വിദേശത്ത് നിന്ന് എത്തിയ ഓക്സിജനും മരുന്നുകളുമെവിടെ? അമേരിക്കയില്‍ നിന്നടക്കം ചോദ്യങ്ങള്‍; ഉത്തരം മുട്ടി മന്ത്രാലയങ്ങള്‍
കൊവിഡ് മഹാമാരിക്കെതിരായ രാജ്യത്തിന്റെ പോരാട്ടത്തില്‍ പിന്തുണയറിയിച്ച് വിദേശ രാജ്യങ്ങളില്‍ നിന്ന് ഇന്ത്യയിലേക്ക് സഹായങ്ങള്‍ പറന്നെത്തുകയാണ്. മെയ് മൂന്ന് വരെ 14 വിദേശരാജ്യങ്ങളില്‍ നിന്നാണ് ഇന്ത്യയിലേക്ക് സഹായങ്ങള്‍ എത്തിയത്. എന്നാല്‍ ഇത്തരത്തില്‍ രാജ്യത്തേക്കെത്തുന്ന വിദേശസഹായങ്ങളുടെ വിതരണത്തിന്റെ സുതാര്യത ചോദ്യം ചെയ്യപ്പെടുന്ന ഒരു സാഹചര്യമാണ് നിലവിലുളളത്. ഇതുസംബന്ധിച്ച് യുഎസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റില്‍ ചോദ്യം ഉയര്‍ന്നുകഴിഞ്ഞു. പിന്നാലെ ഇന്ത്യയിലും വിദേശ സഹായം സംബന്ധിച്ച വിവരങ്ങളിലെ ആശയക്കുഴപ്പം ചര്‍ച്ചയാകുന്നുണ്ട്. ഇന്ത്യ ടുഡേ അടക്കമുള്ള പല ദേശീയ, അന്തര്‍ദ്ദേശീയ മാധ്യമങ്ങളും ഇത്തരത്തില്‍ ഇന്ത്യയില്‍ എത്തിച്ചേരുന്ന […]

കൊവിഡ് മഹാമാരിക്കെതിരായ രാജ്യത്തിന്റെ പോരാട്ടത്തില്‍ പിന്തുണയറിയിച്ച് വിദേശ രാജ്യങ്ങളില്‍ നിന്ന് ഇന്ത്യയിലേക്ക് സഹായങ്ങള്‍ പറന്നെത്തുകയാണ്. മെയ് മൂന്ന് വരെ 14 വിദേശരാജ്യങ്ങളില്‍ നിന്നാണ് ഇന്ത്യയിലേക്ക് സഹായങ്ങള്‍ എത്തിയത്.
എന്നാല്‍ ഇത്തരത്തില്‍ രാജ്യത്തേക്കെത്തുന്ന വിദേശസഹായങ്ങളുടെ വിതരണത്തിന്റെ സുതാര്യത ചോദ്യം ചെയ്യപ്പെടുന്ന ഒരു സാഹചര്യമാണ് നിലവിലുളളത്. ഇതുസംബന്ധിച്ച് യുഎസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റില്‍ ചോദ്യം ഉയര്‍ന്നുകഴിഞ്ഞു. പിന്നാലെ ഇന്ത്യയിലും വിദേശ സഹായം സംബന്ധിച്ച വിവരങ്ങളിലെ ആശയക്കുഴപ്പം ചര്‍ച്ചയാകുന്നുണ്ട്.
ഇന്ത്യ ടുഡേ അടക്കമുള്ള പല ദേശീയ, അന്തര്‍ദ്ദേശീയ മാധ്യമങ്ങളും ഇത്തരത്തില്‍ ഇന്ത്യയില്‍ എത്തിച്ചേരുന്ന സഹായങ്ങളുടെ വിതരണത്തെക്കുറിച്ചുള്ള വിവരങ്ങള്‍ ശേഖരിക്കാന്‍ ശ്രമം നടത്തിയെങ്കിലും അതൊന്നും വിജയിച്ചില്ല.
വിദേശസഹായം വിതരണം ചെയ്യുന്നത് സംബന്ധിച്ച വിവരങ്ങള്‍ക്ക് ഏത് ഏജന്‍സിയെ, വെബ്സൈറ്റിനെ ഉദ്യോഗസ്ഥനെ സമീപിക്കണം എന്ന വ്യക്തതയില്ലായ്മയില്‍ നിന്ന് ആരംഭിക്കുന്നതാണ് ഈ സുതാര്യതയുടെ അഭാവം.

സര്‍ക്കാരിന്റെ ഭാഗത്തുനിന്നാണെങ്കില്‍ ഒരു മന്ത്രാലയം എന്ത് ചെയ്യുന്നു എന്ന് മറ്റ് മന്ത്രാലയങ്ങള്ക്കറിയില്ലാത്ത അവസ്ഥയാണ്.
