
കോണ്‍ഗ്രസ് മുന്‍ ദേശീയ അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധി കര്‍ഷക നിയമങ്ങള്‍ക്കെതിരെ പഞ്ചാബില്‍ നടത്തിയ റാലി ചര്‍ച്ചയായിരുന്നു. രാഹുല്‍ നേതാക്കളോടൊപ്പം ട്രാക്ടര്‍ ഓടിക്കുന്നതിന്റെ ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാണ്. സമരത്തിനും രാഹുല്‍ ഗാന്ധിയ്ക്കും പിന്തുണയര്‍പ്പിച്ച് കേരളത്തിലെ കോണ്‍ഗ്രസ് നേതാക്കളും സോഷ്യല്‍ മീഡിയയിലൂടെ രംഗത്തെത്തി. ഇക്കൂട്ടത്തില്‍ എഐസിസി സെക്രട്ടറി പി സി വിഷ്ണുനാഥിന്റെ ട്വീറ്റ് ചര്‍ച്ചയാകുകയാണ്. രാഹുലിന്റെ ചിത്രത്തിനൊപ്പം കൊടുത്തിരിക്കുന്ന തലവാചകമാണ് ഇതിന് കാരണം. വനിതാ നേതാവ് കുമാരി സെല്‍ജ ട്രാക്ടര്‍ ഓടിക്കുമ്പോള്‍ രാഹുല്‍ സൈഡ് സീറ്റില്‍ ഇരിക്കുന്നതാണ് ഫോട്ടോയില്‍.
എല്ലായ്പ്പോഴും ഡ്രൈവറുടെ സീറ്റില്‍ തന്നെ ഇരിക്കുന്നതല്ല നേതൃത്വം എന്നത്. മറ്റുള്ളവരേയും ഡ്രൈവ് ചെയ്യാന്‍ അനുവദിക്കുന്നതാണ് ലീഡര്‍ഷിപ്പ്.
പി സി വിഷ്ണുനാഥ്
ട്വീറ്റിന് താഴെ കേരളത്തിലെ കോണ്‍ഗ്രസ് നേതാക്കളെ ഉദ്ദേശിച്ചല്ലേ ഇതെന്ന തരത്തില്‍ പ്രതികരണങ്ങള്‍ വരുന്നുണ്ട്. പാര്‍ട്ടിയിലെ സ്ഥാനങ്ങളും അധികാരങ്ങളും മുതിര്‍ന്ന നേതാക്കള്‍ സ്ഥിരമായി കൈയ്യടക്കി വെച്ചിരിക്കുകയാണെന്ന വിമര്‍ശനങ്ങള്‍ക്കിടെയാണ് പി സി വിഷ്ണുനാഥിന്റെ ട്വീറ്റ്. പാര്‍ട്ടിയില്‍ കൂടിയാലോചനകള്‍ നടക്കുന്നില്ലെന്ന വിമര്‍ശനവുമായി കെ മുരളീധരന് എംപി ദിവസങ്ങള്‍ക്ക് മുമ്പ് രംഗത്തെത്തിയിരുന്നു. ഏതാനും പേര് ചേര്‍ന്നാണ് കാര്യങ്ങള്‍ തീരുമാനിക്കുന്നതെന്നും മുരളീധരന് കുറ്റപ്പെടുത്തി.
ഇംഗ്ലീഷിലുള്ള ട്വിറ്റര്‍ പ്രതികരണം മുതിര്‍ന്ന ദേശീയ നേതാക്കളെ കൂടി ഉദ്ദേശിച്ചാണോയെന്ന് വ്യക്തമല്ല. രാഹുല്‍ ഗാന്ധി കോണ്‍ഗ്രസ് അദ്ധ്യക്ഷ സ്ഥാനം രാജിവെച്ചത് കര്മനിരതരല്ലാത്ത വൃദ്ധനേതാക്കള്‍ പുതിയ ആളുകള്‍ക്ക് അവസരം കൊടുക്കുമെന്ന് പ്രതീക്ഷിച്ചുകൂടിയാണെന്ന് നിരീക്ഷണങ്ങളുണ്ടായിരുന്നു.