‍ ഇക്കാര്യത്തില്‍ കേന്ദ്ര അന്വേഷണ ഏജന്‍സികള്‍ സ്ഥിരീകരണം നടത്തിയിട്ടില്ല. അന്വേഷണം വഴി തിരിച്ചു വിടാനുള്ള ശ്രമമാണിതെന്ന് ഇവര്‍ സംശയിക്കുന്നുണ്ട്. വരാന്‍ പോവുന്ന ആക്രമണങ്ങളുടെ തുടക്കം മാത്രമാണിതെന്നും ഇന്ത്യ നടത്തുന്ന ക്രൂരതകള്‍ക്കുള്ള പ്രതികാരമണിതെന്നും ജയ്ഷ് ഉല്‍ ഹിന്ദിന്റെ പ്രസ്താവനയില്‍ പറയുന്നുണ്ട്.

വെള്ളിയാഴ്ച വൈകിട്ട് അഞ്ചിനാണ് ഡല്‍ഹി ഇസ്രയേല്‍ എംബസിക്ക് സമീപം സ്ഫോടനമുണ്ടായത്. സ്‌ഫോടനത്തിനുശേഷം ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍ ഇസ്രയേലിലെ സുരക്ഷാഉപദേഷ്ടാവ് മീര്‍ ബെന്‍ ഷബാത്തുമായി ചര്‍ച്ച നടത്തിയിരുന്നു. അജിത് ഡോവല്‍ കാര്യങ്ങള്‍ വിശദീകരിച്ചശേഷം നെതന്യാഹു പ്രധാനമന്ത്രി നരേന്ദ്രമോദിയെ നേരിട്ടുവിളിച്ച് തങ്ങള്‍ക്ക് ഇന്ത്യയിലുള്ള വിശ്വാസം വ്യക്തമാക്കുകയായിരുന്നു. സ്‌ഫോടനവിഷയത്തിലെ അന്വേഷണത്തിലുള്ള പുരോഗതി യഥാസമയം തന്നെ ഇസ്രയേലിനെ അറിയിക്കുമെന്നും ഇരുരാജ്യങ്ങളും തമ്മില്‍ ധാരണയായി. ഇസ്രായേല്‍ എംബസിയ്ക്കുസമീപം എങ്ങനെയാണ് സ്‌ഫോടനമുണ്ടായത് എന്ന് കണ്ടെത്താനുള്ള അന്വേഷണം ഊര്‍ജിതമായി നടക്കുകയാണ്. കേന്ദ്രമന്ത്രി എസ് ജയശങ്കറും ഇസ്രയേല്‍ മന്ത്രിമാരുമായി ഇതുസംബന്ധിച്ച് ചര്‍ച്ചകള്‍ നടത്തിവരികയാണ്. നടന്നത് തീവ്രത കുറഞ്ഞ സ്‌ഫോടനമാണെങ്കിലും വിഷയത്തെ വളരെ ഗൗരവമായാണ് കാണുന്നതെന്ന് ഇന്ത്യ ഇസ്രയേലിനെ അറിയിച്ചു.

എംബസി കെട്ടിടത്തിന് പുറത്തുള്ള നടപ്പായതിലാണ് സ്‌ഫോടനമുണ്ടായത്. ആ സമയത്ത് സംഭവസ്ഥലത്തുകൂടി സഞ്ചരിക്കുകയായിരുന്ന അഞ്ച് കാറുകളുടെ ഗ്ലാസുകള്‍ സ്‌ഫോടനത്തില്‍ തകര്‍ന്നു.
രാഷ്ട്രപതി രാംനാഥ് കോവിന്ദ്, പ്രധാനമന്ത്രി നരേന്ദ്ര മോദി, സര്‍ക്കാരിന്റെ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ താമസിക്കുന്ന വിജയ ചൗക്കിന് രണ്ട് കിലോമീറ്റര്‍ ദൂരത്തായിരുന്നു സ്‌ഫോടനം. സ്‌ഫോടക വസ്തു ഉണ്ടായിരുന്നെന്ന് കരുതുന്ന പ്ലാസ്റ്റിക് ബാഗ് നടപ്പാതയില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി. ഇത് പൊട്ടിത്തെറിച്ചാണ് കാറുകള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചതെന്നാണ് പ്രാഥമിക വിവരം.

കഴിഞ്ഞ നവംബര്‍ 27നാണ് ആണവ ശാസ്ത്രജ്ഞന്‍ ഫക്രിസാദെ കൊല്ലപ്പെട്ടത്. ആക്രമണത്തിന് പിന്നില്‍ ഇസ്രായേല്‍ ആണെന്നാണ് ഇറാന്റെ ആരോപണം. തെഹ്റാനിലെ കിഴക്കന്‍ മലയോര നഗരമായ അബ്സാദില്‍ വെച്ചാണ് ഇദ്ദേഹം കൊല്ലപ്പെട്ടത്. 2018ല്‍ ഇസ്രയേലിലെ ഒരു ഉന്നതതലയോഗത്തില്‍ ഫക്രിസാദെയുടെ പേര് ഓര്‍ത്തുവയ്ക്കണമെന്ന് പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു പറഞ്ഞതായുള്ള റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. ഇറാന്റെ ‘അമാദ്’, ‘ഹോപ്’ പദ്ധതികളെ നയിച്ചിരുന്നത് ഫക്രിസാദെയായിരുന്നു. മൊസാദും അമേരിക്കന്‍ രഹസ്യാന്വേഷണ വിഭാഗമായ സിഐഎയും ഫക്രിസാദെയെ 2006 മുതല്‍ നിരീക്ഷിക്കുന്നുണ്ടായിരുന്നു. കഴിഞ്ഞജനുവരിയില്‍ അമേരിക്കന്‍ ഡ്രോണ്‍ ആക്രമണത്തിലാണ് ഖാസി സുലൈമാനി മരിച്ചത്.

Next Story