Top

ഐഷയെ പൂട്ടാന്‍ പൊലീസ് നീക്കം; പ്രകോപിപ്പിച്ചത് ബീഫ് ബിരിയാണി പരാമര്‍ശം

ഐഷ സുല്‍ത്താനയെ കുരുക്കാന്‍ ലക്ഷദ്വീപ് പൊലീസിനെ പ്രേരിപ്പിച്ചത് ബീഫ് ബിരിയാണി പരാമര്‍ശമെന്ന് സൂചന. കഴിഞ്ഞദിവസം ചോദ്യം ചെയ്യുന്നതിനിടെ പൊലീസിനെ കൊണ്ട് ബീഫ് ബിരിയാണി വാങ്ങിപ്പിച്ച സംഭവം റിപ്പോര്‍ട്ടര്‍ ടിവിയിലൂടെ ഐഷ വെളിപ്പെടുത്തിയിരുന്നു. ഇതാണ് ദ്വീപ് പൊലീസിനെ പ്രകോപിപ്പിച്ചതെന്നും അതിന്റെ പ്രതികാരമായാണ് മൊബൈല്‍ ഫോണ്‍ അടക്കമുള്ളവ അവര്‍ പിടിച്ച് വച്ചതെന്നും ഐഷയോട് അടുത്തവൃത്തങ്ങള്‍ അറിയിച്ചു. ബീഫ് ബിരിയാണി വാങ്ങിപ്പിച്ചത് അഡ്മിനിസ്‌ട്രേറ്റര്‍ പ്രഫുല്‍ പട്ടേലിനെയും കലക്ടര്‍ അസ്‌കര്‍ അലിയെയും പ്രകോപിപ്പിച്ചെന്നും അവരുടെ നിര്‍ദേശപ്രകാരമാണ് പൊലീസ് ഐഷയെ ദ്വീപിന് പുറത്തുപോകാത്ത വിധം […]

25 Jun 2021 8:01 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

ഐഷയെ പൂട്ടാന്‍ പൊലീസ് നീക്കം; പ്രകോപിപ്പിച്ചത് ബീഫ് ബിരിയാണി പരാമര്‍ശം
X

ഐഷ സുല്‍ത്താനയെ കുരുക്കാന്‍ ലക്ഷദ്വീപ് പൊലീസിനെ പ്രേരിപ്പിച്ചത് ബീഫ് ബിരിയാണി പരാമര്‍ശമെന്ന് സൂചന. കഴിഞ്ഞദിവസം ചോദ്യം ചെയ്യുന്നതിനിടെ പൊലീസിനെ കൊണ്ട് ബീഫ് ബിരിയാണി വാങ്ങിപ്പിച്ച സംഭവം റിപ്പോര്‍ട്ടര്‍ ടിവിയിലൂടെ ഐഷ വെളിപ്പെടുത്തിയിരുന്നു. ഇതാണ് ദ്വീപ് പൊലീസിനെ പ്രകോപിപ്പിച്ചതെന്നും അതിന്റെ പ്രതികാരമായാണ് മൊബൈല്‍ ഫോണ്‍ അടക്കമുള്ളവ അവര്‍ പിടിച്ച് വച്ചതെന്നും ഐഷയോട് അടുത്തവൃത്തങ്ങള്‍ അറിയിച്ചു.

ബീഫ് ബിരിയാണി വാങ്ങിപ്പിച്ചത് അഡ്മിനിസ്‌ട്രേറ്റര്‍ പ്രഫുല്‍ പട്ടേലിനെയും കലക്ടര്‍ അസ്‌കര്‍ അലിയെയും പ്രകോപിപ്പിച്ചെന്നും അവരുടെ നിര്‍ദേശപ്രകാരമാണ് പൊലീസ് ഐഷയെ ദ്വീപിന് പുറത്തുപോകാത്ത വിധം പൂട്ടാന്‍ നീക്കം നടത്തുന്നതെന്നും കവരത്തി പഞ്ചായത്ത് അംഗങ്ങള്‍ പറഞ്ഞു. ദ്വീപില്‍ ബീഫ് നിരോധിക്കാനുള്ള പ്രഫുല്‍ പട്ടേലിന്റെ നീക്കങ്ങള്‍ക്ക് ഹൈക്കോടതിയില്‍ നിന്നും തിരിച്ചടി നേരിട്ട സമയത്ത് തന്നെയായിരുന്നു ഐഷയുടെ ബീഫ് ബിരിയാണി ആവശ്യവും.

കഴിഞ്ഞദിവസത്തെ ചോദ്യം ചെയ്യലിനിടെയാണ് പൊലീസ് ഉച്ച ഭക്ഷണമായി ബിരിയാണി ഓഫര്‍ ചെയ്ത കാര്യം ഐഷ വെളിപ്പെടുത്തിയത്. എങ്കില്‍ ബീഫ് ബിരിയാണി മതി എന്നായിരുന്നു ഐഷ നല്‍കിയ മറുപടി. ഇതിന് കാരണവും ഐഷ റിപ്പോര്‍ട്ടര്‍ ടിവിയോട് വിശദീകരിച്ചു. ”ബീഫ് ബിരിയാണി എനിക്ക് പണ്ടേ ഇഷ്ടമാണ്. ഇവിടെ ബീഫ് കിട്ടുന്ന ഇടവുമാണ്. അതുകൊണ്ടാണ് ബീഫ് ബിരിയാണി ആവശ്യപ്പെട്ടത്. കേരളത്തില്‍ ബീഫും പൊറോട്ടയും പോലെ തന്നെയാണ് എനിക്ക് ബീഫ് ബിരിയാണി.”

