Top

"ഇരുതലയ്ക്കല്‍ 'അമിത്ഷായും കാന്തപുരവും' ആവുന്നത് തന്നെയാണ് ആശങ്ക..! ട്രോള്‍ വിട്ട് കാര്യത്തിലേക്ക് വരാം"

ലക്ഷദ്വീപില്‍ ബിജെപി തുടരുന്ന വേട്ടക്കെതിരെ തെന്നിന്ത്യയില്‍ നടന്നുവരുന്ന ഹേറ്റ് കാമ്പയിന്‍ രാജ്യമാകെ ശ്രദ്ധ പിടിച്ചു പറ്റിയിട്ടുണ്ട്. കേരള നിയമസഭയിലെ ദ്വീപ് സംരക്ഷണ പ്രമേയവും, ലക്ഷദ്വീപ് നിവാസികള്‍ക്ക് വാര്‍ത്ത മാധ്യമങ്ങള്‍ നല്‍കിയ നിസ്സീമമായ പിന്തുണയും, പ്രഫുല്‍ പട്ടേലിനെതിരെ മുന്‍ ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേറ്റര്‍മാര്‍ രേഖപ്പെടുത്തിയ പ്രതിഷേധവും, ദ്വീപ് നിവാസികള്‍ക്ക് സെലിബ്രിറ്റികള്‍ നല്‍കുന്ന ഐക്യദാര്‍ഢ്യവും, ദ്വീപിലെ ബിജെപി നേതാക്കളുടെ കൂട്ടരാജിയും ഈ മേഖലയിലെ രാഷ്ട്രീയപരമായ ബിജെപിയുടെ നിലനില്‍പ്പ് തന്നെ പരുങ്ങലിലാക്കിയിട്ടുണ്ട്. ഈയൊരവസരത്തില്‍, വികൃതമായ ബിജെപിയുടെ മുഖം വീണ്ടെടുക്കാന്‍ പാര്‍ട്ടിക്കാവില്ലെന്നുറച്ചു വിശ്വസിക്കുന്ന അമിത്ഷാ, […]

7 Jun 2021 9:31 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

ഇരുതലയ്ക്കല്‍ അമിത്ഷായും കാന്തപുരവും ആവുന്നത് തന്നെയാണ് ആശങ്ക..! ട്രോള്‍ വിട്ട് കാര്യത്തിലേക്ക് വരാം
X

ലക്ഷദ്വീപില്‍ ബിജെപി തുടരുന്ന വേട്ടക്കെതിരെ തെന്നിന്ത്യയില്‍ നടന്നുവരുന്ന ഹേറ്റ് കാമ്പയിന്‍ രാജ്യമാകെ ശ്രദ്ധ പിടിച്ചു പറ്റിയിട്ടുണ്ട്. കേരള നിയമസഭയിലെ ദ്വീപ് സംരക്ഷണ പ്രമേയവും, ലക്ഷദ്വീപ് നിവാസികള്‍ക്ക് വാര്‍ത്ത മാധ്യമങ്ങള്‍ നല്‍കിയ നിസ്സീമമായ പിന്തുണയും, പ്രഫുല്‍ പട്ടേലിനെതിരെ മുന്‍ ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേറ്റര്‍മാര്‍ രേഖപ്പെടുത്തിയ പ്രതിഷേധവും, ദ്വീപ് നിവാസികള്‍ക്ക് സെലിബ്രിറ്റികള്‍ നല്‍കുന്ന ഐക്യദാര്‍ഢ്യവും, ദ്വീപിലെ ബിജെപി നേതാക്കളുടെ കൂട്ടരാജിയും ഈ മേഖലയിലെ രാഷ്ട്രീയപരമായ ബിജെപിയുടെ നിലനില്‍പ്പ് തന്നെ പരുങ്ങലിലാക്കിയിട്ടുണ്ട്.

ഈയൊരവസരത്തില്‍, വികൃതമായ ബിജെപിയുടെ മുഖം വീണ്ടെടുക്കാന്‍ പാര്‍ട്ടിക്കാവില്ലെന്നുറച്ചു വിശ്വസിക്കുന്ന അമിത്ഷാ, ബിജെപിക്ക് മാനവികതയുടെ മുഖമുണ്ടെന്ന് മുസ്ലിംകളായ ദ്വീപുകാരെ പ്രതിഫലിപ്പിക്കാനുള്ള ശ്രമമാണ് മുസ്ലിം സമുദായത്തിലെ പബ്ലിക് ഫിഗറായ കാന്തപുരം അബൂബക്കര്‍ മുസ്ലിയാര്‍ വഴി പയറ്റുന്നത്.

കാന്തപുരം അവകാശപ്പെടുന്ന അമിത്ഷായുടെ ഉറപ്പ് ഫോണ്‍ സന്ദേശം പുറത്ത് വന്നു മണിക്കൂറുകള്‍ പിന്നിട്ടിട്ടും ഈ സമയം വരെ ദ്വീപുകാര്‍ സമരം ചെയ്യുന്ന ആവശ്യങ്ങളില്‍ ഒന്നിനോടു പോലും കേന്ദ്രം അനുഭാവം പുലര്‍ത്തിയിട്ടില്ലെന്ന് മാത്രമല്ല ഇന്നും ഇന്നലെയുമായി വിചിത്രമായ പുതിയ കരിനിയമങ്ങള്‍ അവരുടെ മേല്‍ അടിച്ചേല്പിക്കുകയും ചെയ്യുന്നു. ദ്വീപുകാര്‍ തിരിച്ചു വിളിക്കാന്‍ ആവശ്യപ്പെട്ട പ്രഫുല്‍ ഖോഡാ പട്ടേല്‍ തന്നെയാണ് ഇപ്പോഴും അവിടത്തെ അഡ്മിനിസ്‌ട്രേറ്റര്‍. ദ്വീപില്‍ ഇപ്പോഴും പട്ടേല്‍ പാസാക്കിയ ഗുണ്ടാ ആക്ടും കരിനിയമങ്ങളും തുടരുന്നു.

