Top

ഏഷ്യാനെറ്റ് ഓഫീസിലേക്ക് എല്‍ഡിഎഫ് മാര്‍ച്ച്, സത്യഗ്രഹം; വ്യാജവാര്‍ത്തകള്‍ കൊണ്ട് രാഷ്ട്രീയക്കളി നടത്തുന്നെന്ന് സിപിഐഎം

ഏഷ്യാനെറ്റ് ചാനലിനെതിരെ പ്രതിഷേധ മാര്‍ച്ച് നടത്തുമെന്ന് സിപിഐഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി എം വി ജയരാജന്‍. ഇടതുപക്ഷത്തിനെതിരെ വ്യാജവാര്‍ത്തകള്‍ സൃഷ്ടിച്ച് ഏഷ്യാനെറ്റ് രാഷ്ട്രീയക്കളി നടത്തുകയാണെന്ന് എം വി ജയരാജന്‍ ആരോപിച്ചു. ഇതില്‍ പ്രതിഷേധിച്ച് ഏപ്രില്‍ 15ന് രാവിലെ ഏഷ്യാനെറ്റ് കണ്ണൂര്‍ ബ്യൂറോ ഓഫീസിന് മുന്നില്‍ എല്‍ഡിഎഫ് സത്യഗ്രഹം നടത്തുമെന്നും സിപിഐഎം നേതാവ് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. ആ വാര്‍ത്തയില്‍ ഏഷ്യാനെറ്റ് റീഡര്‍, ഉച്ചയ്ക്ക് ശേഷം 2:20ന് പറഞ്ഞത് മന്‍സൂര്‍ കേസിലെ നാലാം പ്രതി ശ്രീരാഗിനെ മരിച്ച നിലയില്‍ […]

13 April 2021 9:35 AM GMT

ഏഷ്യാനെറ്റ് ഓഫീസിലേക്ക് എല്‍ഡിഎഫ് മാര്‍ച്ച്, സത്യഗ്രഹം; വ്യാജവാര്‍ത്തകള്‍ കൊണ്ട് രാഷ്ട്രീയക്കളി നടത്തുന്നെന്ന് സിപിഐഎം
X

ഏഷ്യാനെറ്റ് ചാനലിനെതിരെ പ്രതിഷേധ മാര്‍ച്ച് നടത്തുമെന്ന് സിപിഐഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി എം വി ജയരാജന്‍. ഇടതുപക്ഷത്തിനെതിരെ വ്യാജവാര്‍ത്തകള്‍ സൃഷ്ടിച്ച് ഏഷ്യാനെറ്റ് രാഷ്ട്രീയക്കളി നടത്തുകയാണെന്ന് എം വി ജയരാജന്‍ ആരോപിച്ചു. ഇതില്‍ പ്രതിഷേധിച്ച് ഏപ്രില്‍ 15ന് രാവിലെ ഏഷ്യാനെറ്റ് കണ്ണൂര്‍ ബ്യൂറോ ഓഫീസിന് മുന്നില്‍ എല്‍ഡിഎഫ് സത്യഗ്രഹം നടത്തുമെന്നും സിപിഐഎം നേതാവ് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

ആ വാര്‍ത്തയില്‍ ഏഷ്യാനെറ്റ് റീഡര്‍, ഉച്ചയ്ക്ക് ശേഷം 2:20ന് പറഞ്ഞത് മന്‍സൂര്‍ കേസിലെ നാലാം പ്രതി ശ്രീരാഗിനെ മരിച്ച നിലയില്‍ കണ്ടെത്തിയെന്നാണ്.

