Top

തലമുണ്ഡനം എന്തിന്? ലതികാ സുഭാഷ് പറയുന്നു; ‘ഇന്ദിരയുടെയും സോണിയയുടെയും നേതൃത്വമുള്ള പാര്‍ട്ടി സ്ത്രീകള്‍ക്ക് നീതി നിഷേധിക്കരുത്’

കൊച്ചി: കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ത്ഥി പ്രഖ്യാപനത്തിന് ശേഷം താന്‍ തലമുണ്ഡനം ചെയ്ത് പ്രതിഷേധിച്ചത് സീറ്റ് മോഹിച്ചല്ലെന്ന് ലതികാ സുഭാഷ്്. പ്രതിഷേധത്തെക്കുറിച്ച് റിപ്പോര്‍ട്ടര്‍ ടിവിയുടെ എഡിറ്റേഴ്‌സ് അവര്‍ പരിപാടിയിലായിരുന്നു അവരുടെ പ്രതികരണം. ലതിക സുഭാഷിന്റെ വാക്കുകള്‍ ഇങ്ങനെ, ‘ഏറ്റുമാനൂര്‍ സീറ്റ് പതിറ്റാണ്ടുകളായി കേരള കോണ്‍ഗ്രസ് മാണി ഗ്രൂപ്പിന്റെ കൈകളിലായിരുന്നു ഉണ്ടായിരുന്നത്. ഞാനൊക്കെ പൊതുപ്രവര്‍ത്തനം തുടങ്ങിയ കാലം മുതല്‍ അത് അങ്ങനെത്തന്നെയാണ്. നാല് തവണ കേരള കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി വിജയിച്ചപ്പോഴും രണ്ട് തവണ പരാജയപ്പെട്ടപ്പോഴും ഞങ്ങള്‍ കൂടെനിന്ന് പ്രവര്‍ത്തിച്ചവരാണ്. 1991ലും 95 […]

14 March 2021 10:39 AM GMT

തലമുണ്ഡനം എന്തിന്? ലതികാ സുഭാഷ് പറയുന്നു; ‘ഇന്ദിരയുടെയും സോണിയയുടെയും നേതൃത്വമുള്ള പാര്‍ട്ടി സ്ത്രീകള്‍ക്ക് നീതി നിഷേധിക്കരുത്’
X

കൊച്ചി: കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ത്ഥി പ്രഖ്യാപനത്തിന് ശേഷം താന്‍ തലമുണ്ഡനം ചെയ്ത് പ്രതിഷേധിച്ചത് സീറ്റ് മോഹിച്ചല്ലെന്ന് ലതികാ സുഭാഷ്്. പ്രതിഷേധത്തെക്കുറിച്ച് റിപ്പോര്‍ട്ടര്‍ ടിവിയുടെ എഡിറ്റേഴ്‌സ് അവര്‍ പരിപാടിയിലായിരുന്നു അവരുടെ പ്രതികരണം.

ലതിക സുഭാഷിന്റെ വാക്കുകള്‍ ഇങ്ങനെ,

‘ഏറ്റുമാനൂര്‍ സീറ്റ് പതിറ്റാണ്ടുകളായി കേരള കോണ്‍ഗ്രസ് മാണി ഗ്രൂപ്പിന്റെ കൈകളിലായിരുന്നു ഉണ്ടായിരുന്നത്. ഞാനൊക്കെ പൊതുപ്രവര്‍ത്തനം തുടങ്ങിയ കാലം മുതല്‍ അത് അങ്ങനെത്തന്നെയാണ്. നാല് തവണ കേരള കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി വിജയിച്ചപ്പോഴും രണ്ട് തവണ പരാജയപ്പെട്ടപ്പോഴും ഞങ്ങള്‍ കൂടെനിന്ന് പ്രവര്‍ത്തിച്ചവരാണ്. 1991ലും 95 ലും 2000ലും ജില്ലാ പഞ്ചായത്തിലും ഞാന്‍ ജയിച്ച സ്ഥലം, ഞാന്‍ ജനിച്ച സ്ഥലം, നാട്, സ്‌കൂള്‍, പഠിച്ച കോളെജ് എല്ലാം ഇവിടെയായതുകൊണ്ട് ഏറ്റുമാനൂര്‍ സീറ്റ് തെരഞ്ഞെടുപ്പിലേക്ക് വരാനുള്ള നല്ല അവസരമായിരിക്കുമെന്ന് ഞാന്‍ ആഗ്രഹിച്ചിരുന്നു. ഇക്കാര്യം പാര്‍ട്ടി നേതൃത്വത്തോട് ഞാന്‍ നേരത്തെ സൂചിപ്പിച്ചിരുന്നു. പക്ഷേ, കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗം അവിടെ അവകാശവാദം ഉന്നയിച്ചു എന്നാണ് പറഞ്ഞത്. അത്തരമൊരു അവകാശവാദം ഉന്നയിക്കാനുള്ള സംഘടനാമികവ് ജോസഫ് വിഭാഗത്തിന് അവിടെ ഇല്ല എന്നതാണ് യാഥാര്‍ത്ഥ്യം. ഏറ്റുമാനൂര്‍ കോണ്‍ഗ്രസിന് ആഴത്തില്‍ വേരുള്ള മണ്ഡലമാണ്. മാണി വിഭാഗം ആവശ്യപ്പെട്ട് സീറ്റ് വാങ്ങുമ്പോള്‍ പോലും കോണ്‍ഗ്രസ് പ്രവര്‍ത്തകരെ രണ്ടില ചിഹ്നത്തില്‍ മത്സരിപ്പിക്കേണ്ട ഗതികേടുപോലും ഉണ്ടായിട്ടുള്ള മണ്ഡലമാണ്. അതുകൊണ്ടുതന്നെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് വലിയ ആഗ്രഹമുണ്ടായിരുന്നു കൈപ്പത്തി ചിഹ്നത്തിലേക്ക് മാറണമെന്ന്. മറിച്ച് ഒരു ചെണ്ടയിലേക്ക് പോകാന്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ ആഗ്രഹിച്ചിരുന്നില്ല. കോണ്‍ഗ്രസില്‍ അത്തരമൊരു മാറ്റമുണ്ടാകുമെന്നും അത് കെപിസിസിയുടെയും എഐസിസിയുടെയും നേതാക്കള്‍ ഉള്‍പ്പെടെ പാര്‍ട്ടി പ്രവര്‍ത്തകരോട് പറഞ്ഞിരുന്നതുമാണ’.

