ലക്ഷദ്വീപിലെ അനധികൃത നിര്‍മ്മിതികള്‍ പൊളിച്ച് നീക്കണം; തീരത്തിന് 20 മീറ്ററിനുള്ളിലുള്ള വീടുകള്‍ക്ക് നോട്ടീസ്
ലക്ഷദ്വീപില്‍ വീണ്ടും കടുത്ത തീരുമാനങ്ങള്‍ നടപ്പാക്കാന്‍ ദ്വീപ് ഭരണകൂടത്തിന്റെ നീക്കം. തീരദേശങ്ങളില്‍ അനധികൃതമായി നിര്‍മ്മിച്ച വീടുകളും ശുചിമുറികളും, വാട്ടര്‍ ടാങ്കുകളും പൊളിച്ച് മാറ്റണം എന്നാണ് പുതിയ നിര്‍ദേശം. കടല്‍ തീരത്തിന്റെ 20 മീറ്ററിനുള്ളില്‍ സ്ഥിതി ചെയ്യുന്ന വീടുകള്‍ക്കാണ് നിര്‍ദേശം. ഇക്കാര്യം ചൂണ്ടിക്കാട്ടി ദ്വീപ് ഭരണകൂടം നോട്ടീസും നല്‍കിക്കഴിഞ്ഞു. ഈ മാസം 30നുളളില്‍ കാരണം കാണിക്കല്‍ നോട്ടീസിന് മറുപടി നല്‍കണമെന്നുമാണ് നിര്‍ദേശം. കവരത്തി ബ്ലോക്ക് ഡെവലപ്മെന്റ് ഓഫിസറാണ് നോട്ടീസ് പുറത്തിറക്കിയത്. കവരത്തിയില്‍ 102 വീടുകള്‍ക്കാണ് നിലവില്‍ നോട്ടീസ് ലഭിച്ചിരിക്കുന്നത്. […]
27 Jun 2021 12:07 AM GMT
റിപ്പോർട്ടർ നെറ്റ്വർക്ക്

ലക്ഷദ്വീപില്‍ വീണ്ടും കടുത്ത തീരുമാനങ്ങള്‍ നടപ്പാക്കാന്‍ ദ്വീപ് ഭരണകൂടത്തിന്റെ നീക്കം. തീരദേശങ്ങളില്‍ അനധികൃതമായി നിര്‍മ്മിച്ച വീടുകളും ശുചിമുറികളും, വാട്ടര്‍ ടാങ്കുകളും പൊളിച്ച് മാറ്റണം എന്നാണ് പുതിയ നിര്‍ദേശം. കടല്‍ തീരത്തിന്റെ 20 മീറ്ററിനുള്ളില്‍ സ്ഥിതി ചെയ്യുന്ന വീടുകള്‍ക്കാണ് നിര്‍ദേശം. ഇക്കാര്യം ചൂണ്ടിക്കാട്ടി ദ്വീപ് ഭരണകൂടം നോട്ടീസും നല്‍കിക്കഴിഞ്ഞു. ഈ മാസം 30നുളളില്‍ കാരണം കാണിക്കല്‍ നോട്ടീസിന് മറുപടി നല്‍കണമെന്നുമാണ് നിര്‍ദേശം. കവരത്തി ബ്ലോക്ക് ഡെവലപ്മെന്റ് ഓഫിസറാണ് നോട്ടീസ് പുറത്തിറക്കിയത്.
കവരത്തിയില്‍ 102 വീടുകള്‍ക്കാണ് നിലവില്‍ നോട്ടീസ് ലഭിച്ചിരിക്കുന്നത്. 50 വീടുകള്‍ക്ക് കൂടി നോട്ടീസ് നല്‍കും. നോട്ടീസ് പ്രകാരം അനദികൃത നിര്‍മ്മാണങ്ങള്‍ പൊളിച്ച് നീക്കണം. അല്ലാത്ത പക്ഷം അധികൃതര്‍ ഇടപെട്ട് ഇവ പൊളിച്ചു നീക്കുമെന്നും ഇതിന്റെ ചെലവ് ഉടമകളുടെ കയ്യില്‍ നിന്ന് ഈടാക്കുമെന്നും നോട്ടീസില്‍ വ്യക്തമാക്കുന്നു. നേരത്തെ ദ്വീപിലെ തീരദേശങ്ങളിലെ മത്സ്യബന്ധന ഷെഡുകള്‍ ഭരണകൂടം ഇടപെട്ട് പൊളിച്ചു നീക്കിയിരുന്നു. ഇതിന് പിന്നാലെയാണ് അനധികൃതമായി നിര്‍മിച്ച വീടുകളും ശുചിമുറികളും പൊളിച്ചുമാറ്റണമെന്ന നിര്‍ദേശം നല്‍കുന്നത്.
ലക്ഷദ്വീപിലെ പുരയിടങ്ങളില്‍ ഉള്‍പ്പെടെ തേങ്ങയും ഓലയും മടലും ചിരട്ടയുമൊന്നും വീടിന് പരിസരത്തോ പൊതുയിടങ്ങളിലോ കാണരുതെന്ന ലക്ഷദ്വീപ് ഭരണകൂടത്തിന്റെ ഉത്തരവിനെതിരെ പ്രതിഷേധം ശക്തമാവുന്നതിനിടെയാണ് പുതിയ നോട്ടീസ്. തിങ്കളാഴ്ച പറമ്പില്‍ ഓലമടലുകള്‍ കൂട്ടിയിട്ട് അതിനു മീതെ കിടന്ന് ലക്ഷദ്വീപുകാര്‍ സമരം ചെയ്യാനിരിക്കുകയാണ്. സേവ് ലക്ഷദ്വീപ് ഫോറമാണ് സമരത്തിന് ആഹ്വാനം ചെയ്തത്.
ഓലമടലുള്പ്പെടെയുള്ളവ പ്രകൃതിക്ക് കോട്ടംവരാത്തവിധം ഭൂവുടമ തന്നെ ശാസ്ത്രീയമായി സംസ്കരിക്കണമെന്നാണ് ഭരണകൂടത്തിന്റെ ഉത്തരവ്. തേങ്ങയും ചിരട്ടയും വലിച്ചെറിഞ്ഞാല്‍ 200 രൂപയായിരിക്കും പിഴ. 500 മുതല്‍ 5000 രൂപവരെയാണ് മറ്റ് പിഴത്തുകകള്‍ നിശ്ചയിച്ചിരിക്കുന്നത്. എന്നാല്‍ തെങ്ങുനിറഞ്ഞ ലക്ഷദ്വീപില്‍ ഉത്തരവ് പ്രായോഗികമല്ലെന്ന് ദ്വീപുനിവാസികളുടെ വാദം. മാലിന്യസംസ്കരണത്തിന് ശാസ്ത്രീയമായ സംവിധാനമൊന്നും ഒരുക്കിയിട്ടില്ലെന്നും പ്രദേശവാസികള്‍ ചൂണ്ടിക്കാട്ടുന്നു.