Top

‘പാര്‍ലമെന്റ് പാസാക്കിയാല്‍ അത് രാജ്യത്തിന്റെ നിയമം’; മുന്നോക്ക സംവരണനിയമം ലീഗ് വര്‍ഗീയവല്‍കരിക്കുകയാണെന്ന് എല്‍ഡിഎഫ്

‘ജമാ അത്തെ ഇസ്ലാമി മനുഷ്യാവകാശത്തിന്റെ മറവില്‍ തീവ്ര നിലപാട് പ്രചരിപ്പിക്കുന്നവരാണ്. ഇപ്പോള്‍ മുസ്ലീം ലീഗ് അവരുമായി പരസ്യ ഐക്യ മുന്നണി രൂപീകരിച്ച് ആണ് മുന്നോട്ട് പോകുന്നത്. ‘

26 Oct 2020 4:26 AM GMT

‘പാര്‍ലമെന്റ് പാസാക്കിയാല്‍ അത് രാജ്യത്തിന്റെ നിയമം’; മുന്നോക്ക സംവരണനിയമം ലീഗ് വര്‍ഗീയവല്‍കരിക്കുകയാണെന്ന് എല്‍ഡിഎഫ്
X

പിന്നോക്ക വിഭാഗത്തില്‍ പെട്ട വിഭാഗങ്ങളെ അണി നിരത്തി മുന്നോക്ക സംവരണ വിരുദ്ധ പ്രക്ഷോഭം നടത്താനൊരുങ്ങുന്ന മുസ്ലീം ലീഗിനെതിരെ രൂക്ഷ വിമര്‍ശനവുമായി എല്‍ഡിഎഫ് കണ്‍വീനര്‍ എ വിജയരാഘവന്‍. തീവ്ര വര്‍ഗീയതയുടെ ശിഷ്യത്വം സ്വീകരിച്ച് എല്ലാം വര്‍ഗീയ വല്‍കരിക്കുകയീണ് ലീഗെന്ന് വിജയരാഘവന്‍ പറഞ്ഞു. മുന്നോക്ക സംവരണം ഒരു കേന്ദ്ര നിയമം ആണ്. സംസ്ഥാന ഗവണ്മെന്റിന്റെ പരിധിയില്‍ വരാത്ത നിയമം ആണിത്. അതില്‍ സംസ്ഥാനത്തിന് എതിരെ സമരം ചെയ്യാന്‍ ഒരുങ്ങുകയാണ് ലീഗ്. പാര്‍ലമെന്റ് നിയമം പാസാക്കിയാല്‍ അത് രാജ്യത്തിന്റെ നിയമം ആണ്. ലീഗ് ഇക്കാര്യത്തില്‍ സുപ്രീം കോടതിയെ സമീപിച്ചിട്ടില്ല. ഇക്കാര്യത്തില്‍ മുല്ലപ്പള്ളിക്കും ചെന്നിത്തലക്കും ലീഗിന്റെ ഇതേ നിലപാട് ആണോ എന്ന് വ്യക്തമാക്കണം. ലീഗ് ഇക്കാര്യത്തില്‍ തീവ്ര വര്‍ഗ്ഗീയ പാര്‍ട്ടികളേ പോലെയാണ് പെരുമാറുന്നതെന്നും സിപിഐഎം നേതാവ് മലപ്പുറത്ത് വിളിച്ചുചേര്‍ത്ത വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

മുന്നോക്ക സംവരണം കേന്ദ്ര നിയമമാണ്. സംസ്ഥാന ഗവണ്മെന്റിന്റെ പരിധിയില്‍ വരില്ല. എന്നാല്‍ സംസ്ഥാനത്തിന് എതിരെ സമരം ചെയ്യാനാണ് ലീഗിന്റെ ഒരുക്കം. തീവ്ര വര്‍ഗീയതയുടെ ശിഷ്യത്വം സ്വീകരിച്ച് ലീഗ് എല്ലാം വര്‍ഗീയവല്‍കരിക്കുകയാണ്.

എ വിജയരാഘവന്‍

ജമാ അത്തെ ഇസ്ലാമി മനുഷ്യാവകാശത്തിന്റെ മറവില്‍ തീവ്ര നിലപാട് പ്രചരിപ്പിക്കുന്നവരാണ്. ഇപ്പോള്‍ മുസ്ലീം ലീഗ് അവരുമായി പരസ്യ ഐക്യ മുന്നണി രൂപീകരിച്ച് ആണ് മുന്നോട്ട് പോകുന്നത്. ലീഗിന്റെ ലക്ഷ്യം മത വര്‍ഗീയവല്‍ക്കരണമാണ്. ഈ വിഷയത്തില്‍ സ്വീകരിച്ച നിലപാട് മുഖം മൂടിയാണ്. മുന്നോക്ക സംവരണത്തിലെ എതിര്‍പ്പായിരുന്നെങ്കില്‍ നേരത്തെ രംഗത്തു വരുമായിരുന്നു.

കൊവിഡ് മാനദണ്ഡങ്ങള്‍ വര്‍ഗീയമായ ചേരിതിരിന് ആയുധമാക്കരുതെന്നും എ വിജയരാഘവന്‍ പ്രതികരിച്ചു. കൊവിഡ് മാനദണ്ഡങ്ങള്‍ തയ്യാറാക്കുന്നത് ഇടതു സര്‍ക്കാരല്ലെന്ന് മനസിലാക്കണം. രോഗവ്യാപനവും ജനങ്ങള്‍ക്കുള്ള ബുദ്ധിമുട്ടും കുറയ്ക്കാനാണ് സര്‍ക്കാര്‍ ശ്രമം. മൃതദേഹം ഖബറടുക്കുമ്പോള്‍ മതചടങ്ങുകള്‍ നടത്താന്‍ അനുവദിക്കണമെന്ന ആവശ്യത്തിലും ഇതാണ് ഇടതു നിലപാടെന്നും എ വിജയരാഘവന്‍ കൂട്ടിച്ചേര്‍ത്തു.

Next Story