Top

‘പ്രഫുൽ അമിത് ഷായുടെ ആളാണ് തൊടാനാവില്ല’; ലക്ഷദ്വീപിലെ ബിജെപി യൂണിറ്റ് എപി അബ്ദുള്ളക്കുട്ടിയെ വിവരമറിയിച്ചിരുന്നതായി സൂചന

പ്രഫുൽ ​ഗോഥാ പട്ടേൽ അമിത് ഷായുടെ അടുത്ത ആളാണെന്നും വിഷയത്തിൽ തനിക്കൊന്നും ചെയ്യാനില്ലെന്ന മറുപടിയുമാണ് അബ്ദുള്ളക്കുട്ടി നൽകിയതെന്നാണ് വിവരം. ലക്ഷദ്വീപ് ബിജെപി യൂണിറ്റുമായി അടുത്ത ബന്ധമുള്ളവരാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്.

24 May 2021 12:36 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

‘പ്രഫുൽ അമിത് ഷായുടെ ആളാണ് തൊടാനാവില്ല’; ലക്ഷദ്വീപിലെ ബിജെപി യൂണിറ്റ് എപി അബ്ദുള്ളക്കുട്ടിയെ വിവരമറിയിച്ചിരുന്നതായി സൂചന
X

കവരത്തി: ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്റർ പ്രഫുൽ ​ഗോഥാ പട്ടേലിനെ മാറ്റണമെന്നാവശ്യപ്പെട്ട് ലക്ഷദ്വീപ് ബിജെപി യൂണിറ്റ് എപി അബ്ദുള്ളക്കുട്ടിയെ ബന്ധപ്പെട്ടിരുന്നായി സൂചന. പ്രഫുൽ ​ഗോഥാ പട്ടേൽ അമിത് ഷായുടെ അടുത്ത ആളാണെന്നും വിഷയത്തിൽ തനിക്കൊന്നും ചെയ്യാനില്ലെന്ന മറുപടിയുമാണ് അബ്ദുള്ളക്കുട്ടി നൽകിയതെന്നാണ് വിവരം. ലക്ഷദ്വീപ് ബിജെപി യൂണിറ്റുമായി അടുത്ത ബന്ധമുള്ളവരാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്. വിഷയത്തിൽ ഒദ്യോ​ഗിക സ്ഥിരീകരണം ഇല്ല.

കഴി‍ഞ്ഞ കുറേ വർഷങ്ങളായി ​ഗുരുതരമായ ഒരു കുറ്റകൃത്യം പോലും രജിസ്റ്റർ ചെയ്യാത്ത ദ്വീപിൽ ​ഗുണ്ടാ ആക്ട് നടപ്പിലാക്കിയതോടെയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി അടുത്ത ബന്ധമുള്ള പ്രഫുൽ പട്ടേൽ വിവാ​​ദങ്ങളിൽ അകപ്പെടുന്നത്. പിന്നീട് 90 ശതമാനം മുസ്ലിങ്ങൾ താമസിക്കുന്ന സ്ഥലത്ത് ബീഫ് നിരോധനം കൊണ്ടുവന്നു. ദ്വീപ് നിവാസികളെ കേസിൽ അകപ്പെടുത്തി ജയിലിൽ അടക്കാൻ പ്രഫുൽ കരുനീക്കങ്ങൾ നടത്തിയതായി റിപ്പോർട്ടുകളുണ്ട്.

ദ്വീപിൽ ഇപ്പോൾ നടക്കുന്ന പ്രതിസന്ധിക്ക് കാരണം പ്രഫുൽ നടപ്പിലാക്കാൻ ശ്രമിക്കുന്ന ടൂറിസം പദ്ധതികളാണെന്നാണ് സൂചന. മദ്യനിരോധനം എടുത്തു കളയുക വഴി ഇതിന് തറക്കല്ലിടുകയും പ്രഫുൽ ചെയ്തു. മാലിദ്വീപിന് സമാനമായി ടൂറിസം ഹ​ബ്ബാക്കി ദ്വീപിനെ മാറ്റുകയാണ് ബിജെപിയുടെ ലക്ഷ്യമെന്നാണ് ദ്വീപിലെ ജനപ്രതിനിധികളും ചൂണ്ടിക്കാണിക്കുന്നത്. വിഷയത്തിൽ കേരളത്തിലെ രാഷ്ട്രീയ സാമൂഹിക രം​ഗത്തുള്ളവർ നിലപാട് വ്യക്തമാക്കിയിട്ടുണ്ട്. ദ്വീപിലെ സമാധാനാ അന്തരീക്ഷം തകർക്കുകയാണ് ബിജെപിയുടെ ലക്ഷ്യമെന്ന് കോൺ​ഗ്രസ് നേതാക്കളും സിപിഐഎമ്മും പ്രതികരിച്ചിരുന്നു.

Next Story