‘കർഷകസമരം ജയിക്കട്ടെ, വിപ്ലവം ജയിക്കട്ടെ’, എൽഡിഎഫ് അംഗത്തിന്റെ സത്യപ്രതിജ്ഞ ഇങ്ങനെ
തിരുവനന്തപുരം: ഇന്നലെ സ്ഥാനാരോഹണം നടന്ന തിരുവനന്തപുരം കോർപ്പറേഷനിൽ തികച്ചും വ്യത്യസ്തമായ മുദ്രാവാക്യം വിളികൊണ്ട് ശ്രദ്ധേയനായി ആറ്റുകാൽ കൗൺസിലർ. എഴുപതാം വാർഡിൽ നിന്ന് മത്സരിച്ചു ജയിച്ച എൽഡിഎഫിന്റെ ആർ ഉണ്ണികൃഷ്ണൻ ആണ് ‘കർഷകസമരം സിന്ദാബാദ് ‘ എന്ന് മുദ്രാവാക്യം വിളിയോടെ സത്യപ്രതിജ്ഞാ ചടങ്ങിൽ ശ്രദ്ധേയനായത്.
“ആർ ഉണ്ണികൃഷ്ണൻ എന്ന ഞാൻ നിയമാനുസരണം നടപ്പാക്കിയ ഇന്ത്യൻ ഭരണഘടനയോട് യഥാർത്ഥമായ വിശ്വാസവും കൂറും പുലർത്തുമെന്നും..” എന്ന രീതിയിൽ തുടങ്ങുന്ന സത്യപ്രതിജ്ഞ ഉണ്ണികൃഷ്ണൻ ചൊല്ലി അവസാനിപ്പിക്കുന്നത് ,”രക്തസാക്ഷികൾ സിന്ദാബാദ്, കർഷകസമരം ജയിക്കട്ടെ, വിപ്ലവം ജയിക്കട്ടെ”, എന്ന് പറഞ്ഞു കൊണ്ടാണ്.
അയ്യപ്പൻറെ നാമത്തിലും, പദ്മനാഭസ്വാമിയുടെ നാമത്തിലും, സംസ്കൃതത്തിലും ഒക്കെയായി പലരുടെയും സത്യപ്രതിജ്ഞകൾ ഇന്നലെ വാർത്തയാകുന്നതിനിടെ ആണ് കേന്ദ്ര സർക്കാരിന്റെ കാർഷിക നിയമങ്ങൾക്കെതിരെ ദിവസങ്ങളോളമായി പ്രതിഷേധം തീർക്കുന്ന കർഷക സമൂഹത്തിന് അഭിവാദ്യങ്ങൾ അർപ്പിച്ചുകൊണ്ട് ഉണ്ണികൃഷ്ണന്റെ സത്യപ്രതിജ്ഞ ചടങ്ങ് ശ്രെദ്ധ നേടിയത്.
ഇക്കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പിൽ എഴുപതാം വാർഡിൽ നിന്ന് ജയിച്ച ഉണ്ണികൃഷ്ണന് 405 വോട്ടുകളുടെ ഭൂരിപക്ഷമാണ് ലഭിച്ചത്. രണ്ടാമതായി ബിജെപിയുടെ സുനിൽ കുമാറും മൂന്നാമതായി കോൺഗ്രസിന്റെ സ്ഥാനാർഥി മണികണ്ഠൻ സിഎയുമാണ് യഥാക്രമം എത്തിയത്.100 വാർഡുകളിലായി മത്സരം നടന്ന തിരുവനന്തപുരം കോർപറേഷനിൽ 51ലും എൽഡിഎഫ് ജയിച്ചപ്പോൾ, 35 വാർഡ് ബിജെപി നേടുകയും, 10 സീറ്റിൽ യുഡിഎഫ് ജയിക്കുകയും 4 സീറ്റ് സ്വതന്ത്രന്മാർ നേടുകയും ആയിരുന്നു.
അതേസമയം ശൈത്യത്തേയോ മോദിയെയോ പേടിക്കുന്നില്ല എന്നും പുതിയ നിയമങ്ങൾ എടുത്തു മാറ്റുന്നതുവരെ ഞങ്ങളുടെ പോരാട്ടം തുടരുമെന്നും ആണ് കര്‍ഷകസമൂഹത്തിന്റെ തീരുമാനം. നവംബര്‍ അവസാനം മുതല്‍ നിരവധി കര്‍ഷകരാണ് ട്രക്കുകളിലും ടാക്ടറുകളിലുമായി സമരത്തിലേക്ക് എത്തിക്കൊണ്ടിരിക്കുന്നത്. മുപ്പതോളം കര്‍ഷകര്‍ ഇതിനോടകം തന്നെ അതിശൈത്യത്തിന്റെ ഭാഗമായി മരിച്ചിട്ടുണ്ട്. പ്രക്ഷോഭത്തിനിടെയുണ്ടായ വാഹനാപകടങ്ങളിലും പത്തോളം കര്‍ഷകര്‍ കൊല്ലപ്പെട്ടിരുന്നു.