Top

എന്തുകൊണ്ട് കർണ്ണനിൽ സ്വന്തം ശബ്ദം നൽകിയില്ല? പ്രേക്ഷകരുടെ ചോദ്യത്തിന് മറുപടിയുമായി ലാൽ

കർണ്ണൻ ഭാഷയ്ക്കും സംസ്കാരത്തിനും ഏറെ പ്രാധാന്യം നൽകുന്ന സിനിമയുമാണ്. തന്റെ തമിഴ് സിനിമയ്ക്ക് ദോഷം ചെയ്താലോ എന്ന് കരുതിയാണ് മറ്റൊരാളെ കൊണ്ട് ശബ്ദം നൽകിയതെന്ന് ലാൽ പറഞ്ഞു. ZS

16 May 2021 8:01 AM GMT
ഫിൽമി റിപ്പോർട്ടർ

എന്തുകൊണ്ട് കർണ്ണനിൽ സ്വന്തം ശബ്ദം നൽകിയില്ല? പ്രേക്ഷകരുടെ ചോദ്യത്തിന് മറുപടിയുമായി ലാൽ
X

ധനുഷ്- മാരി സെൽവരാജ് ചിത്രം കർണ്ണന്റെ കഴിഞ്ഞ ദിവസം ഒടിടിയിലൂടെ സ്ട്രീമിംഗ് ആരംഭിച്ചു. മലയാളികളുടെ പ്രിയനടൻ ലാൽ ചിത്രത്തിൽ വളരെ പ്രധാനപ്പെട്ട ഒരു കഥാപാത്രത്തെ അവതരിപ്പിച്ചിട്ടുണ്ട്. എന്നാൽ ആ കഥാപാത്രത്തിന് ശബ്ദം നൽകിയത് ലാൽ അല്ല. എന്തുകൊണ്ട് ലാല കഥാപാത്രത്തിന് സ്വന്തം ശബ്ദം നൽകിയില്ല എന്ന ചോദ്യം സമൂഹ മാധ്യമങ്ങളിലൂടെ ഉയർന്നിരുന്നു. ഇപ്പോഴിതാ വിഷയത്തിൽ മറുപടിയുമായി എത്തിയിരിക്കുകയാണ് അദ്ദേഹം.

കർണ്ണൻ എന്ന സിനിമ തിരുനെൽവേലി പശ്ചാത്തലമാക്കിയാണ് ഒരുക്കിയിരിക്കുന്നത്. ചെന്നൈയിൽ സംസാരിക്കുന്ന തമിഴും തിരുനെൽവേലിയിൽ സംസാരിക്കുന്ന തമിഴും തമ്മിൽ വലിയ വ്യത്യാസമുണ്ട്. കർണ്ണൻ ഭാഷയ്ക്കും സംസ്കാരത്തിനും ഏറെ പ്രാധാന്യം നൽകുന്ന സിനിമയുമാണ്. തന്റെ തമിഴ് സിനിമയ്ക്ക് ദോഷം ചെയ്താലോ എന്ന് കരുതിയാണ് മറ്റൊരാളെ കൊണ്ട് ശബ്ദം നൽകിയതെന്ന് ലാൽ പറഞ്ഞു. ഇൻസ്റ്റഗ്രാമിലൂടെയാണ് അദ്ദേഹത്തിന്റെ പ്രതികരണം.

ലാലിന്റെ വാക്കുകൾ:

നിങ്ങളിൽ പലരും കർണ്ണൻ എന്ന സിനിമയിലെ യമ രാജ എന്ന കഥാപാത്രത്തിന് ഞാൻ എന്റെ സ്വന്തം ശബ്ദം എന്തുകൊണ്ട് നൽകിയില്ല എന്ന് ചോദ്യം ഉന്നയിക്കുന്നുണ്ട്. നിങ്ങൾക്കെല്ലാം അറിയാമല്ലോ കർണ്ണൻ എന്ന സിനിമ തിരുനെൽവേലി പശ്ചാത്തലമാക്കിയാണ് ഒരുക്കിയിരിക്കുന്നത്. ചെന്നൈയിൽ സംസാരിക്കുന്ന തമിഴും തിരുനെൽവേലിയിൽ സംസാരിക്കുന്ന തമിഴും തമ്മിൽ വലിയ വ്യത്യാസമുണ്ട്. മലയാളത്തിൽ പോലും ഒരാളോട് തൃശ്ശൂർ ഭാഷ സംസാരിക്കാൻ പറഞ്ഞാൽ അത് വെറും അനുകരണം മാത്രം ആയിരിക്കും. യഥാർത്ഥ തൃശ്ശൂർക്കാരൻ സംസാരിക്കുന്നത് പോലെയാകില്ല.

മാത്രമല്ല കർണ്ണൻ ഭാഷയ്ക്കും സംസ്കാരത്തിനും ഏറെ പ്രാധാന്യം നൽകുന്ന സിനിമയുമാണ്. ഭൂരിഭാഗം അഭിനേതാക്കളും ആ ഭാഗത്ത് നിന്നുള്ളവർ തന്നെ. ഞാൻ എന്റെ ശബ്ദം നൽകിയിരുന്നെങ്കിൽ എന്റെ ഡബ്ബിങ് മാത്രം വേറിട്ടു നിൽക്കുന്ന അവസ്ഥ ഉണ്ടാകുമായിരുന്നു. ആ സിനിമയ്ക്ക് നൂറു ശതമാനത്തിൽ കുറഞ്ഞത് ഒന്നും നൽകാൻ എനിക്ക് താല്പര്യമില്ലായിരുന്നു.

സംവിധായകൻ മാരി സെൽവരാജിന്റെയും നിർമ്മാതാവിന്റെയും നിർബന്ധം മൂലം ഡബ്ബിങ്ങിനായി ചെന്നൈയിലേക്ക് പോയതുമാണ്. എന്നാൽ സൈൻമെയ്യ്ക്ക് ദോഷം ചെയ്യുമെന്നതിനാൽ ഏറെ നിർബന്ധിച്ചാണ് ഞാൻ മറ്റൊരാളെക്കൊണ്ട് ഡബ്ബ് ചെയ്യിപ്പിച്ചത്.

കർണ്ണനിലെ ലാലിന്റെ കഥാപാത്രത്തിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. ലാലിന്റെ താത്ത എന്ന കഥാപാത്രം അസാമാന്യ പ്രകടനമാണ് കാഴ്ചവെക്കുന്നത് എന്നാണ് പലരും അഭിപ്രായപ്പെടുന്നത്.

പരിയേറും പെരുമാള്‍ എന്ന സിനിമയ്ക്ക് ശേഷം മാരി സെല്‍വരാജ് സംവിധാനം ചെയ്ത കര്‍ണ്ണനില്‍ രജിഷ വിജയനാണ് നായിക. നാട്ടി, യോഗി ബാബു എന്നിവരും പ്രധാന വേഷങ്ങള്‍ ചെയ്യുന്നുണ്ട്. ചിത്രത്തിന്റെ ഷൂട്ടിങ് കഴിഞ്ഞ വര്‍ഷം ഡിസംബറിലാണ് പൂര്‍ത്തിയായത്.

Next Story