Top

‘ഓര്‍ഡിനന്‍സ് പരിധിയില്‍ മാധ്യമങ്ങളെ ഉള്‍പ്പെടുത്തിയ സര്‍ക്കാര്‍ നടപടി ദൗര്‍ഭാഗ്യകരം’; മാധ്യമങ്ങള്‍ക്ക് മൂക്ക് കയറിടാനുള്ള ശ്രമം പിന്‍വലിക്കണമെന്ന് കെയുഡബ്ല്യുജെ

സുസ്ഥിര ജനാധിപത്യ വ്യവസ്ഥയുടെയും അടിസ്ഥാനം ശക്തമായ മാധ്യമങ്ങളായിരിക്കെ അതിന് തടയിടുന്ന പൊലീസ് നീക്കത്തെ മാധ്യമ സ്വാതന്ത്യത്തിനെതിരായ കടന്ന് കയറ്റമായെ കാണാനാകുവെന്ന് കേരള പത്രപ്രവര്‍ത്തക യൂണിയന്‍ പ്രസിഡന്റ് കെ പി റെജി.

22 Oct 2020 6:54 AM GMT

‘ഓര്‍ഡിനന്‍സ് പരിധിയില്‍ മാധ്യമങ്ങളെ ഉള്‍പ്പെടുത്തിയ സര്‍ക്കാര്‍ നടപടി ദൗര്‍ഭാഗ്യകരം’; മാധ്യമങ്ങള്‍ക്ക് മൂക്ക് കയറിടാനുള്ള ശ്രമം പിന്‍വലിക്കണമെന്ന് കെയുഡബ്ല്യുജെ
X

സുസ്ഥിര ജനാധിപത്യ വ്യവസ്ഥയുടെയും അടിസ്ഥാനം ശക്തമായ മാധ്യമങ്ങളായിരിക്കെ അതിന് തടയിടുന്ന പൊലീസ് നീക്കത്തെ മാധ്യമ സ്വാതന്ത്യത്തിനെതിരായ കടന്ന് കയറ്റമായെ കാണാനാകുവെന്ന് കേരള പത്രപ്രവര്‍ത്തക യൂണിയന്‍ പ്രസിഡന്റ് കെ പി റെജി. സൈബര്‍ അതിക്രമങ്ങള്‍ തടയുന്നതിന് പൊലീസ് ആക്ട് ഭേദഗതി ചെയ്തു കൊണ്ടുവരുന്ന ഓര്‍ഡിനന്‍സ് പരിധിയില്‍ മാധ്യമങ്ങളെയും ഉള്‍പ്പെടുത്തിയ സര്‍ക്കാര്‍ നടപടിയോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. നടപടി ദൗര്‍ഭാഗ്യകരമാണെന്നും അദ്ദേഹം പ്രതികരിച്ചു.

അധികാരികള്‍ക്ക് ഹിതകരമല്ലാത്ത എന്തിനെയും ക്രിമിനല്‍ കുറ്റമായി ചിത്രീകരിച്ചു നടപടിയെടുക്കാനുള്ള വ്യവസ്ഥകള്‍ ബോധപൂര്‍വമോ അല്ലാതെയോ ഈ ഭേദഗതിയില്‍ ഉള്‍പ്പെടുന്നതായി മനസ്സിലാക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.

അപകീര്‍ത്തി കേസുകളില്‍നിന്നു വ്യത്യസ്തമായി, ഏതൊരാള്‍ക്കും പരാതി കൊടുക്കാമെന്നും അല്ലെങ്കില്‍ പൊലീസ് ഉദ്യോഗസ്ഥന് സ്വമേധയാ കേസെടുക്കാമെന്നുമുള്ള വ്യവസ്ഥകള്‍ ഏതു വാര്‍ത്തയുടെ പേരിലും മാധ്യമ പ്രവര്‍ത്തകര്‍ കേരളത്തിലെ ഏതു പൊലീസ് സ്റ്റേഷനിലും ക്രിമിനല്‍ കേസ് പ്രതിയാകാനുള്ള സാഹചര്യമാണു സൃഷ്ടിക്കുന്നത്. വാര്‍ത്തകള്‍ക്കു പൊലീസ് കൂച്ചുവിലങ്ങിടുന്ന ഈ അവസ്ഥ ജനാധിപത്യ സമൂഹത്തിന് ഒട്ടും ഭൂഷണമല്ലെന്നും അദ്ദേഹം പറഞ്ഞു.

മാധ്യമങ്ങള്‍ക്കു മൂക്കുകയര്‍ ഇടാനുള്ള അധികാരം പൊലീസിനെ ഏല്‍പ്പിച്ചാല്‍ അത് ദുരുപയോഗം ചെയ്യാനുള്ള സാധ്യതകള്‍ ഏറെയാണ്. ആയതിനാല്‍ ഈ നിയമ ഭേദഗതിയുടെ പരിധിയില്‍നിന്ന് മാധ്യമങ്ങളെ ഒഴിവാക്കാന്‍ അടിയന്തര നടപടി സ്വീകരിക്കണമെന്ന് ബഹുമാന്യനായ മുഖ്യമന്ത്രിയോടും സര്‍ക്കാറിനോടും അഭ്യര്‍ഥിക്കുന്നും കെ പി റെജി തന്റെ ഫെയിസ്ബുക്ക് പോസ്റ്റില്‍ പറഞ്ഞു.

Next Story