Top

കസ്റ്റംസ് ഓഫീസുകളിലേക്ക് നാളെ എല്‍ഡിഎഫ് മാര്‍ച്ച്; ബിജെപി-യുഡിഎഫ് പ്രചാരണം കേന്ദ്ര ഏജന്‍സി ഏറ്റെടുത്തെന്ന് എ വിജയരാഘവന്‍

മുഖ്യമന്ത്രിയെ അപകീര്‍ത്തിപ്പെടുത്താനുള്ള നീക്കത്തിനെതിരെ കസ്റ്റംസ് ഓഫീസുകളിലേക്ക് നാളെ എല്‍ഡിഎഫ് മാര്‍ച്ച് നടത്തുമെന്ന് സിപിഐഎം സംസ്ഥാന ആക്ടിങ് സെക്രട്ടറിയും ഇടത് മുന്നണി കണ്‍വീനറുമായ എ വിജയരാഘവന്‍. നിയമസഭാ തെരഞ്ഞെടുപ്പ് അടുത്ത വേളയില്‍ മുഖ്യമന്ത്രിയെയും എല്‍ഡിഎഫ് സര്‍ക്കാരിനെയും അപകീര്‍ത്തിപ്പെടുത്താനുള്ള രാഷ്ട്രീയ കളിയാണ് കസ്റ്റംസ് നടത്തുന്നതെന്ന് വിജയരാഘവന്‍ ചൂണ്ടിക്കാട്ടി. കസ്റ്റംസിന്റെ വഴിവിട്ട നീക്കത്തിനെതിരെ ശനിയാഴ്ച തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് എന്നിവിടങ്ങളിലെ കസ്റ്റംസ് മേഖലാ ഓഫീസുകളിലേക്ക് എല്‍ഡിഎഫ് പ്രവര്‍ത്തകര്‍ മാര്‍ച്ച് നടത്തും. എ വിജയരാഘവന്‍ ജയിലില്‍ കിടക്കുന്ന ഒരു പ്രതിയുടെ മൊഴിയെ അടിസ്ഥാനമാക്കിയാണ് […]

5 March 2021 5:51 AM GMT

കസ്റ്റംസ് ഓഫീസുകളിലേക്ക് നാളെ എല്‍ഡിഎഫ് മാര്‍ച്ച്; ബിജെപി-യുഡിഎഫ് പ്രചാരണം കേന്ദ്ര ഏജന്‍സി ഏറ്റെടുത്തെന്ന് എ വിജയരാഘവന്‍
X

മുഖ്യമന്ത്രിയെ അപകീര്‍ത്തിപ്പെടുത്താനുള്ള നീക്കത്തിനെതിരെ കസ്റ്റംസ് ഓഫീസുകളിലേക്ക് നാളെ എല്‍ഡിഎഫ് മാര്‍ച്ച് നടത്തുമെന്ന് സിപിഐഎം സംസ്ഥാന ആക്ടിങ് സെക്രട്ടറിയും ഇടത് മുന്നണി കണ്‍വീനറുമായ എ വിജയരാഘവന്‍. നിയമസഭാ തെരഞ്ഞെടുപ്പ് അടുത്ത വേളയില്‍ മുഖ്യമന്ത്രിയെയും എല്‍ഡിഎഫ് സര്‍ക്കാരിനെയും അപകീര്‍ത്തിപ്പെടുത്താനുള്ള രാഷ്ട്രീയ കളിയാണ് കസ്റ്റംസ് നടത്തുന്നതെന്ന് വിജയരാഘവന്‍ ചൂണ്ടിക്കാട്ടി.

കസ്റ്റംസിന്റെ വഴിവിട്ട നീക്കത്തിനെതിരെ ശനിയാഴ്ച തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് എന്നിവിടങ്ങളിലെ കസ്റ്റംസ് മേഖലാ ഓഫീസുകളിലേക്ക് എല്‍ഡിഎഫ് പ്രവര്‍ത്തകര്‍ മാര്‍ച്ച് നടത്തും.

എ വിജയരാഘവന്‍

ജയിലില്‍ കിടക്കുന്ന ഒരു പ്രതിയുടെ മൊഴിയെ അടിസ്ഥാനമാക്കിയാണ് കസ്റ്റംസ് ഹൈക്കോടതിയില്‍ സത്യവാങ്മൂലം നല്‍കിയിരിക്കുന്നത്. ബിജെപിയുടെയും യുഡിഎഫിന്റെയും രാഷ്ട്രീയ പ്രചാരണം കസ്റ്റംസ് ഏറ്റെടുത്തിരിക്കുകയാണ്. എല്‍ഡിഎഫിനെ രാഷ്ട്രീയമായി പരാജയപ്പെടുത്താന്‍ കഴിയില്ലെന്ന് ബോദ്ധ്യമായപ്പോഴാണ് മ്ലേഛമായ ഈ നീക്കം കസ്റ്റംസ് നടത്തുന്നത്. ഇതിനെതിരെ സംസ്ഥാന വ്യാപകമായി പ്രതിഷേധം ഉയര്‍ന്നുവരണമെന്നും എല്‍ഡിഎഫ് കണ്‍വീനര്‍ അഭ്യര്‍ത്ഥിച്ചു.

