
പറവൂര്‍ സീറ്റ് വെച്ചുമാറ്റത്തെച്ചൊല്ലി ഇടതുമുന്നണിയില്‍ ആശയക്കുഴപ്പം രൂക്ഷമാകുന്നു. സീറ്റുവെച്ചുമാറ്റത്തിന് തങ്ങള്‍ മുന്‍കൈയ്യെടുക്കില്ലെന്നും സീറ്റുവെച്ചുമാറാന് സിപിഐ ഔദ്യോഗികമായി ആവശ്യപ്പെടണമെന്നുമാണ് സിപിഐഎമ്മിന്റെ നിലപാട്. ഇടതുമുന്നണി തുടര്‍ച്ചയായി പരാജയപ്പെടുന്ന പറവൂരില്‍ ഇനിയും മത്സരിക്കണോ എന്ന് പാര്‍ട്ടിയ്ക്കുള്ളില്‍ നിന്ന് തന്നെ ആവശ്യമുയരുന്നുണ്ടെങ്കിലും സിപിഐ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. കേരള കോണ്‍ഗ്രസ് ജോസ് വിഭാഗത്തിന് പറവൂര്‍ നല്‍കാനുള്ള നീക്കങ്ങളും എങ്ങുമെത്താതായതോടെ പറവൂര്‍ സീറ്റ് ആര്‍ക്ക് നല്‍കും എന്ന കാര്യത്തില്‍ മുന്നണിയ്ക്കുള്ളില്‍ അനിശ്ചിതാവസ്ഥയ്ക്ക് കനം വെയ്ക്കുകയാണ്.
സിപിഐ തുടര്‍ച്ചയായി പരാജയപ്പെടുന്ന സീറ്റിനെച്ചൊല്ലി പാര്‍ട്ടിയ്ക്കുള്ളില്‍ തന്നെ രണ്ട് അഭിപ്രായങ്ങളുണ്ട്. പരാജയപ്പെടുന്ന സീറ്റ് വെച്ചുമാറി കുറച്ചുകൂടി ജയസാധ്യതയുള്ള സീറ്റ് ചോദിച്ചുവാങ്ങാമെന്ന് പാര്‍ട്ടിയ്ക്കുള്ളിലെ ഒരു വിഭാഗം പറയുമ്പോള്‍ പരമ്പരാഗത സീറ്റ് വിട്ടുകൊടുക്കേണ്ടതില്ലെന്നാണ് മറ്റൊരു കൂട്ടരുടെ അഭിപ്രായം. പറവൂര്‍ സീറ്റ് വിട്ടുകൊടുത്ത് പകരം പിറവം സീറ്റ് ചോദിച്ചുവാങ്ങാണമെന്ന ആവശ്യവും പാര്‍ട്ടിയ്ക്കുള്ളില്‍ നിന്നും ഉയരുന്നുണ്ട്. എന്നാല്‍ പിറവം സീറ്റ് ജോസ് വിഭാഗത്തിന് നല്‍കുമെന്ന കാര്യത്തില്‍ ഏകദേശം ധാരണയായ മട്ടാണ്. പറവൂര്‍ ജോസ് വിഭാഗത്തിന് നല്‍കിയേക്കും എന്ന് ഊഹാപോഹങ്ങള്‍ പുറത്തുവരുന്നുണ്ടെങ്കിലും അതിന് സാധ്യത വളരെക്കുറവാണെന്നാണ് റിപ്പോര്‍ട്ടുകള്‍.
പറവൂരില്‍ സിപിഐഎം മത്സരത്തിനിറങ്ങിയാല്‍ ജയസാധ്യത വര്‍ധിക്കുമെന്നാണ് മുന്നണിയുടെ കണക്കുകൂട്ടല്‍. പറവൂരിലെ മത സാമുദായിക സമവാക്യങ്ങള്‍ക്കനുസരിച്ച് എസ്എന്‍ഡിപി, എന്‍എസ്എസ് മുതലായ സംഘടനകളുടെ പിന്തുണ നേടിയാല്‍ സിപിഐഎമ്മിന് മണ്ഡലം പിടിക്കാനാകുമെന്നാണ് വിലയിരുത്തല്‍. സീറ്റുവെച്ചുമാറ്റത്തില് സിപിഐയുടെ നിലപാടാകും നിര്‍ണ്ണായകമാകുക.