മണ്ണിടിച്ചില്‍; കൊങ്കണ്‍ പാതയിലെ ഗതാഗതം പുനസ്ഥാപിക്കാനുള്ള ശ്രമങ്ങള്‍ ഊര്‍ജിതം; വൈകീട്ടോടെ മണ്ണ് നീക്കാനാകുമെന്ന് പ്രതീക്ഷ
ഇടയ്ക്കിടെ പെയ്യുന്ന മഴയിൽ മണ്ണ് വീണ്ടും പാളത്തിലേക്ക് ഒലിച്ചിറങ്ങുന്നത് തിരിച്ചടിയാകുന്നുണ്ട്.
16 July 2021 11:31 PM GMT
റിപ്പോർട്ടർ നെറ്റ്വർക്ക്

കനത്ത മഴയിൽ പാളത്തിൽ മണ്ണിടിഞ്ഞ് തടസ്സപ്പെട്ട കൊങ്കൺ പാതയിലെ ഗതാഗതം പുനഃസ്ഥാപിക്കാനുള്ള ശ്രമങ്ങൾ തുടരുന്നു. ഇന്ന് വൈകിട്ടോടെ പാളത്തിൽ നിന്ന് മണ്ണ് നീക്കാനാകുമെന്നാണ് പ്രതീക്ഷ. ഇന്നലെ രാവിലെ പത്തരയോടെയാണ് മംഗളൂരു ജംക് ഷനും തോക്കൂരിനുമിടയിൽ കുലശേഖര തുരങ്കത്തിന് സമീപം പാളത്തിൽ മണ്ണിടിഞ്ഞത്. പാതയിരട്ടിപ്പിക്കലിന്റെ ഭാഗമായി പുതിയ തുരങ്ക നിർമാണം നടക്കുന്നതിന് സമീപമാണ് മണ്ണിടിഞ്ഞിരിക്കുന്നത്. ഇടയ്ക്കിടെ പെയ്യുന്ന മഴയിൽ മണ്ണ് വീണ്ടും പാളത്തിലേക്ക് ഒലിച്ചിറങ്ങുന്നത് തിരിച്ചടിയാകുന്നുണ്ട്.
ഇന്നലെ രാവിലെയാണ് പടീലില്‍ കനത്ത മഴയെത്തുടര്‍ന്ന് മണ്ണിടിച്ചില്‍ തുടങ്ങുന്നത്. ഇത് നീക്കാനുള്ള ശ്രമങ്ങള്‍ പുരോഗമിക്കുന്നതിനിടെ കുലശേഖ കൊങ്ങൂറിലെ റെയില്‍വേ ട്രാക്കിലും മണ്ണിടിച്ചിലുണ്ടായി. പാതഇരട്ടിപ്പിക്കുന്നതിനായി പുതിയ തുരങ്കത്തിന്റെ നിര്‍മ്മാണം ഈ പ്രദേശത്ത് നടന്നുവരികയായിരുന്നു. കനത്ത മഴയെത്തുടര്‍ന്ന് മീറ്ററുകളോളം റെയില്‍പാത മണ്ണിനടിയിലായതോടെ ഗതാഗതം സ്തംഭിക്കുകയായിരുന്നു.
ഗതാഗതം തടസ്സപ്പെട്ടതോടെ വിവിധ ട്രെയിനുകള്‍ റദ്ദാക്കപ്പെടുകയോ പിടിച്ചിടുകയോ വഴിതിരിച്ചുവിടുകയോ ചെയ്തിരുന്നു. വഴിയില്‍ പിടിച്ചിട്ട ദാദര്‍- തിരുനെല്‍വേലി, വെരാവല്‍- തിരുവനന്തപുരം എക്സ്പ്രസുകളിലെ യാത്രക്കാരെ റോഡ് മാര്‍ഗ്ഗം മംഗളൂരിവിലെത്തിക്കാന് സൗകര്യമൊരുക്കുകയും ചെയ്തിരുന്നു.
- TAGS:
- Heavy Rain