
മലപ്പുറത്തെ സീറ്റ് നഷ്ടം അന്വേഷിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ സമിതിയെ നിയോഗിച്ച് മുസ്ലീം ലീഗ് മലപ്പുറം ജില്ലാ നേതൃത്വം. തദ്ദേശ തെരഞ്ഞെടുപ്പ് ഫലം പുറത്ത് വന്നപ്പോള്‍ ലീഗിന് നേട്ടമുണ്ടായെങ്കിലും നഷ്ടപ്പെട്ട എട്ട് സീറ്റുകളില്‍ ലീഗ് നേതൃത്വം അസംതൃപ്തിയില്‍ തന്നെയാണ്. ജില്ലാ ഭാരവാഹികളടങ്ങുന്ന സമിതിയെ ആണ് വീഴ്ച്ചകള്‍ പഠിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ നിയോഗിച്ചിരിക്കുന്നത്.
എംഎല്‍എമാരുടെയും ജില്ലാ ഭാരവാഹികളുടേയും യോഗത്തിലാണ് സമിതിയെ രൂപീകരിച്ചിരിക്കുന്നത്. പാര്‍ട്ടിക്കുള്ളിലെ വീഴ്ച്ചകള്‍ കൊണ്ടാണ് നഷ്ടമുണ്ടായതെങ്കില്‍ കാരണക്കാരായവര്‍ക്കെതിരെ നടപടി സ്വീകരിക്കനാണ് ജില്ലാ നേതൃത്വത്തിന്റെ തീരുമാനം.
കഴിഞ്ഞ ഭരണസമിതിയില്‍ ലീഗിന് ഒമ്പത് സീറ്റുകള്‍ ഉണ്ടായിരുന്നെങ്കില്‍ ഇത്തവണ ഒരു സീറ്റപോലും ലഭിച്ചില്ല എന്നത് പാര്‍ട്ടിക്ക് ഒരു വന്‍ നഷ്ടം തന്നെയാണ്. ഇതില്‍ ലീഗ് നേതാക്കളെ തേടിപ്പിടിച്ച് തോല്‍പ്പിച്ച പ്രതീതിയാണ് ഉണ്ടായിരിക്കുന്നത് തുടങ്ങിയ ആ രോപണങ്ങള്‍ പാര്‍ട്ടിക്കുള്ളില്‍ തന്നെ ശക്തമായിക്കൊണ്ടിരിക്കുകയാണ്.
അതേസമയം കോണ്‍ഗ്രസിന്റെ കുത്തകയായിരുന്ന നിലമ്പൂര്‍ നഗരസഭ നഷ്ടമായത് പാര്‍ട്ടിയുടെ ഗ്രൂപ്പുകളികൊണ്ട് തന്നെയാണെന്ന ആക്ഷേപവും ഉയരുന്നുണ്ട്. ഇതിനെക്കുറിച്ചും അന്വഷിക്കും. താഴേക്കോട്, എടവണ്ണ, മാമ്പാട്, പുളിക്കല്‍, വെളിയങ്കോട്, വെട്ടം, പെരുമ്പടപ്പ് തുടങ്ങിയ പഞ്ചായത്തുകളാണ് ലീഗിന് നഷ്ടമായത്. മാത്രമല്ല, ലീഗിന് നഷ്ടപ്പെട്ട വാര്‍ഡുകളെ കുറിച്ച് അന്വേഷിക്കാന്‍ പഞ്ചായത്ത്,മണ്ഡലം കമ്മിറ്റികള്‍ക്കും നിര്‍ദ്ദേശം നല്കി കഴിഞ്ഞു.