Top

‘പ്രഫുല്‍ പട്ടേലിനെ തിരിച്ചുവിളിക്കണം’; രാഷ്ട്രപതിക്ക് ഭീമഹര്‍ജി നല്‍കാനൊരുങ്ങി ലക്ഷദ്വീപ് നിവാസികള്‍; ഒപ്പുശേഖരണം തുടങ്ങി

വിദ്യാര്‍ഥി, യുവജനസംഘടനകള്‍ രാഷ്ട്രപതിക്ക് കൂട്ട ഇ മെയില്‍ അയയ്ക്കുന്ന പ്രവര്‍ത്തനങ്ങളും നടന്നുവരികയാണ്.

26 May 2021 12:12 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

‘പ്രഫുല്‍ പട്ടേലിനെ തിരിച്ചുവിളിക്കണം’; രാഷ്ട്രപതിക്ക് ഭീമഹര്‍ജി നല്‍കാനൊരുങ്ങി ലക്ഷദ്വീപ് നിവാസികള്‍; ഒപ്പുശേഖരണം തുടങ്ങി
X

ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേറ്റര്‍ പ്രഫുല്‍ കോദാഭായ് പട്ടേലിനെതിരെ രാഷ്ട്രപതി രാംനാഥ് കോവിന്ദിന് ഭീമഹര്‍ജി നല്‍കാനൊരുങ്ങി ലക്ഷദ്വീപ് നിവാസികള്‍. പട്ടേലിന്റെ പരിഷ്‌കാരങ്ങള്‍ ദ്വീപിന്റെ സംസ്‌കാരത്തെയും ജീവിതരീതികളേയും തകര്‍ക്കുന്നുവെന്ന് വ്യക്തമാക്കിക്കൊണ്ടാണ് ഭീമഹര്‍ജി. ഇതിനായി ദ്വീപില്‍ ഒപ്പുശേഖരണം ആരംഭിച്ചുകഴിഞ്ഞെന്നാണ് റിപ്പോര്‍ട്ട്. എന്‍എസ്‌യുഐ പോലുള്ള വിദ്യാര്‍ഥി സംഘടനകളുടെ നേതൃത്വത്തില്‍ ദ്വീപില്‍ വലിയ ക്യാപെയ്‌നുകള്‍ നടക്കുന്നുണ്ട്. വിദ്യാര്‍ഥി, യുവജനസംഘടനകള്‍ രാഷ്ട്രപതിക്ക് കൂട്ട ഇ മെയില്‍ അയയ്ക്കുന്ന പ്രവര്‍ത്തനങ്ങളും നടന്നുവരികയാണ്.

പ്രഫുല്‍ പട്ടേലിന്റെ നടപടികളില്‍ പ്രതിഷേധിച്ച് ദ്വീപിലെ ബിജെപി ഘടകത്തില്‍ രാജി തുടരുകയാണ്. ദ്വീപ് നിവാസികള്‍ തീവ്രവാദികളാണെന്ന ബിജെപി കേരള നേതൃത്വത്തിന്റെ പ്രസ്താവനയില്‍ പ്രതിഷേധിച്ച് ടികെ ആറ്റബിയാണ് ബിജെപി അംഗത്വം രാജിവെച്ചിരിക്കുന്നത്. പ്രസ്താവനയ്‌ക്കെതിരെ ബിജെപി ലക്ഷദ്വീപ് ഘടകം രംഗത്തു വരാത്തതും ലക്ഷദ്വീപ്കാര്‍ തീവ്രവാദികളോ ക്രിമിനലുകളോ അല്ല എന്ന് ചെറിയ രീതിയില്‍ പോലും സമര്‍ത്ഥിക്കാനോ എതിര്‍പ്പ് പ്രഘടിപ്പിക്കാനോ ലക്ഷദ്വീപ് ബിജെപി ഘടകം തയ്യാറാവാത്തതും ഏറെ വേദനിപ്പിച്ചെന്നും ആറ്റബി രാജിക്കത്തില്‍ പറയുന്നു.

