‘ക്രൈസ്തവരുടെ വിശ്വാസം വീണ്ടെടുക്കണം, അവരെ ഒപ്പം നിര്‍ത്തണം’; സഭാ അധ്യക്ഷന്മാരുമായി ചര്‍ച്ച നടത്താന്‍ ലീഗ്
ക്രൈസ്ത വിഭാഗങ്ങളില്‍ മുസ്ലീം സമുദായത്തിനെതിരെ തെറ്റിദ്ധാരണകള്‍ രൂപപ്പെട്ടത് തെരഞ്ഞെടുപ്പില്‍ പിന്നോട്ടടിക്ക് കാരണമായി എന്ന വിലയിരുത്തലിനെ തുടര്‍ന്നാണ് ലീഗിന്റെ ഈ നീക്കം.

തദ്ദേശതെരഞ്ഞെടുപ്പില്‍ നേരിടേണ്ടിവന്ന തിരിച്ചടിക്ക് പിന്നാലെ ക്രൈസ്തവ സഭാ നേതൃത്വവുമായി ചര്‍ച്ച നടത്താനൊരുങ്ങി മുസ്ലീം ലീഗ്. ക്രൈസ്ത വിഭാഗങ്ങളില്‍ മുസ്ലീം സമുദായത്തിനെതിരെ തെറ്റിദ്ധാരണകള്‍ രൂപപ്പെട്ടത് തെരഞ്ഞെടുപ്പില്‍ പിന്നോട്ടടിക്ക് കാരണമായി എന്ന വിലയിരുത്തലിനെ തുടര്‍ന്നാണ് ലീഗിന്റെ ഈ നീക്കം.
മുസ്ലീം- ക്രൈസ്തവ വിഭാഗങ്ങളാണ് യുഡിഎഫിന്റെ ശക്തി കേന്ദ്രങ്ങള്‍ എന്നാണ് വിശേഷിപ്പിക്കപ്പെടുന്നത്. അതുകൊണ്ട് തന്നെ ഇവര്‍ക്കിടയില്‍ തെറ്റിദ്ധാരണകള്‍ ഉടലെടുത്താല്‍ അത് മുന്നണിയില്‍ നന്നേ ക്ഷീണമുണ്ടാക്കും എന്നതില്‍ സംശയമില്ല. ഇക്കാര്യത്തെ മുന്‍ നിര്‍ത്തിയാണ് ചര്‍ച്ചകള്‍ നടത്താന്‍ ലീഗ് തന്നെ മുന്നിട്ടിറങ്ങിയത്.
ഇരു വിഭാഗങ്ങള്‍ക്കും ഇടയില്‍ ഏതെങ്കിലും തരത്തിലുള്ള അഭിപ്രായ വ്യത്യസങ്ങള്‍ ഉണ്ടായാല്‍ അത് പാര്‍ട്ടിക്ക് ദോഷമാകും എന്ന് യുഡിഎഫ് നേരത്തെ നിരീക്ഷിച്ചിട്ടുള്ളതാണ്. ഇതേ തുടര്‍ന്ന് മുസ്ലീം ലീഗ് നേതാക്കളായ പികെ കുഞ്ഞാലിക്കുട്ടി, കെപിഎ മജീദ്, എംകെ മുനീര്‍, ഇടി മുഹമ്മദ് ബഷീര്‍ എന്നിവര്‍ തെരഞ്ഞെടുപ്പിന് മുമ്പ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ്ജ് ആലഞ്ചേരിയെ കണ്ട് ചര്‍ച്ച നടത്തിയിരുന്നു. ഇത്തരം ചര്‍ച്ചകളുമായി മുന്നോട്ട് പോകാന്‍ തന്നെയാണ് ലീഗിന്റെ തീരുമാനം. വിവിധ മതമേലധ്യക്ഷന്മാരുമായി ലീഗ് കൂടിക്കാഴ്ച്ച നടത്തും.
യുഡിഎഫില്‍ മുസ്ലീം ലീഗ് അമിതമായി സ്വാധീനം ചെലുത്തുകയാണ് എന്ന ആരോപണം ഉയര്‍ന്നിരുന്നു. ഇതിനെ തുടര്‍ന്ന് ലീഗിന് കിട്ടുന്ന പരിഗണന ക്രൈസ്തവര്‍ക്ക് ലഭിക്കുന്നില്ല എന്ന പരിഭവവും പലതവണയായി പ്രകടമായിട്ടുള്ളതുമാണ്. സര്‍ക്കാരിന്റെ മുന്നോക്കക്കാരിലെ പിന്നോക്ക സംവരണത്തിനെതിരെ ലീഗ് മുന്നിട്ടിറങ്ങിയപ്പോളും ഈ രോഷം പ്രകടമായിരുന്നു. ലൗ ജിഹാദ് വിഷയവും തുര്‍ക്കിയിലെ ഹാഗിയ സോഫിയ മ്യൂസി യം മുസ്ലീം പള്ളിയാക്കിയത് സ്വാഗതം ചെയ്ത ചില ലീഗ് നേതാക്കളുടെ നിലപാട് ഇതിന് ആക്കം കൂട്ടുകയായിരുന്നു.
ഈ വിള്ളല്‍ വലുതാക്കാന്‍ സിപിഐഎമ്മും ബിജെപിയും ശ്രമിക്കുകയാണ് എന്ന വിലയിരുത്തലിലാണ് ലീഗ്. അതുകൊണ്ട് തന്നെ മുന്‍നിര നേതാക്കളെ തന്നെ സമുദായ നേതാക്കളുമായുള്ള ചര്‍ച്ചയ്ക്ക് നിയോഗിച്ചിരിക്കുകയാണ് ലീഗ്.
- TAGS:
- Muslim League
- UDF