സിപിഐഎം പ്രസ്താവന

എല്‍ഡിഎഫിന് ഭരണ തുടര്‍ച്ചയുണ്ടാകുമെന്ന തിരിച്ചറിവ് ബിജെപിയുടെ സമനില തെറ്റിച്ചെന്ന് വ്യക്തമാക്കുന്നതാണ് കസ്റ്റംസ് ഹൈക്കോടതിയില്‍ നല്‍കിയ പ്രസ്താവന. ഭരണമികവിന്റേയും രാഷ്ട്രീയ നിശ്ചയദാര്‍ഢ്യത്തിന്റേയും ഫലമായി കേരളീയ പൊതുസമൂഹ മനസ്സില്‍ മുഖ്യമന്ത്രി സ. പിണറായി വിജയനും ഈ സര്‍ക്കാരിനും തിളക്കമേറിയ പ്രതിച്ഛായയാണ് ഉള്ളത്. ഇതും ഇക്കൂട്ടരെ വിറളിപിടിപ്പിച്ചിട്ടുണ്ട്. അതിന്റെ ഭാഗമായി ഏതറ്റം വരെയും പോകാന്‍ മടിയില്ലാത്തവരായി കേന്ദ്രം ഭരിക്കുന്നവര്‍ മാറിയെന്നും വ്യക്തമായി. തെരഞ്ഞെടുപ്പ് പ്രചാരവേലയുടെ ഉപകരണങ്ങളായി കേന്ദ്ര അന്വേഷണ ഏജന്‍സികള്‍ അധ:പ്പതിച്ചിരിക്കുന്നു. ജനങ്ങള്‍ വിഡ്ഢികളാണെന്നു കരുതരുത്. യുഡിഎഫ്-ബിജെപി കൂട്ടുകെട്ട് നടത്തുന്ന ഈ വെല്ലുവിളിക്ക് കേരളം ശക്തമായ മറുപടി നല്‍കും.

പ്രതികളിലൊരാള്‍ കോടതിയില്‍ മജിസ്ട്രേട്ടിന് നല്‍കിയ രഹസ്യമൊഴിയില്‍ പറഞ്ഞതാണെന്ന രീതിയില്‍ മാസങ്ങള്‍ക്ക് ശേഷം തെരഞ്ഞെടുപ്പ് പ്രഖ്യപിച്ചപ്പോള്‍ ഹൈക്കോടതിയില്‍ കസ്റ്റംസ്് പ്രസ്താവന നല്‍കുന്നതിന്റെ ഉദ്ദേശം പകല്‍ പോലെ വ്യക്തമാണ്. ഇത് പരസ്യമായ ചട്ടലംഘനവും അന്വേഷണ ഏജന്‍സികളുടെ ദുരുപയോഗവുമാണ്.

കഴിഞ്ഞ കുറച്ചു കാലമായി ബിജെപിയും കോണ്‍ഗ്രസും ഉയര്‍ത്തിയ അടിസ്ഥാന രഹിത ആരോപണങ്ങള്‍ കോടതികളില്‍ പ്രസ്താവനകളും സത്യവാങ്മൂലങ്ങളുമായി എഴുതി കൊടുക്കുന്ന പണിയാണ് ഇ ഡിയും കസ്റ്റംസും സിബിഐയും ചെയ്യുന്നത്. സ്വര്‍ണ്ണക്കടത്ത് അന്വേഷിക്കാന്‍ വന്ന ഏജന്‍സികള്‍ക്ക് ഇതുവരെയും അതു സംബന്ധിച്ച ഒന്നും തന്നെ കണ്ടു പിടിക്കാന്‍ കഴിഞ്ഞില്ല. പുകമറകള്‍ സൃഷ്ടിച്ച് സങ്കുചിത രാഷ്ട്രീയ നേട്ടം കൊയ്യാനുള്ള ശ്രമം തദ്ദേശ തെരഞ്ഞെടുപ്പില്‍ ജനങ്ങള്‍ പരാജയപ്പെടുത്തിയതാണ്. അതില്‍ നിന്നും പാഠം പഠിക്കാതെ തരം താണ കളിക്ക് നില്‍ക്കുന്നവര്‍ ഇതു കേരളമാണെന്ന് ഓര്‍ക്കുന്നത് നല്ലതാണ്. രാഷ്ട്രീയമായി ജനങ്ങളെ സമീപിക്കാന്‍ ധൈര്യമില്ലാത്തവരുടെ വ്യക്തിഹത്യാ നീക്കത്തിനെതിരെ ഒറ്റക്കെട്ടായി പ്രതികരിക്കാന്‍ കേരളീയ ജനതയോട് അഭ്യര്‍ത്ഥിക്കുന്നു.

Next Story