ദ്വീപിൽ ഓക്സിജൻ പ്ലാന്റുകൾ സ്ഥാപിച്ചുവെന്ന കളക്ടറുടെ വാദം പൊളിഞ്ഞു; തെളിവുകൾ പുറത്ത്
പിഡബ്ല്യൂഡി എക്സിക്യൂട്ടീവ് എഞ്ചിനീയറാണ് മെഡിക്കൽ ഓക്സിജൻ പൈപ്പ് ലൈനിനുള്ള ടെണ്ടർ ക്ഷണിച്ചത്.
30 May 2021 1:44 AM GMT
റിപ്പോർട്ടർ നെറ്റ്വർക്ക്

കൊച്ചി: ലക്ഷദ്വീപിൽ കൊവിഡ്-19 പ്രതിരോധ പ്രവർത്തനത്തിന്റെ ഭാഗമായി മൂന്ന് ഓക്സിജൻ പ്ലാന്റുകൾ സ്ഥാപിച്ചുവെന്ന കളക്ടർ എസ് അസ്കർ അലിയുടെ അവകാശവാദം തെറ്റാണെന്ന് റിപ്പോർട്ട്. അഗത്തി, കവരത്തി ദ്വീപുകളിൽ മെഡിക്കൽ ഓക്സിജൻ പൈപ്പ് ലൈൻ സ്ഥാപിക്കുന്നതിനുള്ള ടെണ്ടർ നടപടികൾക്കായി അപേക്ഷ ക്ഷണിച്ചതോടെയാണ് കളക്ടറുടെ വാദം പൊളിഞ്ഞത്. പിഡബ്ല്യൂഡി എക്സിക്യൂട്ടീവ് എഞ്ചിനീയറാണ് മെഡിക്കൽ ഓക്സിജൻ പൈപ്പ് ലൈനിനുള്ള ടെണ്ടർ ക്ഷണിച്ചത്. ഇതിന്റെ പകർപ്പ് റിപ്പോർട്ടർ ടിവിക്ക് ലഭിച്ചു.
26-ാം തിയതിയായിരുന്നു കളക്ടറുടെ വാർത്താ സമ്മേളനം നടന്നത്. ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്ററുടെ നിയമ പരിഷ്കാരങ്ങളെ ന്യായീകരിക്കുന്നതായിരുന്നു കളക്ടറുടെ മിക്ക പ്രസ്താവനകളും. കോവിഡ് പ്രതിരോധനത്തിൻറെ ഭാഗമായി മൂന്നു ഓക്സിജൻ പ്ലാൻറുകൾ സ്ഥാപിച്ചുവെന്നാണ് കളക്ടർ വാർത്താ സമ്മേളനത്തിൽ വ്യക്തമാക്കിയത്. എന്നാൽ ഇപ്പോൾ പുറത്തുവന്നിരിക്കുന്ന രേഖകൾ പ്രകാരം ടെൻഡർ ക്ഷണിച്ചത് 28 ആം തിയതിയാണെന്ന് വ്യക്തമാക്കുന്നതാണ്.
നേരത്തെ ദ്വീപിൽ ഇന്റർനെറ്റിന്റെ വേഗത കുറഞ്ഞതായി റിപ്പോർട്ട് പുറത്തുവന്നിരുന്നു. ദ്വീപിൽ ഓൺലൈൻ ക്ലാസ് ആരംഭിക്കാനുള്ള നീക്കം പുരോഗമിക്കവെയാണ് ഇന്റർനെറ്റ് വേഗത കുറഞ്ഞതായി വിവരം ലഭിച്ചത്. വിഷയത്തിൽ ആശങ്ക പ്രകടിപ്പിച്ച് അധ്യാപകർ രംഗത്തുവന്നിട്ടുണ്ട്. ദ്വീപിൽ ഇന്റർനെറ്റ് വിച്ഛേദിക്കപ്പെടുമോയെന്ന ആശങ്ക നേരത്തെ മുതൽ നിലനിന്നിരുന്നു. ഇന്നലെ കോൺഗ്രസ് എംപി ഹൈബി ഈഡനും ഇത് സംബന്ധിച്ച് മുന്നറിയിപ്പ് നൽകിയിരുന്നു. ലക്ഷദ്വീപിൽ ഉടൻ ഇന്റർനെറ്റ് റദ്ദ് ചെയ്യാൻ സാധ്യതയുണ്ടെന്നും സൂക്ഷിക്കണമെന്നുമായിരുന്നു ഹൈബി ഫേസബുക്കിലൂടെ മുന്നറിയിപ്പ് നൽകിയത്.
അഡ്മിനിസ്ട്രേറ്റർ പ്രഫുൽ പട്ടേലിനെതിരായ സമരത്തിൽ ലക്ഷദ്വീപിന് പ്രതിപക്ഷ പാർട്ടികൾ നേരത്തെ പിന്തുണ പ്രഖ്യാപിച്ചിരുന്നു. കേരളാ നിയമസഭ വിഷയത്തിൽ പ്രമേയം പാസാക്കാനിരിക്കുകയാണ്. കോൺഗ്രസ് ദേശീയ നേതാക്കളും ദീപ് ജനതയ്ക്ക് പിന്തുണയുമായി രംഗത്തുവന്നിരുന്നു. കഴിഞ്ഞ ദിവസം ദ്വീപ് കളക്ടറുടെ വാർത്താ സമ്മേളനം നടക്കുമ്പോൾ പുറത്ത് പ്രതിഷേധിച്ച ഡിവൈഎഫ്ഐ പ്രവർത്തകരെ അറസ്റ്റ് ചെയ്ത് നീക്കുകയാണുണ്ടായത്.