ചാനല്‍ ചര്‍ച്ചയില്‍ പങ്കെടുത്ത ദ്വീപ് നിവാസിക്ക് പൊലീസിന്റെ ഭീഷണി; ‘ഭീകരവാദിയായി ചിത്രീകരിക്കാന്‍ ശ്രമം’
ലക്ഷദ്വീപ് വിഷയത്തില്‍ ചാനല്‍ ചര്‍ച്ചയില്‍ പങ്കെടുത്ത ദ്വീപ് നിവാസിക്ക് പൊലീസിന്റെ ഭീഷണി. അഭിഭാഷകയായ ഫസീല ഇബ്രാഹിമാണ് പൊലീസ് ഭീഷണിപ്പെടുത്തിയെന്ന് ആരോപിച്ച് രംഗത്തെത്തിയത്. ദ്വീപ് വിഷയത്തില്‍ ചാനല്‍ ചര്‍ച്ചകളില്‍ പങ്കെടുത്തതിന് പിന്നാലെയാണ് നടപടിയെന്ന് ഫസീല റിപ്പോര്‍ട്ടര്‍ ടിവിയോട് പറഞ്ഞു. തന്നെ ഭീകരവാദിയായി ചിത്രീകരിക്കാനാണ് പൊലീസ് നടത്തുന്ന ശ്രമമെന്നും സമരക്കാരെ അടിച്ചമര്‍ത്താനുള്ള തീരുമാനമാണ് പൊലീസിന്റെ ഭാഗത്തുനിന്നുണ്ടായതെന്നും ഫസീല റിപ്പോര്‍ട്ടര്‍ ടിവിയോട് പ്രതികരിച്ചു. അക്ബര്‍ എന്ന സിഐയാണ് വിളിച്ചത്. ‘ഇനിയും വിളിക്കും, വിളിക്കുമ്പോഴെല്ലാം ഫോണ്‍ എടുക്കണം, നിങ്ങളുടെ സോഷ്യല്‍മീഡിയ അക്കൗണ്ടുകള്‍ നിരീക്ഷണത്തിലാണ്’ […]
31 May 2021 8:58 AM GMT
റിപ്പോർട്ടർ നെറ്റ്വർക്ക്

ലക്ഷദ്വീപ് വിഷയത്തില്‍ ചാനല്‍ ചര്‍ച്ചയില്‍ പങ്കെടുത്ത ദ്വീപ് നിവാസിക്ക് പൊലീസിന്റെ ഭീഷണി. അഭിഭാഷകയായ ഫസീല ഇബ്രാഹിമാണ് പൊലീസ് ഭീഷണിപ്പെടുത്തിയെന്ന് ആരോപിച്ച് രംഗത്തെത്തിയത്. ദ്വീപ് വിഷയത്തില്‍ ചാനല്‍ ചര്‍ച്ചകളില്‍ പങ്കെടുത്തതിന് പിന്നാലെയാണ് നടപടിയെന്ന് ഫസീല റിപ്പോര്‍ട്ടര്‍ ടിവിയോട് പറഞ്ഞു.
തന്നെ ഭീകരവാദിയായി ചിത്രീകരിക്കാനാണ് പൊലീസ് നടത്തുന്ന ശ്രമമെന്നും സമരക്കാരെ അടിച്ചമര്‍ത്താനുള്ള തീരുമാനമാണ് പൊലീസിന്റെ ഭാഗത്തുനിന്നുണ്ടായതെന്നും ഫസീല റിപ്പോര്‍ട്ടര്‍ ടിവിയോട് പ്രതികരിച്ചു. അക്ബര്‍ എന്ന സിഐയാണ് വിളിച്ചത്. ‘ഇനിയും വിളിക്കും, വിളിക്കുമ്പോഴെല്ലാം ഫോണ്‍ എടുക്കണം, നിങ്ങളുടെ സോഷ്യല്‍മീഡിയ അക്കൗണ്ടുകള്‍ നിരീക്ഷണത്തിലാണ്’ തുടങ്ങിയ കാര്യങ്ങളാണ് സിഐ പറഞ്ഞതെന്നും ഫസീല പറഞ്ഞു.
