Top

സ്ഥാനാര്‍ത്ഥി പട്ടികയില്‍ വനിതകള്‍ക്ക് പരിഗണന നല്‍കണമായിരുന്നുവെന്ന് കെ വി തോമസ്; ‘പ്രശ്‌നങ്ങളില്‍ ഉടന്‍ പരിഹാരം’

കൊച്ചി: കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ത്ഥി പട്ടികയില്‍ വനിതാ സ്ഥാനാര്‍ത്ഥികള്‍ക്ക് വേണ്ട പരിഗണന നല്‍കാതിരുന്നതില്‍ വിമര്‍ശനവുമായി കോണ്‍ഗ്രസ് വര്‍ക്കിംഗ് കമ്മിറ്റി പ്രസിഡന്റ്‌ കെവി തോമസ്. എറണാകുളത്ത് സ്ഥാനാര്‍ത്ഥികളായി വനിതകളെ പരിഗണിക്കണമെന്ന് താന്‍ ആവശ്യപ്പെട്ടിരുന്നുവെന്നും കെ വി തോമസ് പറഞ്ഞു. കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ത്ഥി പട്ടിക പ്രഖ്യാപിച്ചതിന് ശേഷം പാര്‍ട്ടിക്കുള്ളില്‍ പ്രശ്‌നങ്ങള്‍ ഉണ്ടായി. സ്ത്രീകള്‍ക്ക് അവസര നല്‍കേണ്ടിയിരുന്നു. എറണാകുളത്ത് താന്‍ ഈ ആവശ്യം ഉയര്‍ത്തിയിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി. ഒരാള്‍ക്ക് ഒരു പദവി എന്ന നിലയിലായിരുന്നു സാഹചര്യമെങ്കില്‍ ഇങ്ങനെയൊന്നും ഉണ്ടാകുമായിരുന്നില്ല. ഇതിനുടനടി പരിഹാരം കാണുമെന്നും […]

14 March 2021 11:53 PM GMT

സ്ഥാനാര്‍ത്ഥി പട്ടികയില്‍ വനിതകള്‍ക്ക് പരിഗണന നല്‍കണമായിരുന്നുവെന്ന് കെ വി തോമസ്; ‘പ്രശ്‌നങ്ങളില്‍ ഉടന്‍ പരിഹാരം’
X

കൊച്ചി: കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ത്ഥി പട്ടികയില്‍ വനിതാ സ്ഥാനാര്‍ത്ഥികള്‍ക്ക് വേണ്ട പരിഗണന നല്‍കാതിരുന്നതില്‍ വിമര്‍ശനവുമായി കോണ്‍ഗ്രസ് വര്‍ക്കിംഗ് കമ്മിറ്റി പ്രസിഡന്റ്‌ കെവി തോമസ്. എറണാകുളത്ത് സ്ഥാനാര്‍ത്ഥികളായി വനിതകളെ പരിഗണിക്കണമെന്ന് താന്‍ ആവശ്യപ്പെട്ടിരുന്നുവെന്നും കെ വി തോമസ് പറഞ്ഞു.

കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ത്ഥി പട്ടിക പ്രഖ്യാപിച്ചതിന് ശേഷം പാര്‍ട്ടിക്കുള്ളില്‍ പ്രശ്‌നങ്ങള്‍ ഉണ്ടായി. സ്ത്രീകള്‍ക്ക് അവസര നല്‍കേണ്ടിയിരുന്നു. എറണാകുളത്ത് താന്‍ ഈ ആവശ്യം ഉയര്‍ത്തിയിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി. ഒരാള്‍ക്ക് ഒരു പദവി എന്ന നിലയിലായിരുന്നു സാഹചര്യമെങ്കില്‍ ഇങ്ങനെയൊന്നും ഉണ്ടാകുമായിരുന്നില്ല. ഇതിനുടനടി പരിഹാരം കാണുമെന്നും കെവി തോമസ് വ്യക്തമാക്കി.