ആരോഗ്യ മന്ത്രാലയമാണ് വിതരണത്തെ സംബന്ധിച്ച പ്രവര്‍ത്തനങ്ങള്‍ നിരീക്ഷിക്കുന്നതെന്ന് ചില ഉത്തരവാദിത്വപ്പെട്ട ഉദ്യോഗസ്ഥര്‍ അറിയിക്കുമ്പോള്‍ ആരോഗ്യ മന്ത്രാലയത്തിലെ ഉന്നത ഉദ്യോഗസ്ഥര്‍ വിദേശകാര്യ മന്ത്രാലയത്തെ (എംഇഎ) ചൂണ്ടിക്കാട്ടിയാണ് കൈയ്യൊഴിയുന്നത്.
വിദേശത്തുള്ള സ്വകാര്യ, സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ നിന്ന് ഇന്ത്യന്‍ സര്‍ക്കാരിലേക്കെത്തുന്ന എല്ലാ സഹായങ്ങളും ഇന്ത്യന്‍ റെഡ് ക്രോസ് സ്വീകരിക്കുന്നുണ്ടെന്നും അത് എംഇഎയ്ക്ക് കൈമാറുകയും പിന്നീട് ആരോഗ്യ മന്ത്രാലയത്തിന്റെയും ആഭ്യന്തര മന്ത്രാലയത്തിന്റെയും ഏകോപനത്തില്‍ ആഭ്യന്തര വിതരണത്തിനായി നല്‍കുകയും ചെയ്യുന്നുവെന്നാണ് ഒരു ഉദ്യോഗസ്ഥന് ഇന്ത്യ ടുഡേയോട് പറഞ്ഞത്.
ഗതാഗത സെക്രട്ടറിയുടെ നേതൃത്വത്തില്‍ ഒരു ‘എംപവേര്‍ഡ് ഗ്രൂപ്പ്’ എന്ന നിലയില്‍ ഒരു സംഘത്തെ രൂപപ്പെടുത്തിയിട്ടുണ്ടെന്നും ഇവര്‍ക്കാണ് വിതരണത്തിന്റെ ചുമതലയെന്നും ഈ ഉദ്യോഗസ്ഥന് അവകാശപ്പെടുന്നു. അതേസമയം, വിദേശത്തുനിന്നെത്തിയ ചരക്കുകളെക്കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക് വ്യക്തത വരുത്താന്‍ ഒരു മന്ത്രാലയത്തിനും കഴിഞ്ഞിട്ടില്ല.

ഇതിനിടെ കഴിഞ്ഞ വ്യാഴാഴ്ച യുഎസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റിന്റെ വാര്‍ത്താസമ്മേളനത്തിനിടെ ഒരു മാധ്യമപ്രവര്ത്തകന് ഈ വിഷയത്തില്‍ ചോദ്യമുന്നയിച്ചു.
‘ഈ സഹായങ്ങള്‍ ലഭിക്കാന്‍ ജനങ്ങള്‍ക്ക് അപേക്ഷിക്കാന്‍ കഴിയുന്ന ഒരു വെബ്സൈറ്റോ സുതാര്യമായ സംവിധാനമോ ഇന്ത്യയില്‍ ഇല്ല. അതിനാല്‍ ഇത്തരത്തില്‍ ചിലവഴിക്കപ്പെടുന്ന യുഎസിലെ നികുതിദായകരുടെ പണത്തെക്കുറിച്ചുള്ള ഉത്തരവാദിത്വം പരിഗണിച്ച് നമ്മള് നല്കുന്ന സഹായം എങ്ങനെ വിതരണം ചെയ്യപ്പെടുന്നു എന്ന് കണ്ടെത്താന്‍ എന്തെങ്കിലും നടപടികളുണ്ടാകുന്നുണ്ടോ’, എന്നായിരുന്നു അദ്ദേഹത്തിന്റെ ചോദ്യം.
എത്രമാത്രം ഓക്സിജന്‍ കോണ്‍സണ്‍ട്രേറ്ററുകളും മരുന്നുകകളും ഇന്ത്യയിലേക്ക് എത്തുന്നുവെന്നോ അതെല്ലാം ആര് കൈകാര്യം ചെയ്യുന്നുവെന്നോ അവരുടെ ഡല്‍ഹി റിപ്പോര്‍ട്ടര്‍ക്ക് കണ്ടെത്താനായില്ല എന്ന ആശങ്കയും മാധ്യമപ്രവര്ത്തകന് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റിനെ അറിയിച്ചു.
ഇതിന് വിദേശ സഹായം സംബന്ധിച്ച വിവരങ്ങള്‍ ലഭ്യമാക്കാന്‍ ഇന്ത്യയില്‍ ഒരു പ്രത്യേക വെബ്സൈറ്റ് പ്രവര്‍ത്തിക്കുന്നതിനെക്കുറിച്ച് ഒരു വിവരവും ലഭ്യമല്ലെന്നായിരുന്നു ചോദ്യത്തിന് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റ് ഡെപ്യൂട്ടി വക്താവ് ജലീന പോര്‍ട്ടര്‍ നല്കിയ മറുപടി.

