
കേരള കോണ്‍ഗ്രസ് ജോസ് കെ മാണി വിഭാഗത്തിന്റെ ഇടതുമുന്നണി പ്രവേശനം ഇന്നുണ്ടാകുമെന്ന സൂചന നല്കി എല്‍ഡിഎഫ് കണ്‍വീനര്‍ എ വിജയരാഘവന്. ഇന്ന് ചേരുന്ന എല്‍ഡിഎഫ് യോഗത്തിന് പതിവിലേറെ പ്രാധാന്യമുണ്ടെന്ന് വിജയരാഘവന് പറഞ്ഞു. ജോസ് കെ മാണി വിഭാഗത്തിന്റെ കാര്യത്തില്‍ ഇന്ന് തീര്‍ച്ചയായും തീരുമാനമുണ്ടാകും. സുപ്രധാനമായ കാര്യമാണത്. കേരളത്തിന്റെ ഭാവിയിലും ഇന്ത്യയിലാകെ ഉണര്ന്നുവരേണ്ട ബഹു രാഷ്ട്രീയത്തിന്റേയും തീവ്രവര്‍ഗീയ വാദ വിരുദ്ധ നിലപാടിന്റേയും ഭാഗമായ അതിസുപ്രധാനമായ ഒരു രാഷ്ട്രീയ തീരുമാനമാണെന്നും വിജയരാഘവന് ചൂണ്ടിക്കാട്ടി. മോണിങ്ങ് റിപ്പോര്‍ട്ടര്‍ പരിപാടിക്കിടെയായിരുന്നു എല്‍ഡിഎഫ് കണ്‍വീനറുടെ പ്രതികരണം.
ആ രാഷ്ട്രീയ തീരുമാനത്തിലേക്ക് എത്താന്‍ വേണ്ടിയാണ് ഇന്നത്തെ ചര്‍ച്ച. തീര്‍ച്ചയായും ഗുണപര പരിവര്‍ത്തനമുണ്ടാക്കുന്ന തീരുമാനമെടുക്കാന്‍ കഴിയും.
എ വിജയരാഘവന്
ജോസ് കെ മാണി വിഭാഗം സന്നദ്ധത പ്രകടിപ്പിച്ചത് എല്ലാവരും സ്വാഗതം ചെയ്തതാണ്. യുഡിഎഫിന്റെ തകര്‍ച്ചയുടെ വേഗത വര്‍ധിപ്പിക്കുകയും രാഷ്ട്രീയ പ്രതിസന്ധിയിലെത്തിക്കുകയും ചെയ്യുന്ന അവസ്ഥ രൂപപ്പെട്ടിരിക്കുകയാണ്. കേരള കോണ്‍ഗ്രസ് തീരുമാനത്തിന് ശേഷമുള്ള യുഡിഎഫ് പെരുമാറ്റം നോക്കിയാല്‍ തന്നെ അത് കാണാന്‍ കഴിയും. അവരുടെ നേതാക്കന്മാര് തീവ്രവാദ കക്ഷികളുടെ അടുക്കല്‍ വരെ പോകുന്ന കാഴ്ച്ച നമ്മള് കണ്ടുകൊണ്ടിരിക്കുന്നു. പൊതുവെ ഇടതുപക്ഷത്തിന് അനുകൂലമായ നിലപാടാണ് കേരള കോണ്‍ഗ്രസ് എടുത്തിട്ടുള്ളത്. അതെല്ലാം പരിഗണിച്ചുകൊണ്ടുള്ള ഒരു തീരുമാനമുണ്ടാകും.
രാഷ്ട്രീയം എന്ന് പറയുന്നത് രൂപപ്പെട്ടുവരുന്ന സാഹചര്യങ്ങളോടുള്ള പ്രതികരണം കൂടി അടങ്ങിയതാണ്. അതിദീര്ഘകാലത്തേക്ക് എല്‍ഡിഎഫിനെ അധികാരത്തില്‍ നിന്ന് മാറ്റിനിര്‍ത്താനും താല്ക്കാലികവും അവസരവാദപരവുമായ രാഷ്ട്രീയ സഖ്യങ്ങളുണ്ടാക്കി ഒരു പിടി അതിസമ്പന്നരായ മത ജാതി വര്‍ഗീയ രാഷ്ട്രീയക്കാര്‍ക്ക് മേധാവിത്വം സ്ഥാപിച്ചെടുക്കാന്‍ വേണ്ടിയുള്ള ഒരു രാഷ്ട്രീയം കേരളത്തില്‍ നടപ്പിലാക്കി പോകുന്നതാണ്. അത്തരം രാഷ്ട്രീയം ദുര്‍ബലപ്പെടണം എന്ന് ആഗ്രഹിക്കുന്നവര്‍ കേരള കോണ്‍ഗ്രസ് തീരുമാനത്തെ പിന്തുണയ്ക്കുന്നുണ്ട്. ഇടതുപക്ഷത്തിന്റെ പുറത്തുനില്ക്കുന്നവരും ആ നിലയില്‍ ചിന്തിക്കുന്നുണ്ട്. മുന്നണിയില്‍ ഔപചാരികമായ ചര്‍ച്ചകളും പൊതുവായ ആശയവിനിമയവും അത്യാവശ്യമാണ്. തദ്ദേശ തെരഞ്ഞെടുപ്പില്‍ ഇതിനകം തന്നെ നിലപാട് വ്യക്തമാക്കിയിട്ടുണ്ട്. പ്രദേശികമായി ധാരണകള്‍ രൂപീകരിച്ചുകൊണ്ടിരിക്കുകയാണെന്നും വിജയരാഘവന് കൂട്ടിച്ചേര്‍ത്തു.