എം വി ജയരാജന്‍

എം വി ജയരാജന്‍ പറഞ്ഞത്

എല്‍ഡിഎഫിന്റെ നേതൃത്വത്തില്‍ ഏപ്രില്‍ 15ന് രാവിലെ വ്യാജവാര്‍ത്തകള്‍ സൃഷ്ടിച്ചുകൊണ്ട് ഇടതുപക്ഷത്തിനെതിരായി രാഷ്ട്രീയക്കളി നടത്തുന്ന ഏഷ്യാനെറ്റിന്റെ കണ്ണൂര്‍ ബ്യൂറോ ഓഫീസിന് മുന്നില്‍ ഒരു സത്യഗ്രഹസമരം നടത്തുന്നുണ്ട്. ആ സമരം നടത്താന്‍ ഞങ്ങളെ പ്രേരിപ്പിച്ചത് കഴിഞ്ഞ ദിവസം പ്രചരിപ്പിച്ച കല്ലുവെച്ച നുണയാണ്. കണ്ണൂരില്‍ നിന്ന് വാര്‍ത്ത അയച്ചുകൊണ്ട് കോഴിക്കോട് നിന്ന് റിപ്പോര്‍ട്ട് ചെയ്യുന്നതായി വരുത്തിയതാണെന്ന വിവരങ്ങളും ഞങ്ങള്‍ക്കുണ്ട്. ആ വാര്‍ത്തയില്‍ ഏഷ്യാനെറ്റ് റീഡര്‍, ഉച്ചയ്ക്ക് ശേഷം 2:20ന് പറഞ്ഞത് മന്‍സൂര്‍ കേസിലെ നാലാം പ്രതി ശ്രീരാഗിനെ മരിച്ച നിലയില്‍ കണ്ടെത്തിയെന്നാണ്. പാനൂരിലെ സമാധാന സന്ദേശ യാത്രയ്ക്ക് പോകാനുള്ള യാത്രാമധ്യേയാണ് ഞാനിത് കേള്‍ക്കുന്നത്. വാട്‌സാപ്പിലൂടെ കേട്ട എനിക്ക് സംശയമായി ഞാന്‍ മരണപ്പെട്ടോ? ഇനി അടുത്തതായി എം വി ജയരാജന്‍ മരണപ്പെട്ടതായി വാര്‍ത്ത ഏഷ്യാനെറ്റില്‍ വരുമോയെന്ന് തോന്നി.

മാധ്യമ വാര്‍ത്തകള്‍ പലതും വ്യാജമാകുമ്പോള്‍

പാനൂര്‍ പുല്ലൂക്കരയിലെ മന്‍സൂര്‍ കൊലക്കേസുമായി ബന്ധപ്പെട്ട പ്രതിദിനം ചില മാധ്യമങ്ങളില്‍ വരുന്ന വ്യാജ വാര്‍ത്തകള്‍ അവിടെ അന്തി ചര്‍ച്ചകള്‍ക്കും തലക്കെട്ടുകള്‍ക്കും വിഷയ ദാരിദ്ര്യമനുഭവിക്കുന്ന മാധ്യമങ്ങള്‍ക്ക് രാഷ്ട്രീയ ഊര്‍ജ്ജം നല്‍കുമെങ്കിലും ജനങ്ങളില്‍ ഇത്തരം മാധ്യമങ്ങളുടെ വിശ്വാസ്യതയാണ് തകരുന്നത്. മന്‍സൂര്‍ കേസിലെ പ്രതിയും കോടതി റിമാന്‍ഡ് ചെയ്തതിനെ തുടര്‍ന്ന് തലശ്ശേരി സബ് ജയിലില്‍ കഴിയുകയും ചെയ്യുന്ന ഒരാളെ കൊല്ലുന്ന വാര്‍ത്ത നല്‍കുന്നതില്‍ ഒരു മടിയും ഇക്കൂട്ടര്‍ക്കില്ല. ജയിലില്‍ കഴിയുന്ന ആള്‍ക്ക് മധ്യമങ്ങളോട് മറുപടി പറയാന്‍ കഴിയില്ലല്ലോ. ‘മന്‍സൂര്‍ കേസിലെ നാലാം പ്രതി ശ്രീരാഗിനെ മരിച്ച നിലയില്‍ കണ്ടെത്തി. രതീഷിനു പുറമെ ശ്രീരാഗ് കൂടി മരണപ്പെട്ടതോടെ കേസിന്റെ ദുരൂഹത വര്‍ദ്ധിച്ചു’.

ഇതായിരുന്നു ഏഷ്യാനെറ്റ് ഏപ്രില്‍ 12ന് ഉച്ചയ്ക്ക് ശേഷം 2.21 ന് റിപ്പോര്‍ട്ട് ചെയ്തത്. ഈ വാര്‍ത്ത സംപ്രേഷണം ചെയ്ത ഉടന്‍ ലീഗുകാര്‍ സ്‌ക്രീന്‍ ഷോട്ട് എടുത്ത് നവമാധ്യമങ്ങളിലൂടെ വീണ്ടും കൊന്നവനെ കൊല്ലുന്ന സിപിഐഎം എന്ന തലക്കെട്ടോടെ വ്യാപകമായി പ്രചരിപ്പിച്ചു. ഏഷ്യാനെറ്റും ലീഗുകാരും തമ്മിലുള്ള ഗൂഢാലോചന വ്യക്തമാണ്. ഇത്തരമൊരു വാര്‍ത്ത ഏഷ്യാനെറ്റ് നല്‍കുമെന്നും ലീഗ് പ്രവര്‍ത്തകരെല്ലാം കോപ്പി എടുത്ത് പ്രചരിപ്പിക്കണമെന്നുമുള്ള നിര്‍ദ്ദേശം അണികള്‍ക്ക് ലീഗ് നേതൃത്വം നല്‍കിയിരുന്നു. പിന്നീട് ഏഷ്യാനെറ്റ് നിഷേധിച്ചിരുന്നെങ്കിലും ശ്രീരാഗ് ‘കൊല്ലപ്പെട്ടു’ കഴിഞ്ഞിരുന്നു. ഒരു പത്രം രതീഷിന്റേത് കൊലപാതകമാണെന്നും വിധി എഴുതി. ഇനി ശിക്ഷ വിധിച്ചാല്‍ മതി. ആരൊക്കയാണ് പ്രതികള്‍ എന്ന് കണ്ണൂര്‍ എംപി പറഞ്ഞു തരുമെന്ന് ആ പത്രം കരുതിയിരിക്കണം.