അതേസമയം, ലക്ഷദ്വീപില്‍ മറൈന്‍ വാച്ചര്‍മാരെ പിരിച്ചുവിടുന്ന നടപടികളുമായി മുന്നോട്ടുപോകുകയാണ് പ്രഫുല്‍ പട്ടേലിന്റെ നേതൃത്വത്തിലുള്ള ഭരണകൂടം. വനം, പരിസ്ഥിതി മന്ത്രാലയത്തില്‍ ജോലി ചെയ്തിരുന്ന 200 ഓളം പേരെയാണ് പിരിച്ചുവിടാനൊരുങ്ങുന്നത്. ദ്വീപില്‍ നടക്കുന്ന പവിഴപുറ്റ് നശിപ്പിക്കല്‍, ഡോള്‍ഫിന്‍, കടല്‍ വെളളരി വേട്ട തുടങ്ങിയ നിയമ വിരുദ്ധ പ്രവര്‍ത്തനങ്ങളെ പ്രതിരോധിക്കുന്നതിന് വേണ്ടിയാണ് വാച്ചര്‍മാരെ നിയമിച്ചിരിക്കുന്നത്. അവരെ പിന്‍വലിക്കുന്നത് ദ്വീപിന് വെല്ലുവിളിയാകും. കാലാവസ്ഥ വ്യതിയാനം കണക്കിലെടുത്താണ് ജീവനക്കാരെ പിരിച്ചുവിടുന്നതെന്നാണ് അഡ്മിനിസ്ട്രേഷന്റെ വിശദീകരണം.
അടുത്ത മൂന്ന് മാസം വരെ മറൈന്‍ വാച്ചര്‍മാരുടെ സേവനം ആവശ്യമില്ലെന്ന തീരുമാനമാണ് അഡ്മിനിസ്ട്രേറ്റര്‍ മുന്നോട്ടുവെച്ചിരിക്കുന്നത്. പിരിച്ചുവിടാന്‍ തീരുമാനിച്ചിരിക്കുന്ന മറൈന്‍ വാച്ചര്‍മാര്‍ ഒരു വര്‍ഷം മുമ്പാണ് തല്‍സ്ഥാനത്തേക്കെത്തുന്നത്. ഇവരുടെ പാസിംഗ് ഔട്ട് പരേഡ് നടന്നത് അടുത്തിടെയായിരുന്നു.
ഇതിനിടെ, കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ലക്ഷദ്വീപില്‍ ഒരാഴ്ചത്തേക്ക് സമ്പൂര്‍ണ്ണ അടച്ചിടല്‍ പ്രഖ്യാപിച്ചു. കവരത്തി, മിനിക്കോയ്, കല്‍പെയ്നി, അമേനി, ആന്തോത്ത് എന്നീ അഞ്ചു ദ്വീപുകളിലാണ് കലക്ടര്‍ അസ്കര്‍ അലി അടച്ചിടല്‍ പ്രഖ്യാപിച്ചത്. ഇന്ന് മുതല്‍ ജൂണ്‍ ഏഴ് വരെയാണ് സമ്പൂര്‍ണ്ണ അടച്ചിടല്‍ പ്രഖ്യാപിച്ചിരിക്കുന്നത്. അവശ്യസേവന വിഭാഗങ്ങളില്‍ ജോലി ചെയ്യുന്ന ഉദ്യോഗസ്ഥര്‍ക്ക് കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ്, ഐഡി കാര്‍ഡ് എന്നിവ ഉപയോഗിച്ച് ജോലി സ്ഥലത്തെത്താനുള്ള അനുമതിയുണ്ട്.