മൃതദേഹം രാത്രി ദഹിപ്പിച്ചത് സംഘര്‍ഷമൊഴിവാക്കാന്‍; ന്യായീകരണവുമായി യുപി സര്‍ക്കാര്‍ സുപ്രിംകോടതിയില്‍
ക്രമസമാധാനപ്രശ്നങ്ങള്‍ കണക്കിലെടുത്താണ് മൃതദേഹം രാത്രി 2.30 ന് സംസ്കരിച്ചതെന്നും ബാബ്റി മസ്ജിദ് വിധി വന്നതിന് തുടര്‍ച്ചയായി പ്രദേശത്ത് അക്രമസാധ്യത നിലനില്‍ക്കുന്നതിനാലാണ് മുന്നൊരുക്കങ്ങള്‍ നടത്തിയതെന്നും സത്യവാങ്മൂലത്തില്പ്പറയുന്നു.

ഉത്തര്‍പ്രദേശ് ഹാത്രസില്‍ കൂട്ടബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട ദളിത് പെണ്‍കുട്ടിയുടെ മൃതദേഹം രാത്രിയില്‍ സംസ്കരിച്ചത് സംഘര്ഷമൊഴിവാക്കാനാണെന്ന വിശദീകരണവുമായി യുപി സര്‍ക്കാര്‍ സുപ്രിംകോടതിയില്‍. കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തിലാണ് സര്‍ക്കാര്‍ പൊലീസ് ഇടപെടലുകള്‍ക്ക് ന്യായീകരണം നല്‍കുന്നത്. ക്രമസമാധാനപ്രശ്നങ്ങള്‍ കണക്കിലെടുത്താണ് മൃതദേഹം രാത്രി 2.30 ന് സംസ്കരിച്ചതെന്നും ബാബ്റി മസ്ജിദ് വിധി വന്നതിന് തുടര്‍ച്ചയായി പ്രദേശത്ത് അക്രമസാധ്യത നിലനില്‍ക്കുന്നതിനാലാണ് മുന്നൊരുക്കങ്ങള്‍ നടത്തിയതെന്നും സത്യവാങ്മൂലത്തില്പ്പറയുന്നു.
ജില്ലാ ഭരണാധികാരിയ്ക്ക് അന്നേദിവസം സുരക്ഷാ മുന്നറിയിപ്പുകള്‍ ലഭിച്ചതായും പെട്ടെന്ന് ബലാത്സംഗക്കേസിന് വര്‍ഗീയനിറം വന്നെന്നും സര്‍ക്കാര്‍ വിശദീകരിച്ചു. ചില രാഷ്ട്രീയ പാര്‍ട്ടികളും സംഘടനകളും ജാതി പറഞ്ഞ് വിഷയം മുതലെടുത്തതായും സത്യവാങ്മൂലത്തിലൂടെ സര്‍ക്കാര്‍ സുപ്രിംകോടതിയെ അറിയിച്ചു.
കൂട്ടബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ മൃതദേഹം കനത്ത സുരക്ഷാസന്നാഹത്തോടെയായിരുന്നു ദില്ലിയില്‍ നിന്നും യുപിയിലെത്തിച്ചത്. മൃതദേഹം അവസാനമായി ഒന്ന് കാണണമെന്ന് കുടുംബം ആവശ്യപ്പെട്ടെങ്കിലും പൊലീസും അധികൃതരും അതിനുള്ള അനുമതി നിഷേധിച്ചത് വലിയ രീതിയില്‍ ചര്‍ച്ചയായിരുന്നു. പെണ്‍കുട്ടിയുടെ കുടുംബത്തിന് ഇംഗ്ലീഷ് അറിയില്ല എന്ന് പറഞ്ഞുകൊണ്ട് പോസ്റ്റ്മാര്‍ട്ടം റിപ്പോര്‍ട്ട് പോലും തങ്ങളെ കാണിച്ചില്ലെന്ന് പെണ്‍കുട്ടിയുടെ സഹോദരന് മുന്‍പ് ആരോപണം ഉന്നയിച്ചിരുന്നു.
മാധ്യമങ്ങളോടോ രാഷ്ട്രീയ നേതാക്കളോടോ ബന്ധപ്പെടാന്‍ സമ്മതിക്കാതെ കുടുംബത്തെ ബന്ദവസാക്കി എന്നും ആരോപണമുയര്‍ന്നിരുന്നു. പെണ്‍കുട്ടിയുടെ വീടിന് പുറത്തും ഗ്രാമത്തിലും യുപി പൊലീസ് കാവല്‍ നില്‍ക്കുകയായിരുന്നു. ക്രമസമാദാനപ്രശ്നങ്ങള് പറഞ്ഞ് രാഷ്ട്രീയ നേതാക്കളെ ഉത്തര്‍പ്രദേശ് അതിര്‍ത്തിയില്‍ വെച്ച് തടയുന്ന പൊലീസ് നടപടിയ്ക്കെതിരെയും നിരവധിപ്പേര്‍ രംഗത്തെത്തിയിരുന്നു. കോണ്‍ഗ്രസ് നേതാക്കളായ രാഹുല്‍ ഗാന്ധി, പ്രിയങ്കാഗാന്ധി, ഭീം ആര്‍മി നേതാവ് ചന്ദ്രശേഖര്‍ ആസാദ് എന്നിവര്‍ പെണ്‍കുട്ടിയുടെ വീട്ടിലെത്തി കുടുംബത്തെ സന്ദര്‍ശിച്ചിരുന്നു. ഗ്രാമത്തിലെ സവര്‍ണ്ണജാതിക്കാരില്‍ നിന്നും തങ്ങള്‍ക്ക് ഭീഷണി നേരിടേണ്ടി വരുന്നുണെന്ന് കുടുംബം പറഞ്ഞതായും റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു.