
കേന്ദ്രസര്‍ക്കാര്‍ പാസാക്കിയ മൂന്ന് കാര്‍ഷികപരിഷ്കരണ നിയമങ്ങള്‍ക്കെതിരെയുള്ള തങ്ങളുടെ ശബ്ദം കൂടുതലുറക്കെ കേള്‍പ്പിക്കാന്‍ സജ്ജീകരണങ്ങള്‍ ഒരുക്കി കര്‍ഷകസംഘടനകള്‍. കര്‍ഷകരുടെ പ്രധാനസമര കേന്ദ്രമായ സിംഗു അതിര്‍ത്തിയില്‍ ലൗഡ് സ്പീക്കറുകളും എല്‍ഇഡി സ്ക്രീനുകളും ഉള്‍പ്പെടെയുള്ളവ വ്യാപകമായി സ്ഥാപിക്കാനാണ് പ്രതിഷേധിക്കുന്ന കര്‍ഷകരുടെ നീക്കം. 10 കിലോമീറ്റര്‍ ചുറ്റളവിലെങ്കിലും കര്‍ഷകരുടെ ശബ്ദമെത്തുന്ന തരത്തില്‍ പ്രദേശത്ത് മുഴുവന്‍ സജ്ജീകരണങ്ങള്‍ ഒരുക്കുമെന്ന് കര്‍ഷകസംഘടനാപ്രതിനിധികള്‍ അറിയിച്ചു.
സമരം ചെയ്യുന്ന കര്‍ഷകര്‍ക്ക് പരസ്പരം സംസാരിക്കുന്നതിനായി വാക്കി ടോക്കികള്‍ ഉപയോഗിക്കാനും നീക്കം നടക്കുന്നുണ്ട്. തങ്ങളെ പിന്തുണയ്ക്കുന്നവരോട് സംവദിക്കാനും പ്രതിഷേധത്തിന്റെ വിശദാംശങ്ങള്‍ അറിയിക്കാനുമായി 8*10 അടി വലിപ്പത്തിലുള്ള എല്‍ഇഡി സ്ക്രീനുകളാണ് ദില്ലി അതിര്‍ത്തികളില്‍ കര്‍ഷകര്‍ സ്ഥാപിക്കാനിരിക്കുന്നത്.
വിവാദങ്ങള്‍ക്ക് നേതൃത്വം നല്കുന്ന മുതിര്‍ന്ന നേതാക്കള്‍ മൈക്ക് ഉപയോഗിച്ച് സംസാരിക്കുന്ന സന്ദേശങ്ങളെല്ലാം സമരത്തില്‍ പങ്കെടുക്കുന്ന മുഴുവന്‍ ആളുകള്‍ക്കും കേള്‍ക്കാന്‍ പാകത്തിനുള്ള സജ്ജീകരണങ്ങളാണ് ഉടന്‍ ഒരുങ്ങുന്നത്. മൊബൈല്‍ നെറ്റുവര്‍ക്കുകള്‍ മെച്ചപ്പെടുത്തുന്ന പ്രവര്‍ത്തനങ്ങള്‍ ഉള്‍പ്പെടെ കര്‍ഷകര്‍ ഇതിന് സമാന്തരമായി നടത്തിവരികയാണ്.
കര്‍ഷകസംഘടനാ പ്രതിനിധികളും കേന്ദ്രസര്‍ക്കാരും തമ്മില്‍ നടന്ന ഏഴാംഘട്ട ചര്‍ച്ചയും ഇന്നലെ പരാജയപ്പെട്ടിരുന്നു. നിയമങ്ങള്‍ പിന്‍വലിക്കാനുള്ള ഓര്‍ഡിനന്‍സ് കൊണ്ടുവരണമെന്ന് കര്‍ഷകസംഘടനകള്‍ ആവശ്യപ്പെട്ടിരുന്നു. കര്‍ഷകര്‍ രംഗത്ത് വെച്ച നാല് വിഷയങ്ങളില്‍ രണ്ടെണ്ണത്തില്‍ മാത്രമാണ് കേന്ദ്ര സര്‍ക്കാര്‍ അനുകൂല തീരുമാനം എടുത്തത്. വയല്‍ അവശിഷ്ടങ്ങള്‍ കത്തിക്കുന്നതുമായി ബന്ധപ്പെട്ട ഓര്‍ഡിനന്‍സ്, വൈദ്യുതി ചാര്‍ജുമായി ബന്ധപ്പെട്ട നിയമം എന്നിവയാണ് സര്‍ക്കാര്‍ അനുകൂലിച്ചത്.