Top

‘നയിക്കുന്നത് യഥാര്‍ഥ കര്‍ഷകരാണെങ്കില്‍ വിട്ടുവീഴ്ച്ചയ്ക്ക് തയ്യാറായേനെ’; സമരത്തിന് തീവ്ര ഇടതുപക്ഷഗ്രൂപ്പുകളുടെ സ്വാധീനമെന്ന് പിയുഷ് ഗോയല്‍

താങ്ങുവില തുടരുമെന്ന് കര്‍ഷകര്‍ക്ക് ഉറപ്പുനല്‍കിയിട്ടും നിയമഭേദഗതിയ്ക്ക് തയ്യാറായിട്ടും കര്‍ഷകര്‍ സഹകരിക്കാന്‍ ഒരുക്കമായിരുന്നില്ലെന്നാണ് പിയുഷ് ഗോയലിന്റെ പ്രതികരണം.

11 Dec 2020 10:37 PM GMT

‘നയിക്കുന്നത് യഥാര്‍ഥ കര്‍ഷകരാണെങ്കില്‍ വിട്ടുവീഴ്ച്ചയ്ക്ക് തയ്യാറായേനെ’; സമരത്തിന് തീവ്ര ഇടതുപക്ഷഗ്രൂപ്പുകളുടെ സ്വാധീനമെന്ന് പിയുഷ് ഗോയല്‍
X

തീവ്ര ഇടതുപക്ഷ മാവോയിസ്റ്റ് ഗ്രൂപ്പുകള്‍ കര്‍ഷകപ്രതിഷേധത്തിനിടയിലേക്ക് നുഴഞ്ഞുകയറിയതായി കേന്ദ്രമന്ത്രി പീയുഷ് ഗോയല്‍. കര്‍ഷകസംഘടനാപ്രതിനിധികളുമായി കേന്ദ്രം ചര്‍ച്ചചെയ്ത കാര്യങ്ങളെല്ലാം തന്നെ കര്‍ഷകര്‍ക്ക് നേട്ടത്തിനുവേണ്ടിയുള്ളവയായിരുന്നുവെന്നും കര്‍ഷകരാണ് തുറന്ന ചര്‍ച്ചയ്ക്ക് തയ്യാറാകാത്തതെന്നും മന്ത്രി കുറ്റപ്പെടുത്തി. ടൈംസ് അഫ് ഇന്ത്യ ദിനപ്പത്രത്തിന് നല്‍കിയ അഭിമുഖത്തിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

താങ്ങുവില തുടരുമെന്ന് കര്‍ഷകര്‍ക്ക് ഉറപ്പുനല്‍കിയിട്ടും നിയമഭേദഗതിയ്ക്ക് തയ്യാറായിട്ടും കര്‍ഷകര്‍ സഹകരിക്കാന്‍ ഒരുക്കമായിരുന്നില്ലെന്നാണ് പിയുഷ് ഗോയലിന്റെ പ്രതികരണം. സമരം നയിക്കുന്നത് യഥാര്‍ഥ കര്‍ഷകര്‍ ആണെങ്കില്‍ കര്‍ഷകരുടെ നന്മയ്ക്കായി കേന്ദ്രം കൊണ്ടുവരുന്ന പുതിയ ഭേദഗതികളെ അവര്‍ സ്വാഗതം ചെയ്യുമായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

പുതിയ കാര്‍ഷികപരിഷക്കരണ നിയമങ്ങളക്കുറിച്ചുള്ള കര്‍ഷകരുടെ ഏത് ആശങ്കയും പരിഹരിക്കാനും ചര്‍ച്ച ചെയ്യാനും സര്‍ക്കാര്‍ ഒരുക്കമാണെന്നും പിയുഷ് ഗോയല്‍ പറഞ്ഞു. ‘സര്‍ക്കാര്‍ നടപ്പിലാക്കുന്ന മൂന്ന് നിയമങ്ങളും കര്‍ഷകര്‍ക്ക് വളരെ പ്രയോജനം ചെയ്യും. കര്‍ഷകബന്ദിന് കാര്യമായ പിന്തുണയൊന്നും ലഭിച്ചില്ലെന്ന് നിങ്ങള്‍ കണ്ടുകാണും. നമ്മള്‍ ടിവിയില്‍ കാണുന്ന ദൃശ്യങ്ങളില്‍ നിറഞ്ഞുനില്‍ക്കുന്നത് രാഷ്ട്രീയ നേതാക്കളാണ്. ഈ രാജ്യത്തെ യഥാര്‍ഥ കര്‍ഷകരൊക്കെ സന്തുഷ്ടരാണ്’. പിയൂഷ് ഗോയല്‍ പറഞ്ഞു.

കര്‍ഷകരുടെ ട്രെയ്ന്‍ തടയല്‍ സമരം പൊതുജനങ്ങള്‍ക്കും വിദ്യാര്‍ഥികള്‍ക്കും മറ്റ് ജീവനക്കാര്‍ക്കും ഒരുപാട് ബുദ്ധിമുട്ടുണ്ടാക്കുമെന്നതിനാല്‍ സമരത്തില്‍ നിന്ന് പിന്‍വാങ്ങാന്‍ സമരക്കാരോട് അഭ്യര്‍ഥിക്കുന്നതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Next Story