ഹാട്രിക് ജയത്തിനായി അരയും തലയും മുറുക്കിയ ഷാജി തോറ്റമ്പി;അഴീക്കോട് കെവി സുമേഷിന് മിന്നുന്ന ജയം

തുടർച്ചയായി മൂന്നാം തവണയും അഴീക്കോട് വിജയമുറപ്പിച്ച് മത്സരംഗത്തേക്കിറങ്ങിയ കെ എം ഷാജിക്ക് നിരാശ നൽകി അഴീക്കോട്. ഹാട്രിക് വിജയത്തിനായാണ് അഴീക്കോട് കെ എം ഷാജി അരയും തലയും മുറുക്കി ഇറങ്ങിയത്. എന്നാൽ കെ വി സുമേഷ് എതിരായി വന്നതോടെ കെ എം ഷാജി തോൽവിയേറ്റു വാങ്ങുകയായിരുന്നു. ഇതോടെ യു ഡി എഫിൻ്റെ അവസ്ഥയും ദയനീയമാണ്.

കണ്ണൂർ ചാല ചിന്മയ മിഷൻ സ്കൂളിലാണ് അഴീക്കോട് മണ്ഡലത്തിൻ്റെ വോട്ടെണ്ണിയത്. രാവിലെ തന്നെപോസ്റ്റൽ വോട്ട് എണ്ണുന്നതിനെ ചൊല്ലി തർക്കവും രൂപപ്പെട്ടിരുന്നു. തുടർന്ന് വോട്ടെണ്ണൽ നിർത്തിവെക്കുകയും ചെയ്തു. എട്ട് മണിക്ക് തന്നെ പോസ്റ്റൽ വോട്ട് എണ്ണാൻ ആരംഭിച്ചിരുന്നു. എണ്ണാൻ തുടങ്ങിയപ്പോൾ കെ എം ഷാജി യാ ണ് മുന്നിലെത്തിയത് .തുടർന്ന് സുമേഷ് മുന്നേറുകയായിരുന്നു. ഇതിനിടെയാണ് തർക്കമുണ്ടായത്. തുടർന്ന് പോസ്റ്റൽ വോട്ട് മാറ്റി വച്ച് ഇ വി എം എണ്ണാൻ ആരംഭിക്കുകയായിരുന്നു.

അഴീക്കോട്ടും കൂത്തുപറമ്പിലുമാണ് മുസ്‌ലിം ലീഗിൻ്റെ സ്ഥാനാർത്ഥികൾ മത്സരിച്ചത്. ഈ രണ്ട് മണ്ഡങ്ങളിലും മുസ്ലിം ലീഗ് ദയനീയ പരാജയമാണ് നേരിട്ടത്. അഴീക്കോട് കെ എം ഷാജി വൻ വിജയപ്രതീക്ഷയിലായിരുന്നു. എന്നാൽ ഷാജിക്കെതിരെയുണ്ടായ വിവാദങ്ങളും മറ്റും വോട്ട് കുറയാൻ കാരണമായെന്നാണ് ലീഗ് നേതൃത്വം കണക്കാക്കുന്നത്. സ്വന്തം പാർട്ടിയിൽ നിന്ന് തന്നെ ഉയർന്നു വന്ന പ്ലസ് ടു കോഴക്കേസ് വിവാദവും, വിജിലൻസ് അന്വേഷണവും, ചെറുതൊന്നുമല്ല ഷാജിക്ക് വിനയായത്.

ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റായി മികച്ച ഭരണവും ജനകീയ നേതാവെന്ന പ്രതിഛായയും എൽ ഡി എഫ് സ്ഥാനാർഥി കെവി സുമേഷിനെ തുണച്ചു. അങ്ങനെ വിജയം സുമേഷ് ഉറപ്പിക്കുകയും ചെയ്തു. കെ എം ഷാജിക്ക് മുൻപ് അഴീക്കോട് സി പി എമ്മിൻ്റെ പ്രകാശൻ മാസ്റ്ററുടെ കൈയിലായിരുന്നു. നഷ്ടപ്പെട്ടു പോയ മണ്ഡലം സുമേഷിലൂടെ വീണ്ടും തിരിച്ചുപിടിച്ച സന്തോഷത്തിലാണ് സി പി എം. കെ വി സുമേഷ് പൊട്ടങ്കണ്ടി അബ്ദുള്ളയെ മുന്നിൽ നിർത്തി കൂത്തുപറമ്പ് തിരിച്ചുപിടിക്കാമെന്ന ലീഗിൻ്റെ ശ്രമവും പാഴായി. യു ഡി എഫിനെ സംബന്ധിച്ചിടത്തോളം കണ്ണൂർ ജില്ലയിൽ വൻ തിരിച്ചടിയാണ് നേരിട്ടത്.

Covid 19 updates

Latest News