പ്രതിസന്ധി ഘട്ടങ്ങളില്‍ ഇന്ത്യയെ പിന്തുണയ്ക്കാന്‍ തങ്ങള്‍ പ്രതിജ്ഞാബദ്ധരാണെന്നും ഇപ്പോള്‍ നല്‍കിവരുന്ന സഹായത്തിന് പുറമെ കൂടുതല്‍ സഹായങ്ങല്‍ ലഭ്യമാക്കി വരികയാണെന്നും ജലീന പോര്‍ട്ടര്‍ വ്യക്തമാക്കി. ഓക്സിജന്‍ സിലിണ്ടറുകള്‍, റെഗുലേറ്ററുകള്‍, പള്‍സ് ഓക്സിമീറ്ററുകള്‍, എന്‍95 മാസ്കുകള്‍ എന്നിവ ആ സഹായത്തില്‍ ഉള്‍പ്പെടുന്നുവെന്നും അതിലൂടെ ഇന്ത്യയിലെ മുന്‍നിര ആരോഗ്യ പ്രവര്‍ത്തകരുടെ സുരക്ഷ ഉറപ്പുവരുത്തുകയാണ് ലക്ഷ്യമെന്നും അവര്‍ അറിയിച്ചു. വിതരണത്തെ സംബന്ധിച്ച മാധ്യമപ്രവര്‍ത്തകന്റെ ചോദ്യത്തില്‍ നിന്ന് ഒഴിഞ്ഞുമാറിക്കൊണ്ടായിരുന്നു ഈ മറുപടി.
ഇന്ത്യയില്‍ ഈ ഉപകരണങ്ങളുടെ വിതരണ ചുമതലയുള്ള ആരോഗ്യ മന്ത്രാലയത്തിലെ ഉദ്യോഗസ്ഥരെ വിവരങ്ങള്‍ക്കായി സമീപിക്കുമ്പോള്‍ ഇക്കാര്യത്തില്‍ പ്രതികരിക്കാന്‍ അവര്‍ വിസമ്മതിക്കുകയാണെന്നാണ് ഇന്ത്യ ടുഡേ റിപ്പോര്‍ട്ട് ചെയ്യുന്നത്.
ആരോഗ്യ മന്ത്രാലയത്തിന്റെ കൊവിഡ് ടാസ്ക് ഫോഴ്സില്‍ നിന്ന് ലഭിക്കുന്ന വിവരങ്ങള്‍ അനുസരിച്ച്, സര്‍ക്കാരിന്റെ സംഭരണത്തിലുള്ള ഓക്സിജന്‍ കോണ്‍സെന്‍ട്രേറ്ററുകളുടെ വിതരണം മെയ് 5 നകം ആരംഭിക്കും. ഇതിനുപുറമെ പിഎം-കെയേഴ്സ് ഫണ്ടിനു കീഴില്‍ കേന്ദ്ര സര്‍ക്കാരും വിതരണത്തിനുള്ള ഉത്തവിന് ഒരുങ്ങുകയാണ്. ടെന്‍ഡര്‍ പ്രക്രിയയിലൂടെയായിരിക്കും ഇത് നടപ്പിലാക്കുക എന്ന സൂചനയാണ് പുറത്തുവരുന്നത്.
എന്നാല്‍ സംസ്ഥാനങ്ങള്‍ക്ക് വിതരണം ചെയ്യാനിരിക്കുന്ന ഓക്സിജന്‍ കോണ്സണ്ട്രേറ്ററുകളെക്കുറിച്ചുള്ള വിവരങ്ങള്‍ ഇതുവരെ കേന്ദ്രസര്‍ക്കാര്‍ വെളിപ്പെടുത്തിയിട്ടില്ല.
വിദേശസഹായത്തെക്കുറിച്ചും സംസ്ഥാനങ്ങളിലേക്കുള്ള വിതരണത്തെക്കുറിച്ചും ഉള്ള ചോദ്യത്തിന് ആരോഗ്യ മന്ത്രാലയവക്താവ് ലാവ് അഗര്‍വാള്‍ വെള്ളിയാഴ്ച പത്രസമ്മേളനത്തില്‍ നല്കിയ മറുപടിയില്‍ പറയുന്നത് ആരോഗ്യ മന്ത്രാലയം വിവരങ്ങള്‍ പഠിച്ചുവരികയാണെന്നും കണക്കുകള്‍ ശേഖരിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണെന്നുമാണ്.
ഇതുവരെ യുകെ, മൗറീഷ്യസ്, സിംഗപ്പൂര്‍, റഷ്യ, യുഎഇ, അയര്‍ലന്‍ഡ്, റൊമാനിയ, യുഎസ്എ, തായ്ലന്ഡ്, ജര്‍മ്മനി, ഉസ്ബെക്കിസ്ഥാന്, ഫ്രാന്‍സ്, ബെല്‍ജിയം, ഇറ്റലി തുടങ്ങിയ 14 രാജ്യങ്ങളില്‍ നിന്നാണ് ഇന്ത്യയിലേക്ക് അടിയന്തര കൊവിഡ് സഹായമെത്തിയത്.
Also Read: ഇന്ത്യയിലെ ശക്തി കേന്ദ്രങ്ങളില്‍ നിന്നും വാക്സിനായി നിരന്തര ഭീഷണി; അഡാര്‍ പൂനാവാല ഇന്ത്യ വിട്ടു