പാനൂരില്‍ ഏപ്രില്‍ 10 ന് യു ഡി എഫ് നടത്തിയ ഉപവാസ പരിപാടിയില്‍ കണ്ണൂര്‍ എംപി നടത്തിയ പ്രസംഗം രതീഷിന്റെ മൃതദേഹം പോസ്റ്റുമോര്‍ട്ടം നടത്തുന്നതിന് മുമ്പ് ആയിരുന്നു. ‘രതീഷിനെ കൊന്നിട്ട് കെട്ടിത്തൂക്കിയതാണെന്ന്’ ഉറപ്പിച്ചു പറയുന്നു വീണ്ടും അതേ ആരോപണം ഉന്നയിക്കുന്ന കണ്ണൂര്‍ എംപിയെ പോലീസ് ചോദ്യം ചെയ്യണം. അദ്ദേഹമാണ് സംഭവത്തിന്റെ ദൃക്‌സാക്ഷിയെന്ന് മറ്റുള്ളവര്‍ക്ക് തോന്നും വിധമാണ് അവതരണം.ഇത്തരം പുകമറ സൃഷ്ടിക്കുന്നവര്‍ രതീഷിന്റെ മാതാവ് പോലീസധികാരികള്‍ക്ക് നല്‍കിയ പരാതി വായിച്ചു നോക്കണം. ‘വോട്ടെടുപ്പുമായി ബന്ധപ്പെട്ട് ലീഗ് പ്രവര്‍ത്തകര്‍ ചേര്‍ന്ന് മര്‍ദ്ദിച്ചെന്ന വിവരം വീട്ടില്‍ പറഞ്ഞിരുന്നു. ബോംബേറില്‍ പരിക്കേറ്റ മന്‍സൂര്‍ മരിച്ച കേസില്‍ അന്യായമായി പ്രതി ചേര്‍ത്തതില്‍ അവന്‍ ആകെ പ്രയാസത്തിലായിരുന്നു. എല്ലാവരുമായി സൗഹൃദം പുലര്‍ത്തുന്ന ആളായിരുന്നു രതീഷ്.

യാതൊരു അടിസ്ഥാനവുമില്ലാതെ പ്രദേശത്തെ ലീഗുകാര്‍ ഗൂഢാലോചന നടത്തി കൊലക്കേസില്‍ പ്രതി ചേര്‍ത്തതില്‍ മനംനൊന്താണ് മകന്‍ ആത്മഹത്യ ചെയ്തത്. ഇക്കാര്യത്തില്‍ അന്വേഷണം നടത്തി ഗൂഢാലോചന നടത്തിയവരെ നിയമത്തിനു മുന്നില്‍ കൊണ്ടുവരണം.’ ഇതാണ് അമ്മ പത്മിനിയുടെ പരാതി. രതീഷാണ് വിധവയായ പത്മിനിയുടെ കുടുംബത്തിന്റെ അത്താണി. രതീഷിന്റെ വേര്‍പാടില്‍ ദുഃഖം അനുഭവിക്കുന്ന കുടുംബത്തോട് എംപി നീതി കാട്ടിയില്ല. അദ്ദേഹത്തിന്റെ രാഷ്ട്രീയമതാണ്. എന്നാല്‍ വ്യാജ വാര്‍ത്തകള്‍ നല്‍കുന്ന മാധ്യമങ്ങള്‍ക്ക് എന്തുപറ്റി. അവര്‍ക്കും രാഷ്ട്രീയം തന്നെ. കമ്മ്യൂണിസ്റ്റുകാര്‍ അധികാരത്തില്‍ വന്നാല്‍ ആത്മഹത്യ ചെയ്യും എന്ന് പ്രഖ്യാപിച്ചയാളുടെ പത്രമല്ലെ? ഇതും ഇതിനപ്പുറവും അവര്‍ എഴുതും. നാട്ടിലുള്ള ആത്മഹത്യകള്‍ മുഴുവന്‍ ദുരൂഹമാണെന്നും അതിലൊക്കെ പ്രതികള്‍ സിപിഐഎമ്മുകാരാണെന്നും പറയാന്‍ ഇക്കൂട്ടര്‍ക്ക് മടിയില്ല.

Next Story