‘ഇന്നത്തെ ചാനല്‍ ചര്‍ച്ച എന്നെ സംബന്ധിച്ച് വളരെ ഏറെ നിര്‍ണായകമായിരുന്നു. കാരണം ലക്ഷദ്വീപിലെ ബിജെപി ഘടകത്തിലെ ഒരംഗമായി നിലനിന്നു കൊണ്ട് ലക്ഷദ്വീപിലെ ജനങ്ങളുടെ ശബ്ദമായി മാറുക എന്നത് എറേ വെല്ലുവിളി നിറഞ്ഞതായിരുന്നു. എന്നാല്‍ കഴിഞ്ഞ രണ്ട് ദിവസമായി ഞാനടക്കമുള്ള ദ്വീപിലെ ജനങ്ങളെ ഏറെ വേദനിപ്പിച്ച് കൊണ്ട് കേരളത്തിലെ ബിജെപി ഘടകം ദ്വീപ് ജനത തീവ്രവാദികളാണ് എന്നുള്ള രീതിയില്‍ പ്രസ്താവനകള്‍ ഇറക്കുന്നതായി ശ്രദ്ധയില്‍ പെട്ടു എന്നാല്‍ ഈ പ്രസ്താവനകള്‍ ഖണ്ഡിക്കാനോ, അങ്ങനെ അല്ല ലക്ഷദ്വീപ്കാര്‍ തീവ്രവാദികളോ ക്രിമിനലുകളോ അല്ല എന്ന് ചെറിയ രീതിയില്‍ പോലും സമര്‍ത്ഥിക്കാനോ എതിര്‍പ്പ് പ്രഘടിപ്പിക്കാനോ ലക്ഷദ്വീപ് ബിജെപി ഘടകം തയ്യാറാവാത്തത് ദ്വീപിലെ സാധാരണക്കാരില്‍ സാധാരണക്കാരി എന്ന ഒരു വ്യക്തി എന്ന നിലയില്‍ എന്നെ ഏറെ വേദനിപ്പിച്ചു. ലക്ഷദ്വീപ് ബിജെപി യുടെ ഈ നിലപാട് മനസാക്ഷിക്ക് നിരക്കാത്തതാണ്. ഈ നിലപാടിനോട് ഒത്തുപോകാന്‍ ഒരു ദ്വീപ് കാരിയെന്ന നിലയില്‍ എനിക്ക് ബുദ്ധിമുട്ടുണ്ട് അത് കൊണ്ട് തന്നെ ഭാരതീയ ജനതാ പാര്‍ട്ടിയുടെ പ്രാഥകിമ അംഗത്വത്തില്‍ നിന്നുമുള്ള എന്റെ രാജി ലക്ഷദ്വീപ് ജനങ്ങളെ സാക്ഷി നിര്‍ത്തി ഞാന്‍ പരസ്യമായി പ്രഖ്യാപിക്കുന്നു. ഇതുമായി ബന്ധപ്പെട്ടുള്ള ഔദ്യോഗിക ലെറ്റര്‍ നേതൃത്വത്തിന് കൈമാറുന്നതാണ്,’ ടികെ ആറ്റബിയുടെ രാജിക്കത്തില്‍ പറയുന്നു.

നേരത്തെ ദ്വീപില്‍ ബിജെപി പ്രാഥമിക അംഗത്വത്തില്‍ നിന്ന് എം മുത്തുക്കോയ, ബി ഷുക്കൂര്‍, പിപി മുഹമ്മദ് ഹാഷിം, എംഐ മൊഹമ്മദ്, പിപി ജംഹാര്‍, അന്‍വര്‍ ഹുസൈന്‍, എന്‍ അഫ്സല്‍, എന്‍ റമീസ് തുടങ്ങിയ നേതാക്കളും രാജി വെച്ചിരുന്നു. ദേശീയ ഉപാധ്യക്ഷന്‍ എപി അബ്ദുള്ളക്കുട്ടിക്കാണ് ഇവര്‍ രാജി കത്ത് നല്‍കിയിരിക്കുന്നത്. ലക്ഷദ്വീപ് അഡ്മിനിസ്ട്രേഷന്‍ ഏകപക്ഷീയമായി എടുക്കുന്ന തീരുമാനങ്ങള്‍ ദ്വീപിന്റെ സമാധാനത്തിന് ഹാനികരമായത് കൊണ്ട് രാജി സമര്‍പ്പിക്കുന്നുയെന്നാണ് ബിജെപി നേതാക്കള്‍ അറിയിച്ചത്.

Next Story