
നിയമസഭാ തെരഞ്ഞെടുപ്പിലെ പരാജയം വിശകലനം ചെയ്യാന്‍ ചേര്‍ന്ന കെപിസിസി രാഷ്ട്രീയ കാര്യ സമിതിയില്‍ പരസ്പരമുള്ള പഴിചാരലിനെതിരെ രൂക്ഷ വിമര്‍ശനങ്ങള്‍. തോല്‍വിയില്‍ എല്ലാവര്ക്കും കൂട്ടുത്തരവാദിത്വമുണ്ടെന്നും അത് തന്റെ തലയില്‍ മാത്രം കെട്ടിവെയ്ക്കാന്‍ ചിലര്‍ ശ്രമിക്കുന്നുണ്ടെന്നും കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന് വിമര്‍ശിച്ചു. മുല്ലപ്പള്ളിയുടെ വിമര്‍ശനത്തിന് പിന്നാലെ തെരഞ്ഞെടുപ്പ് തോല്‍വിയുടെ ഉത്തരവാദിത്വം തനിക്കാണെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പ്രഖ്യാപിച്ചു. തിരഞ്ഞെടുപ്പ് കമ്മിറ്റി അധ്യക്ഷനെന്ന നിലയില്‍ തോല്‍വിക്ക് ഒന്നാമത്തെ ഉത്തരവാദി താനാണ് എന്നാണ് ഉമ്മന്‍ ചാണ്ടി പറഞ്ഞത്. എന്നാല്‍ പരസ്പരം പഴിചാരാതെ ഒറ്റക്കെട്ടായി മുന്നോട്ടു പോകണമെന്നും ഹൈക്കമാന്‍ഡ് തീരുമാനം എന്തായാലും അത് അംഗീകരിക്കുമെന്നും രമേശ് ചെന്നിത്തല നിലപാടെടുത്തു.
പാര്‍ട്ടിയിലും പാര്‍ലമെന്ററി പാര്‍ട്ടിയിലും എന്ത് തീരുമാനമെടുത്താലും അംഗീകരിക്കുമെന്നാണ് രമേശ് ചെന്നിത്തല യോഗത്തിന് മുന്‍പാകെ അറിയിച്ചത്. പരസ്പരം ആരോപണം ഉന്നയിച്ച് മറ്റുള്ളവര്‍ക്ക് പറഞ്ഞ് ചിരിക്കാന്‍ ഇനിയും അവസരമുണ്ടാക്കരുത്. കോണ്‍ഗ്രസിനെ ഇല്ലാതാക്കാന്‍ ബി ജെ പി അറിഞ്ഞു കൊണ്ട് എല്‍ഡിഎഫിന് വോട്ടു മറിച്ചു. 60 മണ്ഡലങ്ങളില്‍ എങ്ങനെ വന്നാലും എല്‍ഡിഎഫ് ജയിക്കുന്ന രീതിയിലാണ് മണ്ഡല പുനര്‍നിര്‍ണയം നടന്നതെന്നും ചെന്നിത്തല പറഞ്ഞു.
കോണ്‍ഗ്രസ് നേതാക്കളെ വലയിലാക്കാന്‍ ആര്‍എസ്എസില്‍ നിന്നും വ്യാപകമായ ശ്രമങ്ങള്‍ നടക്കുന്നുണ്ടെന്ന് ചെന്നിത്തല ആരോപിക്കുന്നു. ആര്‍എസ്എസ് തന്ത്രത്തിന് എതിരെ ജാഗ്രത വേണമെന്ന് നേതാക്കള്‍ ഒറ്റക്കെട്ടായി തീരുമാനമെടുത്തു. തമ്മിലടിച്ചു ആര്.എസ്.എസ്സിന് മുതലെടുക്കാന്‍ അവസരം നല്‍കരുത് എന്ന കാര്യത്തിലും നേതാക്കള്‍ കെപിസിസി യോഗത്തില്‍ ഒറ്റക്കെട്ടായി ഉറച്ചുനിന്നു. അതേസമയം കോണ്‍ഗ്രസിന്റെ തെരഞ്ഞെടുപ്പ് പരാജയത്തില്‍ തനിക്കും ഉത്തരവാദിത്വമുണ്ടെന്ന് കെ സുധാകരന് പറഞ്ഞു. കണ്ണൂരില്‍ മൂന്ന് സീറ്റ് ഉണ്ടായിരുന്നത് രണ്ടായി ചുരുങ്ങി എന്നതും സുധാകരന് യോഗത്തില്‍ ചൂണ്ടിക്കാട്ടി.
കെപിസിസി അധ്യക്ഷ സ്ഥാനത്തേക്ക് കെ സുധാകരനേയും പ്രതിപക്ഷ നേതാവായി വിഡി സതീശനേയും ചുമതലപ്പെടുത്തണമെന്ന് വ്യാപകമായ ആവശ്യമുയരുന്ന പശ്ചാത്തലത്തിലാണ് കെപിസിസി രാഷ്ട്രീയ കാര്യ സമിതി യോഗം നടന്നത്. ഹൈക്കമാന്‍ഡ് പറയുകയാണെങ്കില്‍ താന്‍ രാജി നല്കാന് തയ്യാറാണെന്നും സ്വന്തം നിലയ്ക്ക് രാജിവെക്കില്ലെന്നുമായിരുന്നു മുല്ലപ്പള്ളി രാമചന്ദ്രന് മുന്‍പ് പറഞ്ഞിരുന്നത്.