‘സ്ത്രീകള്‍ സിനിമ ചെയ്യുന്നത് തന്നെ രാഷ്ട്രീയമാണ്’; റൈസിങ് സ്റ്റാറില്‍ ലക്ഷ്മി മരക്കാര്‍

ശ്രീനാഥ് ഭാസിയെ കേന്ദ്ര കഥാപാത്രമാക്കി ഗിരീഷ് മനോ സംവിധാനം ചെയ്യുന്ന ‘മുത്തം നൂറ്‌വിധത്തിന്റെ’ ടൈറ്റില്‍ ടീസര്‍ വലിയ ആരാധക ശ്രദ്ധ നേടിയിരുന്നു. പ്രണയരംഗങ്ങളും, ചുംബന രംഗങ്ങളുമാണ് ടീസറിലുള്ളത്. സ്‌നേഹം ചുംബനം എന്നെല്ലാം പറയുമ്പോള്‍ സാധാരണയായി നമുക്ക് മുന്നില്‍ വരുന്ന ചിത്രങ്ങളില്‍ നിന്നും മാറി, ക്യുവര്‍ ദമ്പതികളെ കൂടി ഉള്‍പ്പെടുത്തി ജീവിതത്തിന്‍റെ പല തലങ്ങളെയും ടീസറില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

കാമുകി കാമുകന്‍മാര്‍ ചുംബിക്കുന്നത് ആളുകള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കില്ല, ലെസ്ബിയന്‍ ദമ്പതികളാണെങ്കിലും അങ്ങിനെ തന്നെ. എന്നാല്‍ രണ്ട് പുരുഷന്‍മാര്‍ ചുംബിക്കുന്നതാണ് ആളുകളെ അസ്വസ്ഥാരാക്കുകയെന്ന് ടീസറിന്റെ സംവിധായിക ലക്ഷ്മി മരക്കാര്‍ പറഞ്ഞു. റിപ്പോര്‍ട്ടര്‍ ടിവിയിലെ ‘റൈസിങ് സ്റ്റാര്‍’ എന്ന പരിപാടിയില്‍ സംസാരിക്കുകയായിരുന്നു ലക്ഷ്മി.

മമ്മുട്ടിയുടെ നമ്പര്‍ വണ്‍ സ്‌നേഹതീരം എന്ന ചിത്രത്തില്‍ ബാലതാരമായാണ് ലക്ഷ്മി മരക്കാര്‍ സിനിമയിലേക്ക് കടന്നു വരുന്നത്. ഇപ്പോള്‍ ടീസറാണ് സംവിധാനം ചെയ്തതെങ്കിലും താമസിയാതെ തന്നെ ഒരു സിനിമ ലക്ഷ്മിയില്‍ നിന്ന് പ്രതീക്ഷിക്കാമെന്ന് താരം പറഞ്ഞു. നിലവില്‍ ഫിലിം മെയ്ക്കിങ് പഠിക്കുകയാണെന്നും, എത്രയും പെട്ടന്ന് തന്നെ സ്വന്തം സിനിമ ചെയ്യുമെന്നും ലക്ഷ്മി പറഞ്ഞു. ആഷിക് അബുവിന്റെ ‘വൈറസ്’ എന്ന ചിത്രത്തില്‍ അസിസ്റ്റന്റ് ഡയറക്ടറായിരുന്നു. കൂടാതെ ഷോട്ട് ഫിലുമുകളും, പരസ്യ ചിത്രങ്ങളും ലക്ഷ്മി മരക്കാര്‍ സംവിധാനം ചെയ്തിട്ടുണ്ട്.

Latest News