‘കുറുങ്കുഴല്‍, നെടുങ്കുഴല്‍, പുല്ലാംങ്കുഴല്‍’; കുഴല്‍ ഊതാനുപയോഗിക്കുന്ന മുള മാത്രമല്ല

കുഴല്‍ എന്നു കേട്ടാല്‍ തീയില്‍ ഊതാന്‍ ഉപയോഗിക്കുന്ന മുള, ഇരുമ്പു തണ്ട്, പൈപ്പുകള്‍ എന്നിവ കൊണ്ട് നിര്‍മ്മിച്ച വസ്തുവാണെന്നാണ് പൊതുവെ മലയാളികള്‍ ഓര്‍ക്കുക. കുഴല്‍ ഒരു വാദ്യോപകരണത്തിന്റെ പേരു കൂടിയാണെന്ന് പലര്‍ക്കും അറിയില്ല. തൃശൂര്‍ പൂരത്തില്‍ കുഴല്‍ വാദ്യം കാണാത്ത മലയാളികള്‍ ഉണ്ടാവില്ലെങ്കിലും പേരിനെക്കുറിച്ചുള്ള ധാരണ പലര്‍ക്കുമില്ല. സംഗീത മേഖലയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നവര്‍ക്ക് പക്ഷേ ഈ വാദ്യോപകരം വലിയ പ്രസിദ്ധിയുള്ളതാണ്.

ക്ഷേത്രങ്ങളില്‍ ഉപയോഗിക്കുന്ന ഒരു പ്രധാന വാദ്യമാണ് കുഴല്‍. ഇത് സുഷിരവാദ്യത്തിന്റെ ശ്രേണിയില്‍ പെടുന്നു. കുറുങ്കുഴല്‍, നെടുങ്കുഴല്‍, പുല്ലാംങ്കുഴല്‍ എന്നീ വിഭാഗങ്ങളും ഈ വാദ്യത്തില്‍ പെടുന്നു. കുറുങ്കുഴലും നെടുങ്കുഴലുമാണ് ക്ഷേത്രാചാരങ്ങളില്‍ ഉപയോഗിക്കുന്നത്. പുല്ലാങ്കുഴല്‍ പ്രധാനമായും കച്ചേരികള്‍ക്കാണ് ഉപയോഗിക്കുന്നത്. കുറുങ്കുഴലിന് ഏകദേശം ഒരുമുഴം നീളമുണ്ടായിരിക്കും. മുരടില്‍ (ഊതുന്ന വശം) ഒരുതരം പുല്ലാണ് ഉപയോഗിക്കുന്നത്.

ഉച്ഛ്വാസവായു ഉപയോഗിച്ച് വായിക്കുന്ന ഉപകരണമാണ് സുഷിരവാദ്യങ്ങള്‍. മുള, തടി, ലോഹം എന്നിവയില്‍ പ്രത്യേക ക്രമത്തില്‍ സുഷിരങ്ങളിട്ട് ഉച്ഛ്വാസവായു അവയില്‍ കൂടി കടത്തി വിടുന്നു. സുഷിരങ്ങളില്‍ നിന്ന് പുറത്തു വരുന്ന വായുവിനെ വിരലുകള്‍ കൊണ്ടു നിയന്ത്രിച്ച് മധുരോദാരമായ നാദമുണ്ടാക്കുന്നു. ഉച്ഛ്വാസവായു ഒരൊറ്റ ഘട്ടമായി പുറത്തേയ്ക്ക് വന്നു നാദമുണ്ടാക്കുന്ന സുഷിരവാദ്യങ്ങളുമുണ്ട്. ശംഖ്, കുറുംകുഴല്‍, കൊമ്പ്, നാഗസ്വരം, ഓടക്കുഴല്‍ തുടങ്ങിയവയാണ് കേരളത്തില്‍ ഉപയോഗിച്ചു വരുന്ന പ്രധാന സുഷിരവാദ്യങ്ങള്‍. കുഴല്‍ മുഖ്യവാദ്യമായ ഒരു കലാരൂപമാണ് കുഴല്‍ പറ്റ്. കുറുങ്കുഴലാണ് ഇതിനുപയോഗിക്കുന്നത്. കുഴലിനൊപ്പം ഇടന്തലച്ചെണ്ട,ഇലത്താളം എന്നിവയും ഉപയോഗിക്കുന്നു.

വിവരങ്ങൾക്ക് കടപ്പാട്: വിക്കിപീഡിയ

Covid 19 updates

Latest News