സ്ഥാനാര്‍ത്ഥി പ്രഖ്യാപനത്തിന് പിന്നാലെ കോണ്‍ഗ്രസില്‍ വന്‍ പൊട്ടിത്തെറികളാണ് വിവിധ ഇടങ്ങളിലായി ഉണ്ടായത്. മഹിളാ കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷ ലതികാ സുഭാഷ് രാജിവെച്ചു. കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ത്ഥി പട്ടികയില്‍ സ്ത്രീകളെ പരിഗണിക്കാത്തതില്‍ പ്രതിഷേധിച്ചായിരുന്നു രാജി. കെപിസിസി ആസ്ഥാനത്തിന് മുന്നില്‍ തല മുണ്ഡനം ചെയ്തായിരുന്നു ലതിക സുഭാഷ് പ്രതിഷേധം അറിയിച്ചത്. കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍ കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചതിന് പിന്നാലെയായിരുന്നു ലതിക സുഭാഷ് രാജിവെച്ചത്. ’32 വര്‍ഷമായി കേരളത്തില്‍ പ്രവര്‍ത്തിച്ച ഒരു പൊതു പ്രവര്‍ത്തക എന്ന നിലയില്‍ ഏതെങ്കിലും ഒരു അപ്പക്കഷ്ണത്തിന് വേണ്ടി കാത്തിരിക്കുന്നതിലും നല്ലത് ഇത്തരമൊരു നിലപാടാണ്. ഇനിയെങ്കിലും കോണ്‍ഗ്രസ് പാര്‍ട്ടി നിലപാടെടുത്ത് സ്ത്രീകളെ അംഗീകരിക്കണം. അതിന് വേണ്ടിയാണ് ഞാനിത് ചെയ്യുന്നത്. ആരോടും പരിഭവമില്ല. ആരോടുമുള്ള പോരല്ല. ഞാന്‍ വേറൊരു പാര്‍ട്ടിയിലും പോവില്ല. ഏറ്റുമാനൂരില്‍ സ്വതന്ത്രയായി മത്സരിക്കണമെന്ന് എന്നോട് എല്ലാവരും പറയുന്നുണ്ട്. അതേക്കുറിച്ചൊന്നും ചിന്തിച്ചിട്ടില്ല’, അവര്‍ വ്യക്തമാക്കി.

പാര്‍ട്ടിക്കുവേണ്ടി അലയുന്ന സ്ത്രീകളെ കോണ്‍ഗ്രസ് പരിഗണിച്ചതേ ഇല്ല. ഒരു ജില്ലയില്‍ ഒരു വനിതയെ എങ്കിലും പ്രതീക്ഷിച്ചു. എന്നാല്‍ അതുണ്ടായില്ല. ഷാനിമോള്‍ ഉസ്മാന്‍ അടക്കമുള്ളവര്‍ക്ക് സീറ്റ് കിട്ടിയതില്‍ സന്തോഷിക്കുന്നെന്നും അവര്‍ പറഞ്ഞു. ഏറ്റുമാനൂര്‍ സീറ്റ് താന്‍ പ്രതീക്ഷിച്ചിരുന്നു. 16 വയസ്സു മുതല്‍ ഈ പ്രസ്ഥാനത്തോടൊപ്പം നില്‍ക്കുന്ന ആളാണ് താന്‍. ഇപ്പോള്‍ എംഎല്‍എമാരായി ഇരിക്കുന്ന അനിയന്മാരേക്കാളും സീനിയോരിറ്റി തനിക്കുണ്ട്. എല്ലാ തെരഞ്ഞെടുപ്പിലും താന്‍ തഴയപ്പെടുകയാണെന്നും അവര്‍ പറഞ്ഞു.

അതേസമയം ലതിക സുഭാഷ് ഏറ്റുമാനൂരില്‍ സ്വതന്ത്രയായി മത്സരിച്ചേക്കുമെന്ന റിപ്പോര്‍ട്ടുകളും ഉയര്‍ന്നുവരുന്നുണ്ട്. ഒരു പാര്‍ട്ടിയും പിന്തുണയില്ലെങ്കിലും ഏറ്റുമാനൂരില്‍ വിജയിക്കാനാവുമെന്ന് ലതിക സുഭാഷ് മാധ്യമങ്ങളോട് പ്രതികരിച്ചു. കൂടുതല്‍ ആലോചിച്ച ശേഷം ഇക്കാര്യത്തില്‍ തീരുമാനമെടുക്കുമെന്നും ലതിക സുഭാഷ് പ്രതികരിച്ചു. ഇത് സംബന്ധിച്ചുള്ള പ്രഖ്യാപനം ഇന്നുണ്ടായേക്കും.

Next Story