
കണ്ണൂരില്‍ മുസ്ലിം ലീഗും കോണ്‍ഗ്രസും നേര്‍ക്കുനേര്‍ മത്സരിച്ച വളപട്ടണം പഞ്ചായത്തില്‍ കോണ്‍ഗ്രസിന് അടിതെറ്റി. ഒന്‍പതിടത്തു മത്സരിച്ച കോണ്‍ഗ്രസ് ഒരു സീറ്റില്‍ മാത്രമാണ് വിജയിച്ചത്. 10 വാര്‍ഡുകളില്‍ മത്സരിച്ച ലീഗ് 7 സീറ്റുകള്‍ നേടി പഞ്ചായത്ത് ഭരണം പിടിച്ചു. അതേ സമയം യുഡിഎഫിലെ തര്‍ക്കം മുതലെടുത്ത് ബിജെപി വളപട്ടണത്ത് അക്കൗണ്ട് തുറന്നു. രണ്ട് വാര്‍ഡുകളിലാണ് ബിജെപി ജയിച്ചത്.
നേതാക്കള്‍ സൗഹൃദ മത്സരമാണെന്ന് ആവര്‍ത്തിച്ച് പറഞ്ഞപ്പോഴും വളപട്ടണത് മുസ്ലീം ലീഗും കോണ്‍ഗ്രസും തമ്മില്‍ അത്ര സൗഹാര്ദപരമല്ലെന്നാണ് തെരഞ്ഞെടുപ്പ് ഫലം സൂചിപ്പിക്കുന്നത്. കഴിഞ്ഞ തവണ കോണ്‍ഗ്രസ് കാലുവരിയെന്ന പ്രാദേശിക നേതൃത്വത്തിന്റെ വികാരമാണ് ലീഗിനെ ഇത്തവണ ഒറ്റയ്ക്ക് മത്സരിക്കാന്‍ പ്രേരിപ്പിച്ചത്. ലീഗ് നേതൃത്വം ഇതിന് സമ്മതം നല്‍കുകയും ചെയ്തു.
വളപട്ടണം പഞ്ചായത്തിലെ ആറു വാര്‍ഡുകള്‍ക്ക് പുറമേ കീഴല്ലൂര്‍ പഞ്ചായത്തിലെ ഒരു വാര്‍ഡിലും ലീഗും കോണ്‍ഗ്രസും തമ്മില്‍ ഏറ്റുമുട്ടി. ഇതില്‍ ഒരിടത്തു പോലും കോണ്‍ഗ്രസിനു വിജയിക്കാനായില്ല.
ലീഗും കോണ്‍ഗ്രസും നേര്‍ക്കു നേര് പോരാടിയ വളപട്ടണത് മൂന്നിടത്തു ലീഗും രണ്ടിടത്തു സിപിഐഎമ്മും ഒരിടത്തു ബിജെപിയും ജയിച്ചു. സിപിഐഎമ്മും ബിജെപിയും രണ്ട് വീതം സീറ്റുകള്‍ നേടി. ലീഗുമായി ചേര്‍ന്ന് മത്സരിച്ച വെല്‍ഫെയര്‍ പാര്‍ട്ടിയും ഒരു സീറ്റില്‍ വിജയിച്ചു.
ലീഗ് സ്ഥാനാര്‍ത്ഥിയെ നിര്‍ത്താത്ത ആറാം വാര്‍ഡില്‍ മാത്രമാണ് കോണ്‍ഗ്രസിന് വിജയിക്കാനായത്. ഇതാകട്ടെ കോണ്‍ഗ്രസിന്റെ സിറ്റിംഗ് സീറ്റുമാണ്. ഫലത്തില്‍, കോണ്‍ഗ്രസിന് അന്പേ പരാജയമാണ് വളപട്ടണത് ഉണ്ടായത്.