‘പക്ഷേ, എനിക്ക് ഏറ്റുമാനൂര്‍ സീറ്റ് ലഭിക്കാത്തതുകൊണ്ടല്ല ഞാന്‍ തലമുണ്ഡനം ചെയ്തത്. മഹിളാ കോണ്‍ഗ്രസ് അധ്യക്ഷ എന്ന നിലയിലും അതിന് മുമ്പ് 2000ല്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ആയിരുന്ന കാലം മുതല്‍ മാറിമാറി വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിലും പാര്‍ലെമെന്റ് തെരഞ്ഞെടുപ്പിലുമൊക്കെ എന്റെ പേര് വന്നുപോകാറുണ്ട്. പക്ഷേ, മറ്റാരെങ്കിലും സ്ഥാനാര്‍ത്ഥിയാവും. ഞാന്‍ അവര്‍ക്കുവേണ്ടി ആത്മാര്‍ത്ഥമായി പ്രവര്‍ത്തിക്കും. ഇത്തവണ പക്ഷേ, മഹിളാ കോണ്‍ഗ്രസിന്റെ അധ്യക്ഷയാണ്, ലതികാ സുഭാഷല്ല. കെഎസ് യു പ്രസിഡന്റിനും യൂത്ത് കോണ്‍ഗ്രസ് പ്രസിഡന്റിനുമൊക്കെ സീറ്റ് നല്‍കിയപ്പോള്‍ മഹിളാ കോണ്‍ഗ്രസിന്റെ അധ്യക്ഷയ്ക്ക് സീറ്റ് നിഷേധിച്ചു. അതിനാണ് ഈ പ്രതിഷേധം’.

‘കോണ്‍ഗ്രസില്‍ പ്രവര്‍ത്തിക്കുന്ന ആയിരക്കണക്കിന് മഹിളാ കോണ്‍ഗ്രസ് പ്രവര്‍ത്തകരുണ്ട്. കോണ്‍ഗ്രസിന്റെ വനിതാ വിഭാഗത്തില്‍ പ്രവര്‍ത്തിക്കുന്ന പ്രവര്‍ത്തകരുണ്ട്. അവരോട് ചെയ്ത നീതികേടാണ് മഹിളാ കോണ്‍ഗ്രസ് അധ്യക്ഷയ്ക്ക് സീറ്റ് നിഷേധിച്ചത്. 20 ശതമാനം സീറ്റെങ്കിലും സ്ത്രീകള്‍ക്ക് നല്‍കണമെന്ന് ഞങ്ങള്‍ ആവശ്യപ്പെട്ടിരുന്നു. ജില്ലകളില്‍ ഒരു സീറ്റെങ്കിലും നല്‍കുമെന്ന് വിചാരിച്ചു. പത്ത് പേര്‍ക്ക് സീറ്റ് കിട്ടിയിട്ടുണ്ട്. പക്ഷേ, പാര്‍ട്ടിക്കുവേണ്ടി പതിറ്റാണ്ടുകളായി പ്രവര്‍ത്തിക്കുന്ന പല സ്ത്രീകളെയും മാറ്റി നിര്‍ത്തി ഇന്നലെ വന്നവര്‍ക്ക് സീറ്റ് നല്‍കി. അര്‍ഹതപ്പെട്ട കുറേയാളുകള്‍ക്ക് സീറ്റ് കിട്ടിയിട്ടുണ്ട്. ബിന്ദു കൃഷ്ണയ്ക്ക് കൊല്ലം സീറ്റ് കിട്ടില്ലെന്നായിരുന്നു ഇന്നലെവരെയുണ്ടായിരുന്ന വിവരം. അവര്‍ കണ്ണീരണിഞ്ഞിട്ടാണ് സീറ്റ് ലഭിച്ചത്. ഈ നീതി നിഷേധത്തിനെതിരെയാണ് തല മുണ്ഡനം ചെയ്തത്. ഇന്ദിര ഗാന്ധിയുടെയും സോണിയ ഗാന്ധിയുടെയും നേതൃത്വമുള്ള ഈ പാര്‍ട്ടി വനിതകളോട് നീതി നിഷേധിക്കരുത്’.

Next Story