
‘ലവ് ജിഹാദി’നെതിരെയുള്ള നിയമം ഉടന്‍ നടപ്പാക്കുമെന്ന് മധ്യപ്രദേശ് സര്‍ക്കാര്‍. വിവാഹത്തിന് വേണ്ടി മാത്രമായി മതപരിവര്‍ത്തനം നടത്തുന്നതിനെതിരെയാണ് നിയമം നടപ്പാക്കുക എന്ന് ആഭ്യന്തരമന്ത്രി നരോത്തം മിശ്ര അറിയിക്കുന്നു. അടുത്ത നിയമസഭാ സമ്മേളനത്തിൽ തന്നെ ‘ലവ് ജിഹാദി’നെ നേരിടാനുള്ള ബിൽ കൊണ്ടുവരുമെന്ന് മിശ്ര പറഞ്ഞു. നിയമപ്രകാരം ശിക്ഷാവിധിയിൽ അഞ്ച് വര്‍ഷത്തെ കഠിന തടവാകും ഉൾപ്പെടുത്തുക എന്നും മന്ത്രി അറിയിച്ചു.
ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളായ കര്‍ണാടകയും ഹരിയാനയും ‘ലവ് ജിഹാദി’നെതിരെ നിയമം കൊണ്ടു വരുമെന്ന് പ്രഖ്യാപിച്ചിരുന്നു. ആഴ്ചകൾക്ക് ശേഷമാണ് മധ്യപ്രദേശും ഇതേ പാത പിന്തുടരുന്നത്. നിര്‍ബന്ധിത മതപരിവര്‍ത്തനം തടഞ്ഞുകൊണ്ട് ഹിമാചല്‍ പ്രദേശ് സര്‍ക്കാരും നിയമം കൊണ്ടുവന്നിരുന്നു. ഇപ്പോള്‍ ഇതേ നിയമം കൊണ്ടുവരുമെന്ന് പറയുന്ന ബിജെപി ഭരിക്കുന്ന മൂന്നാമത്തെ സംസ്ഥാനമായി മധ്യപ്രദേശ്.
‘ലവ് ജിഹാദ് ‘ കേസുകള്‍ ജാമ്യമില്ലാ വകുപ്പ് പ്രകാരമായിരിക്കും രജിസ്റ്റര്‍ ചെയ്യുക. പ്രധാന പ്രതികളെ കൂടാതെ ഇതിനായി സഹായം ചെയ്യുന്നവരെയും കേസിൽ പ്രതി ചേര്‍ക്കും. വിവാഹത്തിനായി മതപരിവര്‍ത്തനം നടത്തുന്നതിന് ഒരുമാസം മുമ്പ് അപേക്ഷ നല്‍കേണ്ടതാണ്. ഇതിനായി ജില്ലാ കളക്ടര്‍ക്കാണ് അപേക്ഷ സമര്‍പ്പിക്കേണ്ടത് മന്ത്രി അറിയിച്ചു.
‘ലവ് ജിഹാദ് ‘ എന്ന പേരില്‍ രാജ്യത്ത് ഇതുവരെ കേസ് രജിസ്റ്റര്‍ ചെയ്തിട്ടില്ലെന്നായിരുന്നു കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചിരുന്നത്. ‘ലവ് ജിഹാദ് ‘ എന്ന പദം നിലവിലുള്ള ഏതെങ്കിലും നിയമപ്രകാരം നിർവചിക്കപ്പെട്ടിട്ടില്ലെന്നും കേന്ദ്ര സര്‍ക്കാര്‍ സൂചിപ്പിക്കുന്നു.