അതേസമയം, ഐഷ സുല്‍ത്താനയെ ഇന്ന് വീണ്ടും കവരത്തി പൊലീസ് ചോദ്യം ചെയ്ത് വിട്ടയച്ചു. ഹൈക്കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചതിനെ തൊട്ടുപിന്നാലെയാണ് ഐഷയെ ഇന്ന് വീണ്ടും ചോദ്യം ചെയ്യാന്‍ പൊലീസ് വിളിപ്പിച്ചത്. ചോദ്യം ചെയ്യലിനിടയിലാണ് തന്റെ ഫോണ്‍ ഉദ്യോഗസ്ഥര്‍ പിടിച്ചെടുത്തതെന്ന് ഐഷ പറഞ്ഞു. തനിക്ക് വീട്ടിലേക്ക് വിളിക്കാന്‍ പോലും കഴിയാത്ത അവസ്ഥയാണെന്നും അത്യാവശ്യമായുള്ള ഫോണ്‍ നമ്പറുകള്‍ എഴുതി എടുക്കാനുള്ള സാവകാശം പോലും പൊലീസ് നല്‍കിയില്ലെന്നും ഐഷ റിപ്പോര്‍ട്ടര്‍ ടിവിയോട് പറഞ്ഞു. ഇതിലൂടെ തന്നെ ടോര്‍ച്ചര്‍ ചെയ്യുകയാണ് അവര്‍ ഉദ്ദേശിക്കുന്നതെന്നും നാളെ കേരളത്തിലേക്ക് വരാനാണ് ശ്രമിക്കുന്നതെന്നും ഐഷ പറഞ്ഞു.

ഐഷ സുല്‍ത്താന പറഞ്ഞത്: ”മൊബൈല്‍ ഫോണ്‍ അവര്‍ പിടിച്ചെടുത്തു. ഒരു നമ്പര്‍ പോലും എഴുതിയെടുക്കാനുള്ള സാവകാശം അവര്‍ തന്നില്ല. വീട്ടിലേക്ക് വിളിക്കാനോ മാധ്യമങ്ങളുമായുള്ള ബന്ധമോ ഒന്നും ഇനി സാധിക്കില്ല. എല്ലാ ബന്ധങ്ങളും അവര്‍ ഇല്ലാതാക്കിയിരിക്കുകയാണ്. എന്തിനാണ് ഇങ്ങനെ ചെയ്തതെന്ന് എനിക്ക്് അറിയില്ല. ജാമ്യം കിട്ടിയ ദിവസം തന്നെ ഇങ്ങനെ ചെയ്യുമെന്ന് കരുതിയില്ല. ഞാന്‍ നാളെ പോകാനിരിക്കുകയായിരുന്നു. ഒരു ബന്ധു മംഗളൂരുവിലും ഒരാള്‍ കൊച്ചിയിലെ ആശുപത്രിയിലും അഡ്മിറ്റാണ്. ഇവരെയൊന്ന് ബന്ധപ്പെടാന്‍ പോലും എനിക്ക് സാധിക്കില്ല.”

ലക്ഷദ്വീപിലെ ഭരണ പരിഷ്‌കാരവുമായി ബന്ധപ്പെട്ട ചാനല്‍ ചര്‍ച്ചയ്ക്കിടെ നടത്തിയ ബയോ വെപ്പണ്‍ പരാമര്‍ശത്തെ തുടര്‍ന്നാണ് ബിജെപിയുടെ പരാതിയില്‍ ഐഷയ്ക്ക് എതിരെ രാജ്യദ്രോഹം കുറ്റം ചുമത്തിയത്. ഐഷ സുല്‍ത്താനക്കെതിരായ രാജ്യദ്രോഹ കുറ്റം പ്രഥമ ദൃഷ്ട്യാ നിലനില്‍ക്കുന്നില്ലെന്ന് ഹൈക്കോടതിയും ഇതിനിടെ വ്യക്തമാക്കി. പരാമര്‍ശം സമൂഹത്തില്‍ സംഘര്‍ഷത്തിന് വഴിവെച്ചതായോ, ഇരു വിഭാഗങ്ങള്‍ തമ്മില്‍ വിദ്വേഷത്തിനോ അകല്‍ച്ചക്കോ കാരണമായതായി കാണുന്നില്ലെന്നും കോടതി നിരീക്ഷിച്ചു. സംഭവത്തില്‍ ഹര്‍ജിക്കാരി ഖേദം പ്രകടിപ്പിച്ചിട്ടുണ്ടെന്നും പ്രോസിക്യൂഷന്‍ ആരോപിക്കുന്ന കുറ്റങ്ങള്‍ നിലനില്‍ക്കുന്നില്ലെന്നും കോടതി അഭിപ്രായപ്പെട്ടു. പ്രതിക്ക് ക്രിമിനല്‍ പശ്ചാത്തലമില്ലെന്നും അന്വേഷണവുമായി സഹകരിച്ചെന്നും ജസ്റ്റിസ് അശോക് മേനോന്‍ ഉത്തരവില്‍ വ്യക്തമാക്കി.

Next Story