പൊളിച്ച ഹാര്‍ബര്‍ പുനര്‍നിര്‍മ്മിക്കാനോ, സര്‍വീസില്‍ നിന്ന് പിരിച്ചുവിട്ടവരെ തിരിച്ചെടുക്കാനോ ഉള്ള യാതൊരു നടപടിയും ഇതുവരെ സ്വീകരിച്ചിട്ടില്ല. പള്ളി പൊളിക്കാനുള്ള ഉത്തരവും, ഗോവധ നിയന്ത്രണ നിയമവും, കേരളത്തിലേക്കുള്ള (ബേപ്പൂര്‍) ദ്വീപുകാരുടെ യാത്ര വിലക്കും അപ്പടി നിലനില്‍ക്കുന്നു. ദ്വീപുകാര്‍ അല്ലാത്തവര്‍ ഉടനടി അവിടം വിടണം, കേരളത്തില്‍ നിന്നുള്ള സേവ് ലക്ഷദ്വീപ് രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് ദ്വീപില്‍ പ്രവേശനം അരുത്, ഓലയും തേങ്ങയും പറമ്പില്‍ കാണരുത് തുടങ്ങി കൂടുതല്‍ കടുത്ത നിയന്ത്രണങ്ങളിലേക്ക് അഡ്മിനിസ്‌ട്രേറ്റര്‍ കടക്കുന്നു. നില്‍ക്കക്കള്ളിയില്ലാത്ത ആ ജനത ഇന്ന് മുതല്‍ നിരാഹാര സമരമുഖത്തേക്ക് നീങ്ങുകയാണ്.

ഒരു ഭാഗത്ത് ഇത്തരം വംശവെറിയുടെ പകപോക്കലിന് സജീവമായി അമിത്ഷാ നേതൃത്വം കൊടുക്കുമ്പോള്‍ തന്നെ, മറുഭാഗത്ത് മാധ്യമങ്ങള്‍ക്ക് മുന്‍പില്‍ ബിജെപിയെ വെള്ള പൂശാന്‍ മുസ്ലിം പണ്ഡിത വേഷധാരിയെ വാടകക്കെടുത്തിരിക്കുകയാണ്. അമിത്ഷായുടെ ഗെയിം കൃത്യമാണ്. സംഘടിതരായ ഇരകള്‍ക്കിടയില്‍ നിന്ന് തനിക്ക് വളയ്ക്കാവുന്ന ഒരു ഒറ്റുകാരനെ പിടികൂടി അവരുടെ ഏകകണ്ഠമായ മുദ്രാവാക്യത്തില്‍ ആശയക്കുഴപ്പമുണ്ടാക്കി ഭിന്നത ഉണ്ടാക്കുക. ബിജെപിക്കെതിരെ ഇതുവരെ ഒരുമിച്ച് നിന്നവര്‍ക്കിടയില്‍ രണ്ട് അഭിപ്രായം ഉണ്ടാക്കാന്‍ ഷായും ശൈഖും നടത്തുന്ന കരുനീക്കം മാത്രമായി കാന്തപുരത്തിന്റെ ഈ ഉറപ്പ് കണ്ടാല്‍ മതി. ഗുജറാത്തില്‍ ലഭിച്ച ഓഫര്‍ പോലെ, ദ്വീപിലെ പുതിയ ടൂറിസം റിയല്‍എസ്റ്റേറ്റ് പദ്ധതിയില്‍ മൂപ്പര്‍ക്ക് അഞ്ചോ പത്തോ ഏക്കര്‍.. അത് തരപ്പെട്ടാല്‍ ആള് ഓക്കെയാണ്. കാലങ്ങള്‍ക്ക് ശേഷം ദ്വീപുകാരുടെ ദുരിതം കണ്ടാല്‍, നിസ്‌കരിക്കാത്തവരെ കരിച്ചു കളയാനുള്ള അല്ലാഹുവിന്റെ നിയോഗമാണ് ഖോഡ പട്ടേലും ഷായുമെന്ന് വരെ തട്ടിവിട്ടാലും അതിന് തസ്വവുഫിന്റെ മാനം ചമയ്ക്കാന്‍ ഒരു ഖൗമ് ബാക്കിയുള്ളപ്പോള്‍ അദ്ദേഹം എന്തിന് മിണ്ടാതിരിക്കണം.

പോരാട്ട ഭൂമിയില്‍ കൂറുമാറ്റവും, ചാരപ്പണിയും, ഒറ്റുകൊടുക്കലും, കൂടെ നിന്ന് ശത്രുവിന്റെ പാവയാകുന്നതും ചരിത്രത്തിലുള്ളതാണ്. പക്ഷേ നാം അവരുടെ ഇരയാകരുത്. ലക്ഷദ്വീപ് ജനതയുടെ അതിജീവനത്തിന് വീണ്ടും വീണ്ടും ഉയരേണ്ടതുണ്ട്.

(സൗദി അറേബ്യയിലെ മുന്‍ എംബസി ഉദ്യോഗസ്ഥനാണ് റഹ്മത്തുള്ള)

Next Story

Popular Stories