വീണ്ടും വിവാദ ഉത്തരവ്; ലക്ഷദ്വീപിലെ മത്സ്യബന്ധനബോട്ടുകളില്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥരും സിസിടിവിയും വേണം; നിരീക്ഷണം ശക്തമാക്കും
പുതിയ ഉത്തരവ് നടപ്പിലാക്കുന്നതിന് ആവശ്യമായ നടപടികള്‍ കൈക്കൊള്ളാന്‍ ദ്വീപ് അഡ്മിനിസ്ട്രേറ്റര്‍ തുറമുഖ വ്യോമയാന വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ക്കും പോര്‍ട്ട് അസിസ്റ്റന്റുമാര്‍ക്കും വകുപ്പിലെ മറ്റ് ഉദ്യോഗസ്ഥര്‍ക്കും ഇതിനോടകം നിര്‍ദ്ദേശം നല്‍കിക്കഴിഞ്ഞു.
4 Jun 2021 11:27 PM GMT
റിപ്പോർട്ടർ നെറ്റ്വർക്ക്

ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്റര്‍ പ്രഫുല്‍ പട്ടേലിന്റെ ഭരണപരിഷ്കാരത്തിനെതിരെയുളള ജനകീയ പ്രക്ഷോഭങ്ങള്‍ക്കിടയില്‍ വീണ്ടും വിവാദ ഉത്തരവ് പുറത്തിറക്കി ഭരണകൂടം. മത്സ്യബന്ധന ബോട്ടുകളുടെ സുരക്ഷയും നിരീക്ഷണവും വര്‍ധിപ്പിക്കുന്നതിനുള്ള ഉത്തരവാണ് പുതിയതായി പുറത്തിറക്കിയിരിക്കുന്നത്. ലക്ഷദ്വീപില്‍ നിന്നും മത്സ്യബന്ധനത്തിനായി പോകുന്ന ബോട്ടുകളില്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥരുണ്ടാകണമെന്നും സിസിടിവി ക്യാമറകള്‍ സ്ഥാപിക്കണമെന്നുമാണ് ഉത്തരവ്. ഇന്നലെ വൈകിട്ടാണ് ദ്വീപില്‍ പുതിയ ഉത്തരവിറക്കിയത്.
വിഷയത്തില്‍ അഡ്മിനിസ്ട്രേറ്ററുടെ ഉപദേഷ്ടാവിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിന്റെ തീരുമാനങ്ങള്‍ ഉദ്യോഗസ്ഥര്‍ക്ക് കൈമാറി. മത്സ്യബന്ധന കപ്പലുകള്‍ നങ്കൂരമിടുന്ന സ്ഥലങ്ങളില്‍ ഹെലിപാഡിലും സിസിടിവി വഴിയുമുള്ള നിരീക്ഷണങ്ങള്‍ ശക്തമാക്കാനാണ് നീക്കങ്ങള്‍ നടക്കുന്നത്. മത്സ്യബന്ധന ബോട്ടുകളില്‍ നിരീക്ഷണം ശക്തമാക്കുന്നതിനായി പ്രത്യേകം ഉദ്യോഗസ്ഥരെ നിയമിക്കണം. ബോട്ടുകള്‍ തീരത്തെത്തുന്നതിന് മുന്‍പ് തന്നെ ഈ ഉദ്യോഗസ്ഥര്‍ അഡ്മിനിസ്ട്രേഷനില്‍ റിപ്പോര്‍ട്ട് ചെയ്യുന്നതിനുള്ള സൗകര്യമുണ്ടാക്കണമെന്നും വിവാദമായ പുതിയ ഉത്തരവിലുണ്ട്.
പുതിയ ഉത്തരവ് നടപ്പിലാക്കുന്നതിന് ആവശ്യമായ നടപടികള്‍ കൈക്കൊള്ളാന്‍ ദ്വീപ് അഡ്മിനിസ്ട്രേറ്റര്‍ തുറമുഖ വ്യോമയാന വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ക്കും പോര്‍ട്ട് അസിസ്റ്റന്റുമാര്‍ക്കും വകുപ്പിലെ മറ്റ് ഉദ്യോഗസ്ഥര്‍ക്കും ഇതിനോടകം നിര്‍ദ്ദേശം നല്‍കിക്കഴിഞ്ഞു. കൊച്ചിയിലും സുരക്ഷാസേനകള്‍ക്ക് അറിയിപ്പ് നല്‍കിയിട്ടുണ്ട്.